വീണപൂക്കളെ നെഞ്ചോടു ചേർത്തു ഞാന്‍
വീണുറങ്ങിയ വഴിയമ്പലങ്ങളെ,
കാറ്റിനോടു കളി പറഞ്ഞീടുവാൻ
കാത്തു നിന്ന കദളീവനങ്ങളെ,
ശിരസ്സിലമൃതം ചൊരിഞ്ഞ വർഷങ്ങളെ,
തനുവിലഗ്നി പടർത്തിയ ഗ്രീഷ്മമെ,
വിജനവീഥിയിൽ വഴിതെറ്റി നിൽക്കവെ,
വചനസൗഖ്യം പകർന്ന മുഖങ്ങളെ,
മനുഷ്യനാകാൻ പഠിയ്ക്ക,യെന്നോതിയെൻ
മനസ്സിൽ ദീപം തെളിച്ച ഗുരുഭൂതരേ,
പൂവിരിച്ചോരു വഴികളിൽ, നോവിന്റെ
മുള്ളൊളിപ്പിച്ച മോഹജാലങ്ങളെ,
അറിവു നെറുകിൽ പകർന്ന സുകൃതങ്ങളെ,
കനിവുണങ്ങാത്ത കാരുണ്യതീർത്ഥമെ,
നിങ്ങളെന്നിൽ നിറച്ച സൗരഭ്യവും,
സ്നേഹസാന്ദ്രമരന്ദവും പേറി ഞാൻ
യാത്ര,യായിരുന്നീ നിമിഷം വരെ,
ആർത്തനായ് നിന്നീ നിമിഷം വരെ.
പാദമിടറുന്നു… ദൂരേയ്ക്കു നോക്കവേ
പാത മുറിയുന്നു, കണ്ണുകള്‍ നിറയുന്നു.
തെല്ലിളവേറ്റു നിൽക്കട്ടെ ഞാനിനി,
തെന്നൽ തഴുകവെ, ചിന്തകൾ നുണയട്ടെ.
വെയിലു ചായുമീ പൂമരച്ചോട്ടിലായ്,
ചുമടിറക്കിയെൻ ചുമലൊന്നു ചാരട്ടെ.
പിൻവിളിക്കുന്നതുണ്ട് ചിലയോർമ്മകൾ,
മുന്നില്‍ നിൽപ്പാണ് മൃതിയെന്ന സത്യവും.
തിമിരമേറുന്നു കണ്ണിൽ ദിനംപ്രതി,
തിരകളാർക്കുന്നു ജീവനിൽ നിത്യവും .
യാത്ര തുടരേണ്ടതെങ്ങനെ ഞാനിനി,
പാത്രമൊന്നില്ല ഭിക്ഷയിരക്കുവാൻ,
പാഥേയമില്ല മുന്നോട്ടു പോകുവാന്‍ .
കാണുവാനേറെയുണ്ടന്നൊരുൾ വിളി,
കേൾക്കുവാനേറെയെന്നൊരു തോന്നലും,
പാതിമുറിയുന്ന വാക്കിൻ അപൂർണ്ണത,
പേറി ഞാൻ പെറ്റു പോറ്റുന്ന വരികളും
മാത്ര,മവശേഷിപ്പതെന്റെ തോൾസഞ്ചിയിൽ.
എങ്കിലും മനസ്സു മന്ത്രിപ്പു പിന്നെയും:
“യാത്ര തുടരുക, തുടർന്നേ പോവുക,
മാത്രകൾ പിന്നിട്ടു പിന്നിട്ടു പോകയായ്.”
ഇനിയെത്ര കാതം നടക്കേണ്ടതറിയില്ല,
ഇനിയെത്ര കാലം നടക്കേണമറിയില്ല.
തണലു നൽകിയ തരുവിനും, ജീവിതം
തനിയെ തീർക്കാൻ വിധിച്ചോരു കനിവിനും
തരളമെൻ വാഴ്വിനാൽ നന്ദി പറഞ്ഞു ഞാന്‍
യാത്ര തുടരട്ടെ, തുടർന്നേ പോകട്ടെ,
മാത്രകൾ പിന്നിട്ടു പിന്നിട്ടു പോകയായ്…