താങ്കള്‍ വിസിറ്റിംഗ് കാര്‍ഡിന് ചോദിക്കുന്നു
ഒരു കവിയെന്തിനത് കരുതണം, സുഹൃത്തേ?
മുതുകിൽ സ്വന്തം കുടിലും വഹിച്ചു മരുഭൂമികൾ
താണ്ടുന്ന ഒരു സഞ്ചാരിയല്ലേ അവൻ!
പ്രപഞ്ചദാഹമുളളവനെ ഒരൊറ്റ മേല്‍വിലാസത്തില്‍ ഒതുക്കാമോ
സ്രഷ്ടാവിന്റെ സ്വന്തം മൊബൈലില്‍ വിളിച്ചാല്‍
അവനെ കിട്ടാതിരിക്കുമോ
എങ്കിലും പുലരിയില്‍ കാണാം ഒരു പുഴക്കരയില്‍
വിടരുന്ന മൊട്ടുകളോടും പാടുന്ന നാരായണക്കിളിയോടും
ഉദിച്ചുയരുന്ന സൂര്യനോടും പുള്ളിക്കാരനെന്തോ പറയാനുണ്ട്
അല്ലെങ്കില്‍ അവരില്‍നിന്നു അവനേതോ
നിഗൂഢസന്ദേശം കൈപ്പററാനുണ്ട്
വികാരങ്ങളുടെ വയറിളക്കമല്ല അവനു കവിത
ദുരൂഹചിന്തകളുടെ മലബന്ധമല്ല അവനു കവിത
കാല്പനികമായ ഗൃഹാതുരത്വത്തിന്റെ പുനരാവർത്തിയുമല്ല
അവനു കവിത.
പഠിപ്പ് കെട്ട ആ വൈഖരീദാസന്‍ പകല്‍ നീളെ
ഒരു വായനശാലയിലായിരിക്കും;
ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും
വിശ്വ സാഹിത്യങ്ങളുടെയും ഇടയില്‍!
അവന്‍ വൃത്തങ്ങളുടെ നിഷേധി
താളങ്ങളുടെ കാമുകന്‍
മൂകർക്കുവേണ്ടി ചലിക്കുന്ന നാക്ക്
ചൂഷിതർക്കുവേണ്ടി പൊരുതുന്ന ഉടവാൾ
ദുഖാർത്തർക്കുവേണ്ടി അവന്റെ തോൾസഞ്ചിയിൽ എപ്പോഴും കാണും
ഇഴയടുപ്പംകൊണ്ടു കനം പേറാത്ത സൂര്യവാങ്മയത്തിന്റെ കൽക്കം.
വൈകീട്ട് അവന്റെ കാല്‍പ്പാടുകള്‍ തേടിയാല്‍
നിങ്ങള്ക്ക് ഒരു വീഞ്ഞുകടയിലെത്താം
രക്തത്തില്‍ വീന്ഞോഴുകുമ്പോള്‍
വീഞ്ഞിനെക്കാള്‍ ലഹരിയുള്ള ഗാനങ്ങള്‍……
എങ്കിലും അവന്‍ പാടാത്ത ഗാനത്തിനത്രെ
ഏറെ മാസ്മരികത !
രാത്രി അവന് നക്ഷത്രങ്ങളുടെ നര്‍ത്തനശാല
രാവേറെച്ചെല്ലുവോളം
മുല്ലപ്പൂക്കളുടെ മദഗന്ധത്തിനും
മണിച്ചിലന്‍കകളുടെ കിലുക്കത്തിനുമിടയില്‍
അവന്‍ നഷ്ടപ്പെട്ട ഒരു
വാക്കു തേടുകയായിരിക്കും
ഒരു വരിയെഴുതാന്‍ അവന്‍
പതിനായിരം വരി വായിക്കുന്നു
ഒരു നഗരത്തെക്കുറിച്ചു എഴുതാന്‍ നൂറു നഗരം സന്ദര്‍ശിക്കുന്നു
ഒരു തുള്ളി കണ്ണീരിനെക്കുറിച്ച് കുറിക്കാന്
സ്വയം ഒരു കണ്ണീര്ക്കടലില്‍ ആഴ്നിറങ്ങുന്നു
മഴക്കാലത്ത് പെരുമഴയോടൊപ്പം
അവന്‍ തിമിര്‍ക്കുന്നു
മഞ്ഞുകാലത്ത് അവന്‍
മൂടല്‍മഞ്ഞ് പുതക്കുന്നു
അവന്റെ ഋതുപരിഗണനയില്‍
വസന്തത്തിനുശേഷവും
വസന്തത്തിന്റെ ഇടി മുഴങ്ങുന്നു
വേനലില്‍ പകയും രോഷവും നിന്ദയും
നിസ്സംഗതയും നിരാകരണവും
അവന് തപം ചെയ്യാനുള്ള പഞ്ചാഗ്നികളത്രേ!
എഴുത്തച്ഛന്റെ എഴുത്താണിത്തുന്‍പത്ത്
തറച്ചുവെച്ച കര്‍ക്കിടക രാവുകളില്‍
നിഷാദതാളത്തില്‍ വാല്മീകി
അവനുവേണ്ടി നീട്ടിച്ചൊല്ലുന്നത്
ചിതല്പ്പുററില്‍നിന്നു പവിഴം
വിളയിക്കാനുള്ള സൗരമന്ത്രങ്ങൾ!
അവന്റെ ജീവിതയാത്ര സത്യത്തിലേക്കുള്ള ഒരു സ്വപ്നാടനമോ
അതോ സ്വപ്നത്തിലേക്കുള്ള ഒരു സത്യാടനമോ?
പറയൂ, സുഹൃത്തേ, പറയൂ!
Click this button or press Ctrl+G to toggle between Malayalam and English