വാഷിംഗ്ടണ്‍ ഡി.സി.: കൊറോണ വൈറസ് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണെന്ന് ട്രമ്പിന് ഫെബ്രുവരിയില്‍ തന്നെ അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ട്. വാട്ടര്‍ഗേറ്റ് സംഭവങ്ങള്‍ പോലുള്ള പ്രമാദമായ രാഷ്ട്രീയാപവാദങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്ഫവേഡ് തന്റെ പുതിയ പുസ്തകമായ “റേജ്’ ആണ് ഈ വിവരം വെളിപ്പെടുത്തിയിട്ടുള്ളത്. ട്രമ്പുമായുള്ള ആ സംഭാഷണത്തിന്റെ റെക്കോഡും അദ്ദേഹത്തിന്റെ കൈവശം ഉണ്ട്.
പരസ്യമായി കൊറോണ മഹാമാരിയുടെ ഗൗരവം കുറച്ചുകാണിക്കാനാണ് ട്രമ്പ് ആദ്യം മുതലേ ശ്രമിച്ചത്. അമേരിക്ക അതിനെ നേരിട്ടതില്‍ പൊതുവേ പരാജയപ്പെട്ടു എന്നാണ് അമേരിക്കയ്ക്ക് അകത്തും പുറത്തും ഉള്ള സമവായം. മാസ്ക് ധരിക്കുന്നതുവരെയുള്ള പ്രാഥമിക മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ നിന്ന് അനുയായികളെ ട്രമ്പ് നിരുത്സാഹപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ വിലക്കുകള്‍ മറികടന്ന് ട്രമ്പ് തിരഞ്ഞെടുപ്പു റാലികള്‍ സംഘടിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്.