ദൈവം യോജിപ്പിച്ചതിനെ…

കരയെത്തും വരെ
ഓരോ തിരയെയും
കാക്കുന്നില്ലേ വന്‍കടല്‍ ?

തനിക്കു വേണമെന്നു നിങ്ങള്‍
കരുതുന്നതിനെക്കാള്‍
തുണ വേണം നിങ്ങള്‍ക്ക്.

– ജലാലുദ്ദീന്‍ റൂമി

മജ്നുവിന്റെ കണ്ണുള്ളവര്‍ക്കേ
ലൈലയുടെ സൗന്ദര്യം കാണാന്‍ കഴിയൂ

‘ലൈല മജ്നു’വില്‍ , ലൈലയുടെ വീട്ടില്‍നിന്ന് പുറത്തേക്കു വന്ന ആടിനെ ചുംബിച്ച മജ്‌നുവിനോട്, അവിടെ നില്‍പ്പുണ്ടായിരുന്ന ഭിക്ഷക്കാരന്‍ ചോദിച്ചത് , എടാ ഭ്രാന്താ, നീ എന്താണീ കാണിക്കുന്നത് , വൃത്തികെട്ട ഒരാടിനെയാണോ ചുംബിക്കുന്നത് എന്നാണ്..

നിന്റെ കണ്ണുകളില്‍ അതൊരു മൃഗം മാത്രമാണ്. എന്റെ ലൈലയുടെ അടുത്തൂകൂടെ നടന്നു പോയ, ചിലപ്പോള്‍ അവള്‍ ചുംബിച്ചേക്കാവുന്ന ഒരാടാണ് എനിക്കത്. അതിനാല്‍ അതിനെ ചുംബിക്കുമ്പോള്‍ ഞാന്‍ ലൈലയെയാണ് ചുംബിക്കുന്നത് എന്നായിരുന്നു മജ്നുവിന്റെ മറുപടി. നീ ഇത്രമേല്‍ ഭ്രാന്തനാ കാന്‍ മാത്രമുള്ള സൗന്ദര്യമൊന്നും അവള്‍ക്കില്ലെന്ന് കുറ്റപ്പെടുത്തിയവരോടാകട്ടെ , മജ്നുവി ന്റെ കണ്ണുള്ളവര്‍ക്കേ ലൈലയുടെ സൗന്ദര്യം കാണാന്‍ കഴിയൂ എന്നായിരുന്നു മജ്നുവിന്റെ മറുപടി !

വീട്ടുകാരാല്‍ തടവിലാക്കപ്പെട്ട ലൈലയെ തേടി മജ്നു കാട്ടിലൂടെ അലഞ്ഞതും , തനിക്ക് സമ്മതമില്ലാത്ത , നിര്‍ബന്ധിത വിവാഹത്തിന് ശേഷം കൊട്ടാരം വിട്ടിറങ്ങിയ ലൈല മജ്നുവിനെ തേടി കാട്ടിലലഞ്ഞതും ഒടുവില്‍ ഇരുവരും കണ്ടുമുട്ടിയെങ്കിലും ലൈലയുടെ മാതാവ് അവളെ മജ്നുവില്‍നിന്ന് പറിച്ചെടുത്ത് കൊണ്ട് പോയതും പ്രണയ വിരഹത്താല്‍ , ലൈല , അവശയായി മരിച്ചതും നല്‍കുന്ന സന്ദേശം , പ്രണയിക്കാതിരിക്കുക അഥവാ , പ്രണയിച്ചാല്‍ വേര്‍പെടാതിരിക്കുക, അവരെ വേര്‍പെടുത്താതിരിക്കുക എന്നതാണ്.

സൗന്ദര്യമോ വൈരൂപ്യമോ, സമ്പത്തോ ദാരിദ്ര്യമോ ആലോചനാ വിഷയമാക്കാതെ ,
അയല്‍ക്കാരുമായോ കൂട്ടുകാരുമായോ പരസ്പരം താരതമ്യം ചെയ്യാതെ ഭാവിയെകുറിച്ച് കൂടുതല്‍ ആശങ്കപ്പെടാതെ , കുചേലനെ കുബേരനാക്കിയതും കൊട്ടാരം വിട്ടിറങ്ങിയ ഗൗതമ ബുദ്ധനെകൊണ്ട് ഭിക്ഷയെടുപ്പിച്ചതും ഒരേ ശക്തിയാണെന്ന് മനസ്സിലാക്കിയും , ഒരാള്‍ ഉഹ്ദ് മലയോളം ഉയരത്തില്‍ സ്വര്‍ണം ദാനം ചെയ്താലും വിധിയില്‍ വിശ്വസിക്കാത്ത കാലത്തോളമയാള്‍ ദൈവ വിശ്വാസിയാവു കയില്ലെന്ന് ബോധ്യപ്പെട്ടും ദാമ്പത്യജീവിതം നയിച്ചാല്‍ , ഇനി അതൊന്നുമില്ലെങ്കിലും,
ഓരോ പ്രവൃത്തിക്കും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്നും ഓരോ കയറ്റത്തിനും ഓരോ ഇറക്കവും ഓരോ തമസ്സിനും ശേഷം വെളിച്ചമുണ്ടാകുമെന്നും തിരിച്ചറിഞ്ഞ് , ഓരോ ഭാര്യയും ലൈലയായും ഓരോ ഭര്‍ത്താവും മജ്നുവായും മാറിയാല്‍ ആ വീട്ടിലേക്ക് നിത്യാനന്ദത്തിന്റെ തേനരുവികള്‍ ഒഴുകി വരികയും മനസ്സമാധാനത്തിന്റെ പൂങ്കുയിലുകള്‍ പാടിയണയുകയും ചെയ്യും.

