കലാ സാംസ്കാരിക മുന്നേറ്റത്തിനായി ആലങ്ങാട് : വജ്ര ജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാപരിശീലന പരിപാടി

 


കേരള സംസ്ഥാന സാംസ്കാരിക വകുപ്പും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് സൗജന്യ കലാ പരിശീലന പരിപാടിയുടെ ആലങ്ങാട് ബ്ലോക്ക് ക്ലസ്റ്റർതല ഉദ്ഘാടനം പ്രസിഡന്റ് വിജു ചുള്ളിക്കാട് നിർവഹിച്ചു. തദ്ദേശ സ്ഥയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന പരിപാടി കടുങ്ങല്ലൂർ, കരുമാല്ലൂർ, വരാപ്പുഴ, ആലങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പരിപാടി നടത്തുന്നത്. ഇതിൻറെ ഭാഗമായി ആലങ്ങാട് ബ്ലോക്കിൽ ചവിട്ടു നാടകം, ശാസ്ത്രീയ സംഗീതം, നാടൻ പാട്ട്, ചിത്രകല എന്നീ കലാരൂപങ്ങൾക്ക് പഞ്ചായത്തിനു കീഴിൽ തിരഞ്ഞെടുത്ത നാല് കേന്ദ്രങ്ങളിൽ ഉടൻ പരിശീലനം ആരംഭിക്കും.

നാടിന്റെ സാംസ്കാരിക ഉന്നതി നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, കുട്ടികളിലും യുവതീ യുവാക്കളിലും ഒപ്പം മുതിർന്നവരിലും പ്രായഭേദമന്യേ കലാഭിമുഖ്യം വളർത്തുക, കലാ വിഷയങ്ങളിൽ യോഗ്യത നേടുന്നവരെ പ്രോത്സാഹിപ്പിക്കുക, പോയ കാല നാട്ടു നന്മയുടെ നേരറിവുകൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് കലാസാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരന്മാരാണ് പരിശീലകരായി എത്തുന്നത്. ജില്ലയിൽ 23 കലാരൂപങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

പ്രായഭേദമന്യേ പദ്ധതിയുടെ ഭാഗമായി എല്ലാവർക്കും പരിശീലനം നൽകും. സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കലാകാരന്മാരാണ് പരിശീലനത്തിനായി എത്തുന്നത്. ഉദ്ഘാടനത്തിന് ശേഷം വിവിധ കലാകാരൻമാർ അവതരിപ്പിച്ച ഗാനാലാപനം, ചവിട്ടുനാടകം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ബീന ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ ഡോ കവിത കെ. എസ്, ക്ലസ്റ്റർ കൺവീനർ സി കെ ശ്രീകല, ഉപദേശക സമിതി കൺവീനർ ടി സി സാലി തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here