ഇന്നലെ – കാക്ക
കറുത്ത മേനിയിലും
സ്വതന്ത്രയായിരുന്നു.
കൂടുകെട്ടാൻ
ആരുടെയും സമ്മതം
വേണ്ടായിരുന്നു.
അന്നം തേടി
ആരുടെ മുമ്പിലും
കുനിഞ്ഞു നിന്നിരുന്നില്ല.
രുചിയില്ലേലും
ഉള്ളതു തിന്നു
വയറു നിറച്ചിരുന്നു.
ശ്രുതിയില്ലേലും
നീട്ടി കൂക്കിവിളിക്കാമായിരുന്നു.
ഒച്ചവെച്ച്
സമരങ്ങൾ നടത്തി
വിപ്ലവങ്ങൾ തീർത്തിരുന്നു.
തത്ത
………
ശരീര വർണ്ണം
എന്നും ഒരു ബലഹീനതയായിരുന്നു.
ചിറകരിഞ്ഞ്
കൂട്ടിനുള്ളിൽ
അപരർക്കു വേണ്ടി
ചിലച്ചു കൊണ്ടിരിക്കണമായിരുന്നു.
മിണ്ടിയാൽ
അധികപ്രസംഗി.
മിണ്ടാതിരുന്നാൽ
അഹങ്കാരി.
കൂടു തുറന്നു വെച്ചു നീട്ടുന്ന
അരി മണികൾക്കായി
ഉടമയെ വണങ്ങി
കീർത്തനം പാടുമ്പോഴും
പൂട്ടുതുറന്ന്
അനന്തമായ ആകാശങ്ങളിൽ
പാറി നടക്കുന്നതും
സ്വപ്നം കണ്ടിരിക്കുമായിരുന്നു.
ഇന്ന് – കാക്ക
………………….
അദ്ധ്വാനം മടുപ്പാണ്
എച്ചിലുകൾ കുറച്ചിലാണ്
തല കുനിച്ചാലും
വയർ നിറഞ്ഞാൽ മതി
സ്വാതന്ത്ര്യം വെറും
പാഴ്വാക്കാണ്.
ആരെങ്കിലും വന്ന്
കൂട്ടിലടച്ചാൽ
മെയ്യനങ്ങാതെ
തിന്നുകൂടാമായിരുന്നു.
കൂട്ടം കൂടി ബഹളം വെച്ച്
നേടിയെടുത്ത സമരങ്ങൾ
പരുന്തുകൾ റാഞ്ചിക്കൊണ്ടുപോയി.
വിപ്ലവത്തിനായി
വെയിലേറ്റ് കറുക്കുവാൻ
ഇനിയും ആവില്ല.
സ്വന്തമെന്ന് പറയാൻ
വിശാലമായ ആകാശം മാത്രം.
കൂടു പോലും കയ്യേറിയ
കുയിലുകൾക്കായി
ഇനിയും സമരം ചെയ്യാൻ
നമ്മളില്ല.
തത്ത
………
ഈ അടിമത്തം
എത്ര സുന്ദരമാണ്!
സ്വാതന്ത്ര്യത്തിനായി കൊതിച്ച
ദിനരാത്രങ്ങൾ
മനസ് മടുപ്പിക്കുന്നു.
കൂടു തുറന്നു
ഭക്ഷണം തന്ന യജമാനനെ
വാഴ്ത്തി നാവ് കുഴയുന്നു.
അകലങ്ങളിലെ
വിശാലമായ ആകാശങ്ങളേക്കാൾ
അടുത്തുള്ള ഇത്തിരിവട്ടം
എത്ര മനോഹരം!
അന്നം തന്ന യജമാനനെ
വെറുതെ തെറ്റിദ്ധരിച്ചു.
ഇനിയുള്ള കാലം
നല്ലവനായി കഴിയാമെന്ന്
വാക്കു കൊടുക്കാം..