ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തുടരും. ടോം മൂഡി, മൈക്ക് ഹെസന്‍ എന്നിവരെ തഴഞ്ഞാണ് ശാസ്ത്രിയെ വീണ്ടും തെരഞ്ഞെടുത്തത്. മുംബൈയില്‍ നടന്ന അഭിമുഖത്തിന് ശേഷമായിരുന്നു കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രഖ്യാപനം.
കപില്‍ ദേവ്, അന്‍ഷുമന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയതാണ് കമ്മിറ്റി. 2021 വരെയാണ് ശാസ്ത്രിയുടെ കാലാവധി. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, ടോം മൂഡി, മൈക്ക് ഹെസന്‍ തുടങ്ങിയവരും അന്തിമ പട്ടികയിലുണ്ടായിരുന്നു. പട്ടികയിലുണ്ടായ വിന്‍ഡീസുകാരന്‍ ഫില്‍ സിമ്മണ്‍സ് അവസാന നിമിഷം പിന്മാറിയിരുന്നു.
അവസാന മൂന്ന് പേരിൽ രണ്ടാം സ്ഥാനത്ത് മൈക്ക് ഹെസനും മൂന്നാം സ്ഥാനത്ത് ടോം മൂഡിയുമാണ് എത്തിയതെന്ന് കപിൽ ദേവ് പറഞ്ഞു. കമ്മറ്റിയുടെ തീരുമാനത്തിൽ ക്യാപ്റ്റൻ വീരാട് കോഹ്ലിക്ക് യാതൊരു സ്വാധീനവും ചെലുത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മൂന്നാം തവണയാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് എത്തുന്നത്.