ഒരു ദിവസം അയാൾ സ്വർഗത്തിലേക്കു നേരിട്ടു കയറിച്ചെന്നു. അയാളെക്കണ്ടപ്പോൾ മാലാഖമാർ വഴിമാറിക്കൊടുത്തു. കതകു തള്ളി തുറന്നു അയാൾ ഉള്ളിലേക്ക് കടന്നപ്പോൾ ദൈവം ഒരു കീറപ്പായയിൽ ഉറക്കത്തിൽ ആയിരുന്നു.
അയാളുടെ ഒച്ച കേട്ടപ്പോൾ ദൈവം കണ്ണുതുറന്നു അയാളെ കുറേനേരം നോക്കിക്കിടന്നു. ദൈവത്തിനു സുഖമില്ലാത്തതു പോലെ അയാൾക്ക് തോന്നി. ചോദിക്കാൻ കൂട്ടിവച്ചിരുന്ന ചോദ്യങ്ങൾ എല്ലാം അയാളുടെ ഓർമകളിൽ നിന്നും മാഞ്ഞുപോയി. ദൈവത്തിനു തീരെ വയ്യയെന്നു തോന്നുന്നു. മാലാഖമാരോടായി അയാൾ തട്ടികയറി.
”നിങ്ങളെന്താ ദൈവത്തെ ഹോസ്പിറ്റലിൽ ഒന്നും കൊണ്ടുപോകാത്തത്. ദൈവത്തെ നിങ്ങള്ക്ക് നോക്കാൻ വയ്യായെങ്കിൽ ഞാൻ കൊണ്ടുപോയി നോക്കിക്കൊള്ളാം.”
മാലാഖമാർ ഒന്നും പറഞ്ഞില്ല. അവൻ ദൈവത്തിന്റെ കണ്ണുകളിലേക്ക് ഒന്നുകൂടെ നോക്കി..അപ്പോൾ ദൈവത്തിന്റെ കാലുകൾ പുതപ്പിനുള്ളിൽ നിന്നും വെളിയിലേക്ക് നീണ്ടു വന്നു…
വ്രണം പൊട്ടിയൊലിക്കുന്ന കാലുകൾ…. ദൈവത്തിന്റെ കൈ അവന്റെ നേരെ നീണ്ടുവന്നു… ആ കൈകളിലും വ്രണങ്ങൾ….. ആണിപ്പാടുകൾ.. അഴുകി ദ്രവിച്ചുപോയ വിരലുകൾ…. അയാൾക്കതു കണ്ടു നിൽക്കാൻ കഴിഞ്ഞില്ല… അയാളുടെ നെഞ്ചുപൊട്ടി…. സ്വർഗത്തിന്റെ പടികൾ ഓടിയിറങ്ങി വിളിച്ചു പറഞ്ഞു “ദൈവത്തിനു തീരേ വയ്യ” ഓർമകളിൽ നിന്നും അയാൾ തിരിച്ചു വന്നപ്പോൾ… ഏതോ ഒരു ഹോസ്പിറ്റലിന്റെ ICU വിലായിരുന്നു. ആരോ പറയുന്നതു കേട്ടൂ.
“കാലും കൈയ്യും മുറിച്ചു കളയണമെന്ന അവസ്ഥയിലായിരുന്നു. ഇയാളു മാത്രം രക്ഷപെട്ടു….”
അയാൾ പിന്നെ ഒന്നും കേട്ടില്ല. അയാൾക്ക് നല്ല ഓർമയുണ്ട്.. കായലിലെ വെള്ളത്തിലൂടെ സ്വർഗത്തിൽ നിന്നും നീണ്ടു വന്ന ആ ആണിപ്പഴുതുള്ള കൈ…. തന്നെ പിടിച്ചുകയറ്റിയ ആ ദൈവത്തിന്റെ കൈ…