അമ്മയ്ക്കു പകരം
ചിറ്റമ്മ വന്നു
ആഹാരം കൊടുത്തു തുടങ്ങിയതിൽ പിന്നെയാണ്
കുഞ്ഞിന്
ദഹനക്കേടിന്റെ
അസുഖം വന്നത്.
ദഹിക്കാത്തതാണെന്നറിഞ്ഞിട്ടും
സമയാസമയങ്ങളിൽ
കണ്ണുരുട്ടിയും
വടിയെടുത്തും
പഴകിപ്പുളിച്ചതും
പാതിവെന്തതുമായ
ഭക്ഷ്യവസ്തുക്കൾ
കുത്തിത്തിരുകിക്കൊടുക്കുന്നു.
ഛർദ്ദിക്കാതിരിക്കാൻ
വായ അമർത്തിപ്പിടിക്കുന്നു.
എന്നിട്ട്
ചെറിയ അപശബ്ദങ്ങളായും
ദുർഗന്ധമായും
പുറത്തു കടക്കുമ്പോൾ
ചിറ്റമ്മയ്ക്കു പരാതിയാണ്.
എന്തൊരു നാറ്റം?
എന്തൊരു ശബ്ദം ?
ഉറങ്ങാൻ സമ്മതിക്കില്ല!
പുറത്തു കടക്കാൻ കഴിയാതെ
ജയിലിലിട്ടവന്റെ
വിങ്ങൽ ആർക്കു മനസ്സിലാവും?
അവസാനം
സ്വാതന്ത്ര്യത്തിന്റെ
ആ ചെറു വഴികളും
അടക്കുമ്പോൾ
വിരൽ തുമ്പുകൾ
വരികളായി ഒച്ച വെക്കുമ്പോൾ
ശബ്ദവും ഗന്ധവും തടുക്കാൻ
കരങ്ങൾ തികയാതെ വരും.
ഓർമ്മയുണ്ടാവുക…