മുയൽക്കുട്ടൻ പതിയെ തല പുറത്തേക്കിട്ടു നോക്കി. മഴ അൽപം തോർന്നിരിക്കുന്നു. രണ്ടുദിവസമായി തകർത്തു പെയ്യുകയായിരുന്നു.മഴ മാത്രമല്ല നല്ല കാറ്റും. വീട് പറന്നു പോകുമോ എന്നു പോലും സംശയിച്ചു. മഴ തോർന്നെന്ന് കണ്ടപ്പോൾ എല്ലാവരും പതിയെ പുറത്തിറങ്ങാൻ തുടങ്ങി.
കൂട്ടുകാർ ആരെങ്കിലും ആ കൂട്ടത്തിലുണ്ടോയെന്ന് മുയൽ നോക്കി. അവന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ കിട്ടൻ മുയലിനെ അപ്പോഴാണ് കണ്ടത്. സന്തോഷത്തോടെ അവൻ വീട്ടിൽ നിന്ന് പുറത്തിറങ്ങി. എത്ര നാളായി തമ്മിൽ കണ്ടിട്ട്. അവർ സന്തോഷം പങ്കു വെച്ചു. കിട്ടു മുയൽ പറഞ്ഞൂ.
‘’ വേഗം വാ കുട്ടാ,ഇന്നല്ലെ കാവിലെ ഉൽസവം.’’
‘’അയ്യോ വേണ്ട അച്ഛനും അമ്മയും വീട്ടിലില്ല.അവരോട് പറയാതെ ഞാൻ വരില്ല.’’ കുട്ടൻ പറഞ്ഞു.
‘’ അതൊന്നും സാരമില്ല.അവരെത്തും മുമ്പ് നമുക്ക് തിരിച്ചു വരാം.’’ കിട്ടൻ നിർബന്ധിച്ചു.
മനസില്ലാ മനസ്സോടെ കുട്ടൻ കിട്ടന്റെ പുറകെ നടന്നു. ഉൽസവത്തിന്റെ തിരക്കിലൂടെ രണ്ടു പേരും ഓടിക്കളിച്ച് നടന്നു. കിട്ടുമുയൽ അവനൊരു ബലൂൺ വാങ്ങിക്കൊടുത്തു. ചെണ്ടമേളവും വെടിക്കെട്ടുമൊക്കെ കഴിഞ്ഞപ്പോൾ സമയം ഒത്തിരി വൈകി. പേടിച്ചു പേടിച്ചാണ് തിരികെ വീട്ടിലേക്ക് ചെന്നത്.
പറയാതെ പോയതിന് അച്ഛൻ മുയൽ രണ്ടു തല്ല് കൊടുത്തു. അമ്മ മുയൽ കുറെ വഴക്കും പറഞ്ഞു. എങ്കിലും ഉൽസവത്തിന്റെ രസകരമായ കാഴ്ച്ചകൾ വെച്ച് നോക്കുമ്പോൾ അതൊന്നും കുട്ടന് കാര്യമായി തോന്നിയില്ല. പക്ഷേ ഉൽസവക്കാഴ്ച്ചകളുടെ മധുരം നുണഞ്ഞു കൊണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ അവൻ ഒന്ന് തീരുമാനിച്ചിരുന്നു. ഇനി ഒരിക്കലും അച്ചന്റെയും അമ്മയുടെയും അനുവാദമില്ലാതെ എങ്ങും പോകില്ല
.അവനെ തലോടിക്കൊണ്ട് അമ്മ മുയൽ പറഞ്ഞു. ‘’ മോനെ നോവിക്കാൻ വേണ്ടിയല്ല കേട്ടോ തല്ലിയതും വഴക്കു പറഞ്ഞതും.ഞങ്ങളുടെ വിഷമം കൊണ്ടാ. വലുതാകുമ്പോൾ മോനത് മനസ്സിലാകും. ‘’
എല്ലാം മനസ്സിലായ മട്ടിൽ മുയൽ കുട്ടൻ ചിരിച്ചു.
Click this button or press Ctrl+G to toggle between Malayalam and English