ഇതെന്റെ ചോരയാൽ കഴുകുന്നു , ഞാനെൻ
ഹൃദന്തമിതിലായ് കൊരുത്തുവയ്ക്കുന്നു.
ഇതിന്നു ഭീതിക്കലങ്കാരമാകാം,
ഇതിന്നു നീതിക്കൊരപവാദമാകാം.
ഇതെന്റെ രക്തം നനച്ചു തുടച്ചെൻ ,
ജനത്തിനായ്ക്കൊണ്ടു ഞാനേകിടുന്നു.
ഇതങ്ങു നാളേയ്ക്കൊരാശ്രയമാകും ,
ഇതങ്ങു ശാന്തിതൻ അടയാളമാകും .
മരിച്ചുയിർക്കുന്ന മാനവസ്നേഹം
നിനച്ചു ലോകമുൾപ്പുളകങ്ങൾ ചൂടും .
അതിന്നു ഞാനിതാ എന്നെ നൽകുന്നു ,
അതിന്നു ഞാനെന്റെ ഉയിരു നൽകുന്നു.
വരുന്ന കാലങ്ങൾ ഓർത്തങ്ങിരിക്കാൻ
വരണ്ടുപോകുമീ സ്നേഹപ്രവാഹം,
നിറച്ചുവയ്ക്കുന്നു ഞാനീ,ക്കുരിശിൽ
നിറഞ്ഞൊഴുകുന്നൊ,രാത്മപ്രകാശം .
ഇതിന്റെ ദീപ്തി,യകമിഴികൾ തെളിയ്ക്കേ
അകന്നു പോകുന്നൊരനുജനെ തേടും .
(കുരുടനങ്ങനെ കാണാൻ തുടങ്ങും.)
അവന്റെ രോദനം കാതിൽ പതിയ്ക്കും.
(ബധിരനായവൻ കേൾക്കാൻ തുടങ്ങും.)
അവന്നു കരുതലായ് ശബ്ദമങ്ങുയരും .
(മൂകനായവൻ മൊഴിയുതിർത്തീടും.)
വ്യർത്ഥശാസ്ത്രങ്ങൾ താനെ വിട്ടൊഴിയും .
(രോഗിയായവൻ സ്വാന്തനമറിയും.)
അനുജനായങ്ങു തെരുവിൽ ഇറങ്ങും.
(മരിച്ച മർത്ത്യൻ ഉയർത്തെഴുന്നേൽക്കും.)
ഇതെന്റെ വാക്കാ,ണിതെന്റെ വാഗ്ദാനം
അതിന്നു തെളിവിന്റെ നിണമാർന്ന കുരിശും.
തരുന്നു നിങ്ങളിതു സ്വീകരിച്ചാലും
നിറഞ്ഞ സ്നേഹത്തിൻ നിത്യപ്രതീകം.