ത ണുത്തു വിറച്ചു കിടക്കുന്ന താഴ്വാരങ്ങളിലൂടെ അകലേയ്ക്ക് സുൽത്താനയുടെ കണ്ണുകൾ നീണ്ടു.കനത്ത തണുപ്പിനൊപ്പം കടുത്ത ഭീതിയുംഅവളുടെ സിരകളിലേക്ക് ഇരച്ചു കയറി.അകത്തേക്ക് അടിച്ചു കയറുന്ന ശീതക്കാറ്റിനെ പ്രതിരോധിക്കാൻ വലിച്ചിട്ടിരുന്ന ജനൽ കർട്ടൻ മെല്ലെ നീക്കി നോക്കി.അഹമ്മദോ മക്ബൂലോ വരുന്നുണ്ടോ?എത്ര ദിവസമായി ഇങ്ങനെ പ്രതീക്ഷയോടെ നോക്കാൻ തുടങ്ങിയിട്ട്. താഴ്വരയിൽ വീണ്ടും വെടിയൊച്ച മുഴങ്ങാൻ തുടങ്ങിയ നാളുകളിൽ അവരെ കാണാതായതാണ്. എന്നും തനിക്കും ബാപ്പയ്ക്കും തുണയായിരുന്ന ഇളയ സഹോദരങ്ങൾ..
വീട്ടിലെ സാധനങ്ങളൊക്കെ തീർന്നിരിക്കുന്നു.ഓരോന്നും തീരുമ്പോൾ മക്ബൂലോ അഹമ്മദോ ആണ് എത്തിച്ചിരുന്നത്.ദാൽ തടാകത്തിൽ വിനോദസഞ്ചാരികളെയും കൊണ്ട് കറങ്ങുമ്പോൾ കിട്ടുന്ന നാമമാത്രമായ വരുമാനം കൊണ്ടാണ് അവർ കുടുംബം പുലർത്തിയിരുന്നത്.പ്രായമായ ബാപ്പയും വയ്യാതെ വീട്ടിലിരിക്കുന്നു.തങ്ങളുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയ ഉമ്മയുടെ ഓർമ്മകൾ ആപ്പിൾ പോലെ മധുരം നൽകി ഇന്നും കൂട്ടിനുണ്ട്.
ദാലിലെ സുവർണ്ണകാലങ്ങൾ നിലയ്ക്കാത്ത ചുമയ്ക്കിടയിലും ബാപ്പ ഓർത്തെടുത്ത് പറയും.മക്കളുടെ കാലമായപ്പോഴേക്ക് ആപ്പിളിനും കുങ്കുമത്തിനുമൊപ്പം വെടിയൊച്ചയ്ക്കും പ്രശസ്തമായി നാട്.വല്ലപ്പോഴും വരുന്ന ചുരുക്കം സഞ്ചാരികൾ മാത്രമായി.ഏറ്റുമുടലുകൾ ശക്തമായതോടെ അതും ഇല്ലാതായ സ്ഥിതിയാണ്.ആരെയൊക്കെയോ ശപിക്കുന്ന ബാപ്പയുടെ ശബ്ദം അകത്തു നിന്നു കേട്ടു.’’നീ ഇനിയും കടയിൽ പോയില്ലേ?’’—ബാപ്പയുടെ ഹുക്കയിൽ നിറയ്ക്കുന്ന പുകയിലയും തീർന്നിരിക്കുന്നു.എങ്ങനെ കടയിൽ പോകാനാണ്.കർഫ്യൂവിൽ പട്ടാളം മാത്രം ഇളവനുവദിച്ചാൽ പോര,പുറത്തിറങ്ങാൻ തീവ്രവാദികളുടെ അനുവാദവും വേണം.
നാളുകൾ എത്രയായി ഇതു തുടങ്ങിയിട്ട്.ജവാൻമാരുടെയും നാട്ടുകാരുടെയുമടക്കം എത്ര ജീവനുകളാണ് നഷ്ടമാകുന്നത്.തീവ്രവാദികൾ അതിനിടയിലെവിടെയോ ഇരുന്ന് ചിരിക്കുന്നു.എന്തിനു വേണ്ടിയാണിതെല്ലാമെന്ന് മാത്രം ഇതുവരെ അവൾക്ക് മനസ്സിലായിട്ടില്ല.കണ്ണീർ പുരണ്ട് നീണ്ടു കിടങ്ങുന്ന കുങ്കുമപ്പാടങ്ങളിൽ.. ചോരപുരണ്ടു ചുവന്ന ആപ്പിൾ തോട്ടങ്ങളിൽ ..കണ്ണുകൾ , കണ്ണീരിനിടയിലൂടെ നീണ്ടുപോകുമ്പോൾ ഇടയിലെവിടെയോ തന്റെ സഹോദരങ്ങളുടെ കാലടിയൊച്ചയ്ക്ക് സുൽത്താന കാതോർത്തു.
’’യാ റബ്ബുൽ ആലമീൻ,ഒന്നു പുറത്തിറങ്ങാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ..’’—മനസ്സുരുകി അവൾ പ്രാർഥിച്ചു.അകലെ അപ്പോഴും അശാന്തിയുടെ പുകയുയർത്തി വെടിയൊച്ച മുഴങ്ങി.അവയ്ക്ക് വെന്ത മാംസത്തിന്റെ ഗന്ധമായിരുന്നു കുങ്കുമത്തിന് കണ്ണീരിന്റെയും ആപ്പിളിന് കരിഞ്ഞ കരളിന്റെയും ചുവയായിരുന്നു..