പ്രഥമ ഡി.ലിറ്റ് പുരസ്‌കാരങ്ങൾ ഗവര്‍ണര്‍ വിതരണം ചെയ്തു

 

തിരൂരിലെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ പ്രഥമ ഡി.ലിറ്റ് ബിരുദദാനം (ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്) കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു.

നല്ല സാഹിത്യത്തെയും മികച്ച എഴുത്തുകാരെയും തിരിച്ചറിഞ്ഞ് അംഗീകാരം നല്‍കാനുള്ള മലയാള സര്‍വകാശാലയുടെ തീരുമാനം യുവ എഴുത്തുകാര്‍ക്കും സാഹിത്യ പ്രേമികള്‍ക്കും പ്രചോദനമാകുമെന്ന് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പറഞ്ഞു.

ഭാഷയിലും സാഹിത്യത്തിലും കലാസാംസ്‌കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട്, പ്രൊഫ. സ്‌കറിയ സക്കറിയ, സി. രാധാകൃഷ്ണന്‍, വി.എം. കുട്ടി എന്നീ നാല് വിശിഷ്ട വ്യക്തികള്‍ക്കാണ് തിരൂര്‍ മലയാളസര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഡി.ലിറ്റ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മാപ്പിളപ്പാട്ട് കലാകാരനും ഗവേഷകനും എഴുത്തുകാരനുമായ വി.എം. കുട്ടിക്കാണ് ആദ്യ ഡി.ലിറ്റ് ബിരുദം ഗവര്‍ണര്‍ സമ്മാനിച്ചത്. ഏതെങ്കിലും സമുദായത്തിന്റെ ഭാഗമെന്ന നിലയില്‍ തളച്ചിടാതെ മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതിനും മേഖലയിലെ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് ഡി.ലിറ്റ് ബിരുദം നല്‍കിയത്. ജ്ഞാനപീഠ ജേതാവും മഹാകവിയുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് മരണാനന്തര ബഹുമതിയായാണ് ഡി.ലിറ്റ് ബിരുദം സമ്മാനിച്ചത്. അക്കിത്തത്തിന്റെ മകന്‍ അക്കിത്തം വാസുദേവനാണ് ഗവര്‍ണറില്‍ നിന്ന് ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങിയത്. നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണന് വേണ്ടി എഴുത്തുകാരന്‍ കെ.പി രാമനുണ്ണിയും ഭാഷാപണ്ഡിതനും ഗവേഷകനുമായ പ്രൊഫ. സ്‌കറിയ സക്കറിയക്ക് വേണ്ടി വൈസ്ചാന്‍സലര്‍ അനില്‍ വള്ളത്തോളും ബിരുദം ഏറ്റുവാങ്ങി. ഇരുവരും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ചടങ്ങിനെത്താതിരുന്നത്.

വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, നിര്‍വാഹക സമിതി അംഗം കെ.പി. രാമനുണ്ണി, രജിസ്ട്രാര്‍ ഡോ. ഡി. ഷൈജന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.എം. റെജിമോന്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English