രാഷ്ടീയ പകയുടെ
തീപന്തം കൊളുത്തി
കത്തിയുമായവൻ,
മറ്റവന്റെ,
കുടൽ മാല കീറുവാൻ…
ചീറിയടുത്ത് കൈ വീശവേ???
നിന്നിടം വിറവിറച്ച്
ഘോര ശബ്ദത്താൽ
കൺമുന്നിലെ,
കുന്നിൻ മുകളിൽ നിന്ന്
ഇളകിയടുത്ത പാറക്കല്ല് കണ്ട്
ഇരുവരും,
ഒരുമിച്ച് ഉറക്കെ കരഞ്ഞു.
രക്ഷിക്കണേ…………..
ഒരാൾ കൊലക്കത്തിയിൽ നിന്നും
മറ്റവൻ ഉരുൾ പൊട്ടലിൽ നിന്നും!?…
എല്ലാം കണ്ടു നിന്ന ഭൂമിയമ്മക്ക്
മക്കളുടെ പാതകം അസഹ്യമായിത്തോന്നിയപ്പോൾ
പൊട്ടിയൊലിക്കാതിരിക്കാൻ
സാധ്യമായത്,
ചെയ്തുവെങ്കിലും വിഫലം.
വീടും വസ്തുവും അന്യരായിന്നവർ
ദുരിതാശ്വാസ കേന്ദ്രങ്ങളിൽ
”മനുഷ്യരായി” കഴിഞ്ഞു കൂടുന്നു.
കത്തിയും കൈപ്പത്തിയും
കോണിയും താമരയും തുടങ്ങി,
നിറങ്ങളും ചിഹ്നങ്ങളും
വെച്ച് പുലർത്തുന്ന അസഹിഷ്ണുത,
കുത്തിയൊഴുക്കിന്റെ
ചെളിയിലും ചതപ്പിലും
മറപെട്ട് ആണ്ട് പോവട്ടെ.
നിമിഷങ്ങളിൽ തീരുന്ന
അഹങ്കാരവും അധികാരവും
മാത്രമല്ലേ… നമുക്ക്.
നമുക്ക് മനുഷ്യരാകാം…..
ദുരിതത്തിനിടയിലും
രാജ്യത്തിന്റെ സ്വാതന്ത്ര്യം
മനുഷ്യത്വമുയർത്തിപ്പിടിക്കാൻ
നമുക്ക് പ്രചോദനമാവട്ടെ.
ഹിംസകളന്യമായ സന്തോഷ മണ്ണും
ശാന്തിയായ മഴയും തെളിഞ്ഞ മേഘവും
നമ്മുടെ നാടിന് എന്നുമുണ്ടാവട്ടെ.