എന്റെ പന്തയെ ചുറ്റി നെയ്യാറാണ്, വാർത്തകളിലൊക്കെ ചീങ്കണ്ണി നിറഞ്ഞ നെയ്യാർ..
രാവിലെ പുസ്തവും നിവർത്തി ഇരിക്കുമ്പോൾ
“അയ്യേ ഇതെന്തര് ചീങ്കണ്ണിയെ ചുട്ട് തിന്നെന്നാ”
ന്റെ വീട്ടിലെ ചീങ്കണ്ണിയുടെ കലക്കൻ കമന്റ്
( അമ്മാമ്മ) പിന്നെ ചീങ്കണ്ണിക്കഥകൾ എന്നെ കുഞ്ഞുനാളിൽ ചീങ്കണ്ണിയിൽ നിന്ന് രക്ഷിക്കാൻ ആറുവക്കിൽ നിന്ന് എടുത്ത് ഓടിയതു മുതൽ അവരുടെ ഭർത്താവ് ചീങ്കണ്ണി വേട്ട നടത്തിയതുവരെ.
“എന്നാ നീ വായിര്” ചീങ്കണ്ണിപോയി…
മലയാള കഥാലോകത്തെ മൊത്തം വിഴുങ്ങുന്ന ചീങ്കണ്ണി തന്നെ.
ഈ നൂറ്റി നാല്പത് താളുകൾ കടന്നു പോകുമ്പോൾ അത് നിങ്ങൾക്ക് ബോധ്യമാകും…
മലയാളി വായനലോകം ശീലിക്കേണ്ട പുത്തൻ
വായനാനുഭവങ്ങളാണ് ഈ പത്തു കഥകൾ.
വെറുതെ വന്ന് ഒരു കഥകേട്ട് പോകാം എന്നാണെങ്കിൽ ഈ പുസ്തകം നിങ്ങളുടെതല്ല പതിയെ ഏകാഗ്രത ഒട്ടും കൈമോശം വരാതെ വേണം ചീങ്കണ്ണിയെ പിടിക്കാൻ ഇറങ്ങാൻ..
ആദ്യഭാഗത്ത് “മൂന്ന് പേർ ഹരിതഗേഹതത്തിലേക്ക്”
പോകുന്നു..
പക കാട്ടുപോലെ വളർന്ന് പന്തലിച്ച കഥ തന്നെ ഒറ്റു കൊടുത്തവരെ കുരുത്തികൊടുക്കാൻ ഉണ്ണിത്താൻ അവരെ പ്ലാൻ ചെയ്ത് വനത്തിലെത്തിക്കുന്നു.
എങ്കിലും ഒറ്റുകാരൻ വരാളിന്റെ വേഗത്തിൽ രക്ഷനേടുന്നു. പാവം വെടിയേറ്റ് വീഴുന്നു…
കഥയിൽ ഇനി ഉണ്ണിത്താനും ഒരു കുറുക്കനും ചില സംശയങ്ങളും…
“മിശ്രം” കഥയിലേക്ക് ആരും കടന്നു ചെല്ലാത്ത വഴികളിൽ വായനക്കാരനെ എത്തിക്കുന്നു…
ആ തുരുത്തിന്റെ തെക്കിന്റെയും വടക്കിന്റെയും ഇതിഹാസങ്ങളായി മാറിയ മരുവങ്കോട്ടപ്പന്റെയും ഖാലിസയുടെയും വിവാഹം നടത്താൻ തീരുമാനിക്കുന്നു…
കഥയുടെ തനിയാവർത്തനം ഹരിയിലും ഖാലിസയിലും ആവർത്തിക്കുന്നിടത്തേക്ക് സമുദായങ്ങൾ തീപ്പന്തങ്ങളുമായി എത്തുന്നു..
ഐതീഹ്യങ്ങൾ അംഗീകരിക്കുന്നവർക്ക് യാഥാർത്ഥ്യം എങ്ങനെ ദഹിക്കാൻ പ്രയാസമാകുന്നു..
ഇനിയും അക്ഷരങ്ങൾ ചോദിക്കുക തന്നെ ചെയ്യും…
“സംഘകാലം” പൊലിറ്റിക്കൽ കഥയുടെ നിലവിലെ രുപങ്ങളെ പൊളിച്ചെഴുത്ത് നടത്തുന്നുണ്ട്..
സംഘം വിട്ടുപോകുന്നവന്റെ
മടങ്ങിവരവ് കല്ലുവാഴയാകുന്നതിന്റെ രീതിശാസ്ത്രം ചർച്ചയാക്കുന്നു..
ആശയങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ വർത്തകമാന രാഷ്ട്രീയം എങ്ങനെ പ്രതികരിക്കുമെന്ന് ചുമ്മാ ഓർമ്മിപ്പിക്കുന്നു… ഒരു രാഷ്‌ട്രീയ കൊലപാതകത്തിന്റെ ഛായ ഈ കഥയ്ക്കുണ്ടോയെന്ന് ഇടതു പക്ഷ അനുഭാവിയായ എനിക്ക് സംശയമുണ്ട്…
തീവണ്ടിയിലെ അപരിചിതനെ കഥ എഴുത്ത്കാരന്റെ
ലോക സിനിമയിലെ താത്പര്യത്തെ വല്ലാതെ വിളിച്ച് പറയുന്നുണ്ട്…
വേഗതയുള്ള വിരലുകൾക്ക് മൂർച്ചയുള്ള ആയുധം നൽകി ഭാര്യയുടെ മരണം കാത്തിരിക്കൂന്ന ഭർത്താവ് ഒരു രസികൻ ട്വിസ്റ്റ് തന്നെ…
“കഥാന്തരത്തിന്റെ”പശ്ചാത്തലം നിങ്ങളെ ഞെട്ടിക്കും, ഒരു
പഴകിയബോട്ടിൽ കശാപ്പ്
മാലിന്യങ്ങൾ കായലിന്റെ നടുക്ക് കളയുന്നവന്റെ ഉള്ളിൽ ഖസാഖിന്റെ ഇതിഹാസവും ഒരു മലയാള അദ്ധ്യാപകനും ഇടം പിടിക്കുന്ന ഓർമ്മകൾ ഇതാ അവതരിപ്പിക്കുന്നു…
മക്കൾ വലിച്ചെറിഞ്ഞ് ആ അദ്ധ്യാപകന്റെ ചിതാഭസ്മം കിട്ടാൻ കായലിന്റെ ആഴത്തിലേക്ക് ആ പഴഞ്ചൻ ബോട്ടുടമ ചാടുന്നു…
വ്യാഘ്രപാലകൻ ഭ്രാന്തൻ ദേശിയ പദ്ധതികളെ എല്ലാ
തെളിവുകളും നിരത്തി ട്രോളുന്നതോടൊപ്പം
പുലിവേട്ടകളെ കണക്കിന് പരിഹസിക്കുന്നുണ്ട്…
“ക്രാക്കോഷ്യ” വായിച്ച് മനസിലാക്കാൻ കഴിവുള്ള സംഘികൾ ഇല്ലാത്ത കാലത്തോളം ടി അരുൺ കുമാർ സുരക്ഷിതനായിരിക്കും…
നരേന്ദ്രദാസും, രഘുറാമും ജനാകിയും ഓമനമൃഗവും പിന്നെ ഇന്റർ നെറ്റ് തട്ടിപ്പും ചേർത്ത് സങ്കല്പ രാജ്യം ഉടച്ച് വാർക്കാൻ പുറപ്പെട്ടവരെ കളിയാക്കി കൊല്ലുന്നു..
ദേശീയ രാഷ്ട്രീയത്തിന്റെ നിലവിലെ എല്ലാ പ്രശ്‌നങ്ങളും ചർച്ചയാകുന്ന കഥ…
“ചീങ്കണ്ണിയെ കനായിൽചുട്ടത്” മനുഷ്യരിലെ ഉഭയ ജീവികളെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്തിന്റെ നേർസാക്ഷ്യമാണ്.. ലോക രാജ്യങ്ങൾ അംഗീകരിച്ചതും ദേശീയ തലത്തിൽ സുപ്രീം കോടതിയിൽ പുത്തൻ വിധികളുണ്ടായതുമായ “ഉഭയജീവികളെ”കഥയുടെ രസക്കൂട്ടുകളെല്ലാം ചേർത്ത് അവതരിപ്പിക്കുന്നു.. പുറത്ത് പറയാൻ മടിക്കുന്ന “അനിമ അനിമാസ് ” സങ്കല്പങ്ങളുടെ വലിയ ചർച്ച…
കല്ബുര്ഗിയും,
ഗൗരിയും പൻസാരെയും ഒടുവിൽ ഇളയിടത്തിന്റെ നേർക്കും നീണ്ട തോക്കുകൾക്ക് പിന്നിലെ ഓപ്പറേഷനുകളുടെ ഉള്ളുകളികൾ ചർച്ചയാകുന്ന കഥ..
എഴുത്തുകാരന്റെ പരന്ന വായനയും സിനിമാ പ്രേമവും ഈ കഥ വായിക്കുന്നവർക്ക് സമ്മതിക്കാതെ തരമില്ല. വരും കാലം ഇതൊരു സിനിമയാകുമെന്ന് ഞാനുറപ്പിച്ച് പറയുന്നു…
ഇനിയാണ് ”
ഒരു നക്ഷത്ര രഹസ്യം” വിൻസെന്റ് എന്ന മേക്കപ്പ് അഴിച്ച ഒരു സിനിമാ നായകന്റെ രഹസ്യങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നു…
ഇതാ ഒരു “താര”ത്തിന്റെ
പ്രണയ രഹസ്യം നമ്മുടെ മുന്നിൽ മേക്കപ്പ് അഴിച്ച് നിൽക്കുന്നു..
വായിച്ച് മടക്കുമ്പോൾ
ലോക കഥയിലെ ഏതോ ഒരാളുടെ വിവർത്തനം വായിച്ച പ്രതീതി..
പുസ്തകത്തിന്റെ കെട്ടിലും മട്ടിലും ഉണ്ട് ആ രീതി, ഭാരം കുറഞ്ഞ മഞ്ഞ പേപ്പർ, രസികൻ കവർ ,
പുസ്തകത്തിന്റെ ആകൃതി.. ഈ പുസ്തത്തോട് ആർക്കും കടുത്ത അസൂയ തോന്നിപ്പോകും…
ഇനി ഒരു പുസ്തകം ഇതേ രീതിയിൽ ആകണമെന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്..
ചിന്തയും ചിരിയും ചിത്രകലയുടെ എല്ലാ സാംഗത്യങ്ങളും, സാധ്യതകളും ഉപയോഗിച്ച് കഥ പറയുന്ന അരുൺ
വായണക്കാരനെ അപ്പാടെ വിഴുങ്ങിക്കളയുന്നു.
ഇനി കഥയിൽ ഒഴിച്ചു നിർത്താൻ കഴിയാത്ത ഒരു പേരായിരിക്കും ടി അരുൺ കുമാർ…
ചീങ്കണ്ണിയെ കനലിൽ ചുട്ടത്
ടി അരുൺ കുമാർ
ലോഗോസ് ബുക്സ്
140 താളുകൾ
140/- രൂപ
കടപ്പാട് :കെ എസ് രതീഷ്, പന്ത