ദൈവം, അമ്മാവൻ, അമ്മായി പിന്നെ ഞാനും

 

 

 

 

 

 

വകയിൽ എന്റെ ഒരു അമ്മാവനാണ് ദൈവം!

വിഷുവിനു കൈനീട്ടം തരും. ഓണത്തിന് കോടിയെടുത്തു തരും.
ചെറുകുന്നത്തമ്മയുടെ ഉത്സവത്തിനു വട്ടപ്പന്തലിൽ തോളത്തിരുത്തി കൊമ്പനാനകളുടെ എഴുന്നള്ളത്ത് കാട്ടിത്തരും.

ഞാൻ മുതിർന്നപ്പോൾ, സ്വന്തം കാലിൽ നിൽക്കാറായപ്പോൾ
ഒരു ദിവസം അമ്മാവനെ കാണാതായി. എന്നെ വൈകാരികമായി നടുക്കിയ ഒരു ആകസ്മിക സംഭവമായിരുന്നു അത്. നന്നേ ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടപെട്ട എനിക്ക് ആ തീരോധാനം ഒരു രണ്ടാം അനാഥത്വം സമ്മാനിക്കുകയായിരുന്നു.

പലരും പലതും പറഞ്ഞു:

“അയാക്ക് ണ്ടപ്പാ പൊള്ളാച്ചീല് ബേറൊരു സെറ്റപ്പ്. ഏതോ ഒരു തമിഴത്തീല് മൂന്ന് അണ്ണാച്ചിക്കുട്ട്യോള് !”

“നമ്പ്യാര് ഹരിദ്വാറിൽ സംന്യസിക്കാൻ പോയതാവും. മൂപ്പർ വെടി വെച്ച് വീഴ്ത്താത്ത എന്തെകിലും ഈ നാട്ടിൽ ബാക്കീണ്ടാ. കടവാതിൽ, കുയിൽ, കൊക്ക്, മെരു, പന്നി, മുള്ളൻപന്നി, നീർനായ. ഗംഗേല് പോയി ഒരു മുതലയെപ്പോലെ മുങ്ങി കുളിച്ചാലും അയാൾ ചെയ്ത പാപൊന്നും ഇജമ്മം തീരാൻ പോണില്ല.”

“പുള്ളിക്കാരന്റെ ചിട്ടിക്കമ്പനി പൊളിഞ്ഞില്ലേ. കുറി വിളിച്ചെടുക്കാത്ത വരിക്കാർക്ക് ഇനി എന്തോന്ന് എടുത്തു കൊടുക്കും. അവരെ പേടിച്ചിട്ട് മുങ്ങ്യതാരിക്കും കള്ള ബഡുക്കൂസ് !”

അമ്മായി അതൊന്നും വിശ്വസിച്ചതില്ല.

“ഒറപ്പാ, ഇന്നല്ലെങ്കിൽ നാളെ മടങ്ങിവരും. വരുമെന്ന് രാമൻ ഗുരുക്കൾ രാശി നോക്കി പറഞ്ഞതാ. ഓറ് ന്റെ മടീല് കിടന്നേ മരിക്കൂ.”

അമ്മായിയെയോ രാമഗുരുവിനേയോ ഞാനെന്തിനു അവിശ്വസിക്കണം. ഞാനും ക്ഷമയോടെ കാത്തിരിക്കയായിരുന്നു വകയിൽ ഒരു ദൈവമായ എന്റെ പൊന്നമ്മാവനെ.

പിന്നീട് ഒരിക്കൽ ഒരു പാതിരാ സ്വപ്നത്തിലൂടെയാണ് ദൈവം എന്നോട് സ്ഥിരീകരിക്കുന്നത്. മോനെ, നിന്റെ അമ്മാവൻ ഇനി
മടങ്ങി വരില്ല. തുലാ മാസം ഒന്നാം വെള്ളിയാഴ്ച മൂവന്തിക്ക് വളപട്ടണം പാലത്തിൽനിന്നു ചാടി അഴീക്കലിലും അടിയാതെ നേരെ അറബിക്കടലിലേക്ക് ഒഴുകിപ്പോയ ആൾ സംശയിക്കേണ്ട നിന്റെ അമ്മാവണ് തന്നെ.

സ്വപ്നത്തിൽ ദൈവം അമ്മാവനായി വന്നതാണോ അതോ അമ്മാവൻ ദൈവക്കരുവായി തിരിച്ചു വന്നതാണോ ? പുലരുവോളം പുകഞ്ഞു ആലോചിച്ചുവെങ്കിലും എനിക്ക് ഒരു ഉത്തരം കിട്ടിയില്ല . ജീവിതത്തിലെ സന്നിഗ്ദ്ധതയ്ക്കു വഴങ്ങുകയല്ലാതെ എന്റെ മുന്നിൽ മറ്റൊരു വഴി ഉണ്ടായിരുന്നില്ല.

അമ്മാവനെ ചതിച്ചു ജീവിക്കാൻ തുടങ്ങിയ അമ്മായിയോട് ആ വിവരം പറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ
അതിനുള്ള ധൈര്യം എനിക്കുണ്ടായില്ല. ആ തീരോധാനരഹസ്യം എന്നിൽ നിന്ന് ഒരിക്കലും വെളിയിലേക്കു കടക്കരുത്.. ഞാൻ മരിക്കുമ്പോൾ അതും എന്നോടൊപ്പം മരിക്കട്ടെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരണ്ടു കള്ളന്മാര്‍
Next articleവാടിക്കരിഞ്ഞൊരെൻ…
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here