മാതാപിതാക്കള്‍ സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും കഴിയുന്ന വീട്ടിലെ മക്കള്‍ക്ക് ഉല്‍കൃഷ്ടമായ മാതൃക മാത്രമല്ല , അയല്‍ക്കാര്‍ക്ക് ആശ്വാസവും ആശ്രയവും പ്രദാനം ചെയ്യുമത്. ഇത്തരം ദാമ്പത്യ ജീവിതങ്ങള്‍ കാണുന്നവരില്‍ പോലും ക്രിയാത്മകവും ഗുണപരവുമായ മാറ്റങ്ങളുണ്ടാക്കും. എന്നാല്‍ , മാതാപിതാക്കളില്‍ കാണുന്ന സ്നേഹശൂന്യതയും വിശ്വാസ രാഹിത്യവും വഴക്കുകളും വാശികളും മക്കളുടെ മാനസിക അപഭ്രംശങ്ങള്‍ക്ക് കാരണമാവുകയും അതുവഴി മക്കളുടെ ഭാവിജീവിതം മാത്രമല്ല, വരും തലമുറയുടെ ദാമ്പത്യ പരാജയത്തിന് ഹേതുവാവുക പോലും ചെയ്തേക്കാം.

കമിതാക്കളിലല്ല , ദമ്പതികളിലാണ് പ്രണയവും പ്രണയത്തിന്റെ തീവ്രതയും നിഷ്കളങ്കതയും നിസ്വാര്‍ത്ഥതയും ഉണ്ടാകേണ്ടത്. “നിങ്ങളില്‍ ഉത്തമന്‍ നിങ്ങളുടെ ഭാര്യമാര്‍ക്ക് ഉത്തമമായ വരാണ്”എന്ന പ്രവാചക വചനമുള്ളതിനാല്‍ , ക്രിസ്തു സഭയെ സ്നേഹിച്ചത് പോലെ
ഭര്‍ത്താക്കന്‍മാരോട് ഭാര്യമാരെ സ്നേഹിക്കാന്‍ ഉപദേശമുള്ളതിനാല്‍ , ഓരോ ഭര്‍ത്താവും തനിക്ക് ലഭിച്ച ഭാര്യയുടെമേല്‍ മജ്നു(ഭ്രാന്തന്‍ )വാകട്ടെ !

“സൃഷ്ടികള്‍ക്കു സ്രഷ്ടാംഗം അനുവദനീയമായിരുന്നെങ്കില്‍ ഭാര്യയോട് ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുമായിരുന്നു”വെന്ന ദിവ്യ വചനമുള്ളതിനാലും , ഭര്‍ത്താവിനോടുള്ള കടമകള്‍ പരിപൂര്‍ണ്ണമായി നിറവേറ്റാതെ പ്രപഞ്ചത്തിന്റെ ഉടമയോടുള്ള കടമകള്‍ നിറവേറ്റാന്‍ സ്ത്രീക്ക് സാധ്യമല്ലെന്ന വിശ്വഗുരുവിന്റെ സന്ദേശമുള്ളതിനാലും , ഒരു ഭാര്യ തന്റെ മനസ്സും ശരീരവും ഭര്‍ത്താവിന് മാത്രം സമര്‍ പ്പിക്കട്ടെ ! ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ദാമ്പത്യമാകുന്ന ആരണ്യകത്തിലൂടെ ലൈലയായി അലയട്ടെ !

മനുഷ്യന്‍ അച്ഛനെയും അമ്മയേയും വിട്ട് ഭാര്യയോട് പറ്റിച്ചേരും. ഇരുവരും ഒരു ദേഹമായി ത്തീരും. അതുകൊണ്ട് അവര്‍ മേലാല്‍ രണ്ടല്ല ഒരു ദേഹമത്രെ ! ആകയാല്‍ ദൈവം യോജിപ്പി
ച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത് എന്നാണ് വിശുദ്ധ മത്തായി സുവിശേഷമറിയിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here