പരസ്യം
പത്രത്തിൽ ഒരു പരസ്യമിടാം:
അടിയന്തിരമായി ആവശ്യമുണ്ട്
പഴയ ചാട്ടവാറുമായി പുതിയ ഒരു പ്രവാചകനെ!
ദേവാലയത്തിന്റെ വിശുദ്ധാങ്കണത്തിൽനിന്നും വെള്ളിമൂങ്ങാ വ്യാപാരികളെയും ഹവാലകളെയും അടിച്ചോടിക്കാനുള്ള ആത്മവിശ്വാസവും അഭിരുചിയും ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം.
അഭിലഷണീയമായ മറ്റു യോഗ്യതകൾ : ഉദ്യോഗാർത്ഥിക്ക് രണ്ടു
സ്വർണ്ണക്കള്ളക്കടത്തുകാരെ അപ്പുറവും ഇപ്പുറവും നിർത്തി, ഒരു മരക്കുരിശിൽ രക്താഭിഷിക്തനായി ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും തൂങ്ങി നിൽക്കാൻ കെൽപ്പുണ്ടാകണം. സ്വന്തം ഭാഷയ്ക്ക് പുറമെ ഹീബ്രു ഭാഷയിലും നൈപുണ്യം നല്ലതാണ്. ശ്രോതാക്കളുടെ നെഞ്ചുപൊട്ടുംവണ്ണം അന്ത്യപ്രാർത്ഥനാമൊഴി ചൊല്ലാൻ അറിഞ്ഞിരിക്കണം : ‘പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ’!
രഹസ്യം
ക്രിസ്മസ് കാർണിവലിലെ ഷോ കാണാൻ ദരിദ്രനായ എനിക്ക് ടിക്കറ്റ് എടുക്കേണ്ടി വരും. സമ്പന്നനായ നിനക്ക് മാജിക് ഷോ ഫ്രീയാണ്. എന്നും അങ്ങനെ തന്നെയായിരുന്നു കാര്യങ്ങളുടെ പോക്ക്. ചിലപ്പോൾ തോന്നാറുണ്ട് നീ തന്നെയാണ് സ്റ്റേജിലെ മജീഷ്യനെന്ന് . ഇത് നീയൊരിക്കലും സമ്മതിച്ചു തരില്ലെന്നറിയാം. സത്യത്തിൽ മജീഷ്യനും മജീഷ്യന്റെ കാലി സിലിണ്ടറും സിലിണ്ടറിൽനിന്നു ക്ഷണം പുറത്തേക്കെടുക്കുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവുകളും, എന്തിനേറെ ആ മായക്കാഴ്ച കണ്ടു അതിശയപ്പെടുന്ന കുട്ടികളുമൊക്കെ നിന്നെപ്പോലെ മജിഷ്യൻമാർ തന്നെ. കുട്ടികളുടെ കണ്ണിൽ ചുവന്ന സാന്താക്ലോസും മറ്റൊരു മഞ്ഞു മജീഷ്യൻ!