ഇന്ത്യയിലെ പേരുകേട്ട സാഹിത്യ പുരസ്കാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ക്രോസ് വേഡ് പുരസ്‌കാരത്തിനുള്ള ഈ വർഷത്തെ ചുരുക്കപട്ടിക തയ്യാറായി. വിവർത്തന വിഭാഗത്തിൽ മലയാളത്തിൽ നിന്നും സേതുവിന്റെയും സുഭാഷ് ചന്ദ്രന്റെയും പുസ്തകങ്ങൾ പട്ടികയിൽ ഇടം പിടിച്ചു. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം എന്ന നോവലിന് ഫാത്തിമ ഇ.വി നൽകിയ എ പ്രിഫേസ് ട്ടോ മാൻ ,സേതുവിൻറെ അളിയാ എന്ന കൃതിക്ക് പ്രേമ ജയകുമാർ നൽകിയ ദി സാഗ ഓഫ് മുസിരിസ് എന്നിവയാണ് അവസാന അഞ്ചിൽ ഇടം നേടിയത്.മറാഠിയിൽ നിന്ന് മല്ലിക അമർ ശൈഖിന്റെ ഐ വാണ്ട് ടു ഡിസ്ട്രോയ് മൈസെൽഫ് ,ഹിന്ദിയിൽ നിന്ന് കൃഷ്ണ സോബ്തിയുടെ സിന്ദഗി നാമ കന്നടയിൽ നിന്ന് യു.ആർ.അനന്തമൂർത്തിയുടെ എന്നിവയാണ് ബാക്കി മൂന്ന് പുസ്തകങ്ങൾ.കഥ, ,ബാലസാഹിത്യം,കഥേതര വിഭാഗം,ആത്മകഥ,വിവർത്തനം,ബിസിനസ് മാനേജ്‌മന്റ് ,ആരോഗ്യം എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകപ്പെടും
ക്രോസ് വേഡ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ടതിനെപ്പറ്റി സുഭാഷ് ചന്ദ്രൻ പങ്കുവെച്ച കുറിപ്പ് താഴെ വായിക്കാം:
‘ഇത് നിങ്ങൾക്ക്
ഏറെ പ്രശസ്തമായ ക്രോസ് വേഡ് പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ വിവർത്തന വിഭാഗത്തിൽ ഇടം പിടിച്ചിരിക്കുന്നു ‘മനുഷ്യനൊരാമുഖം’ എന്ന വാർത്ത ഞാൻ എന്റെ പ്രിയവായനക്കാരുമായി പങ്കുവയ്ക്കുന്നതിനു കാരണങ്ങൾ പലതുണ്ട്. അവസാന റൗണ്ടിൽ എത്തിയ അഞ്ചു പുസ്തകങ്ങളിൽ മലയാളത്തിൽ നിന്നുള്ള രണ്ടു നോവലുകൾ ഇടം പിടിച്ചു എന്നതാണ് അതിൽ ഏറ്റവും പ്രധാനം. കൊടുങ്ങല്ലൂരിന്റെ കഥ പറഞ്ഞ ശ്രീ സേതുവും കടുങ്ങല്ലൂരിന്റെ കഥ പറഞ്ഞ ഞാനും ഒരേ നാട്ടുകാർ! രണ്ടുപേരും കടുങ്ങല്ലൂരുകാർ! ഞങ്ങളുടെ പുസ്തകങ്ങൾക്കൊപ്പം ഇടം പിടിച്ചത് ഇക്കഴിഞ്ഞ ജ്ഞാനപീഠം ലഭിച്ച കൃഷ്ണാ സോബ്തിയുടെ പുരസ്കൃത കൃതിയുടെ വിവർത്തനം! പോരാ, നാലാമതുള്ള നോവൽ സാക്ഷാൽ യു. ആർ. അനന്തമൂർത്തിയുടേത്!
ഇവരിൽ ആരുടെ പുസ്തകത്തിനു സമ്മാനം കിട്ടിയാലും ഞാൻ സന്തോഷിക്കും.
ഈയൊരു വലിയ തിരഞ്ഞെടുപ്പിലേക്ക് എന്റെ പുസ്തകത്തെ എത്തിച്ച അതിന്റെ വിവർത്തക ഡോ. ഇ. വി. ഫാത്തിമയ്ക്ക് നമസ്കാരം. എന്നെ യാതൊരു വിധ മുൻപരിചയവും ഇല്ലാതിരുന്നിട്ടും ആ നോവലിനെ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തും എത്തിക്കാൻ അവർ പ്രകടിപ്പിച്ച അസാമാന്യമായ ദൃഢനിശ്ചയത്തിന്.
എങ്കിലും ഈ സന്തോഷം ഞാൻ സമർപ്പിക്കുന്നത് മനുഷ്യന് ഒരു ആമുഖത്തിന്റെ വായനക്കാർക്കാണ്. കാരണം “കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ചവർക്കും ഈ നൂറ്റാണ്ടിൽ ജീവിക്കുന്നവർക്കും” എന്ന് ആദ്യപേജിൽ എഴുതി അതു നിങ്ങൾക്കു സമർപ്പിച്ചപ്പോൾ ഞാൻ പുലർത്തിയ ശുഭാപ്തിവിശ്വാസം ശരിയായിരുന്നു എന്ന് എനിക്കുറപ്പുണ്ടാക്കിത്തന്നത് നിങ്ങളായിരുന്നല്ലോ.
എല്ലാവർക്കും നന്ദി’