വരുവിൻ, ശ്രീലങ്കയിൽ പോയി അത്താഴം കഴിക്കാം..‘’അടുത്ത ദിവസങ്ങളിൽ എപ്പോഴെങ്കിലും നിങ്ങൾ ഏതെങ്കിലും മാളിൽ പോയിരുന്നോ?’’ രാവിലെ മൊബൈലിൽ അപരിചിതമായ ഒരു കിളി മൊഴി കേട്ട് അമ്പരന്നു.അടുത്തെങ്ങും പോയതായി ഓർക്കുന്നില്ല,പോകാനും സാദ്ധ്യതയില്ല,കാരണം ആറേഴു മാസമായി കൊറോണ ഭീതി കാരണം അടുത്തുള്ള പെട്ടികടയിൽ പോകുന്നതു തന്നെ പേടിച്ച് പേടിച്ചാണ്,അപ്പോഴാല്ലേ സൂപ്പർ മാർക്കറ്റും മാളും.


‘’ഇല്ല മാഡം പോയതായി ഒരു ഓർമ്മയുമില്ല..’’
ഇനി പോയെങ്കിൽ തന്നെ വല്ല സ്വപ്നത്തിലെങ്ങാനും പോയെങ്കിലേ ഉള്ളൂ.ഇനി കുറെ നാളത്തേയ്ക്ക് ടൂറും കറക്കവുമെല്ലാം സ്വപ്നത്തിൽ നടക്കാനുള്ള സാദ്ധ്യതയേ കാണുന്നുള്ളു.
‘’സാർ,എന്നാൽ നേരത്തെ എങ്ങാനും പോയതായിരിക്കും..’’അവർ വിടുന്ന മട്ടില്ല.അല്ല,ഞങ്ങൾ എപ്പോഴെങ്കിലും പോകട്ടെ,അതിന് മാഡം ഇത്ര ടെൻഷനടിക്കുന്നതെന്തിനെന്ന് മനസ്സിലായില്ല.ഇനി വല്ല ആരോഗ്യ പ്രവർത്തകയുമാണോ..സംശയം തീരും മുമ്പ് അടുത്ത വിളി വന്നു.’’സാർ,നിങ്ങൾ പോയപ്പോൾ ഏതെങ്കിലും കൂപ്പൺ പൂരിപ്പിച്ചതായി ഓർക്കുന്നുണ്ടോ?’’ അടുത്ത ചോദ്യം..ഇതെന്താ വല്ല കോടീശ്വരൻ പ്രോഗ്രാമുമാണോ ഒന്നിനു പുറകെ ഒന്നായിങ്ങനെ ചോദ്യങ്ങൾ വരാൻ? ചിലപ്പോൾ കൂപ്പൺ പൂരിപ്പിച്ചു കാണും,പല പ്രദർശനങ്ങൾക്കും മാളുകളിലും പോകുമ്പോൾ ഗിഫ്റ്റ് വൗച്ചറുകൾ കിട്ടാറുണ്ട്,ചിലതൊക്കെ പൂരിപ്പിച്ച് ഇടാറുമുണ്ട്.


എന്നാലും ഒരു കൂപ്പണും സമ്മാനം കിട്ടി എന്ന് പറഞ്ഞു ഇതു വരെ ആരും വിളിച്ചിട്ടില്ല.’’ഏതായാലും നിങ്ങൾ പൂരിപ്പിച്ച് ബോക്സിലിട്ട കൂപ്പണ് സമ്മാനമുണ്ട് എന്ന സന്തോഷ വാർത്ത അറിയിക്കാനാണ് ഞാൻ വിളിച്ചത്..’’ അതു കേട്ടപ്പൊൾ എനിക്കും സന്തോഷമായി,വെറുതെ മാഡത്തെ തെറ്റിദ്ധരിച്ചു.’’കൺട്രി വെക്കേഷന്റെ മൂന്നു ദിവസത്തെ ഫ്രീ അക്കമഡേഷൻ കൂപ്പണാണ് നിങ്ങൾക്ക് അടിച്ചിരിക്കുന്നത്,ഞങ്ങളുടെ ലിസ്റ്റിലുള സ്ഥലങ്ങളിലേക്ക് നിങ്ങൾ ടൂർ പോകുമ്പോൾ അക്കമഡേഷൻ ഞങ്ങളുടെ വക ഫ്രീയായിരിക്കും.പിന്നെ ഫുഡ് കഴിക്കുകയാണെങ്കിൽ അതിന് ഡിസ്കൗണ്ടും ഉണ്ടായിരിക്കും..’’
മാഡം മധുരമായ ശബ്ദത്തിൽ പറഞ്ഞപ്പോൾ എനിക്കൊരു സംശയം.അപ്പോൾ ഞങ്ങൾ ടൂറ് പോകുമ്പോൾ ഫുഡ് കഴിക്കാത്തവരാണെന്നായിരിക്കുമോ മാഡം വിചാരിച്ചിരിക്കുന്നത്, ഫുഡ് കഴിക്കുകയാണെങ്കിൽ എന്ന പ്രയോഗം കേട്ട് സംശയിച്ചു പോയതാണ്,ഇനി വ്രതം നോറ്റു കൊണ്ടാണ് ടൂറ് പോകുന്നതെന്ന് ഓർത്തു കൊണ്ടുമാകാം.


അല്ല അപ്പോഴാണ് ഞാനാലോചിച്ചത്,അവരുടെ പാക്കേജിലുള്ള തായ്ലന്റ്,ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള കാശ് ആരു തരും.സംശയം ചോദിച്ചപ്പോൾ മാഡത്തിന്റെ വിനയപൂർവ്വമുള്ള മറുപടി..’’അതൊന്നും ഞങ്ങളുടെ ഗിഫ്റ്റ് പാക്കേജിലില്ല,ഫ്ളൈറ്റ് ടിക്കറ്റ് നിങ്ങൾ തന്നെ എടുത്ത് ഞങ്ങൾ പറഞ്ഞ സ്ഥലങ്ങളിൽ പോകുകയണെങ്കിൽ മൂന്നു ദിവസത്തെ താമസം ഞങ്ങളുടെ വക ഫ്രീ..ഇനി എന്തെങ്കിലും കഴിക്കുകയാണെങ്കിൽ ഡിസ്കൗണ്ട് റേറ്റ് തരും..’’


അതു ശരി,അപ്പോൾ ഈ കോവിഡ് കാലത്ത് പുറത്തേക്കിറങ്ങാൻ തന്നെ ആളുകൾ പേടിച്ചിരിക്കുന്ന സമയത്ത് കയ്യിലിരിക്കുന്ന കാശു കൊടുത്ത് ടിക്കറ്റെടുത്ത് ടൂറ് പോയി റൂമെടുത്ത് താമസിച്ചാൽ അത് ഫ്രീ..പിന്നെ ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള സാങ്കേതിക വിദ്യയൊന്നും ഇതു വരെ കണ്ടു പിടിച്ചിട്ടില്ലാത്തതു കൊണ്ട് എന്തായാലും ഭക്ഷണം കഴിച്ചു പോകും.അപ്പോൾ അതിന്റെ ചാർജ്ജിൽ നിന്ന് ഈ ഗിഫ്റ്റ് കൊടുക്കുന്ന റൂം വാടക ഈടാക്കുമായിരിക്കും.എങ്ങും പോകാതെ നാട്ടിൽ തന്നെ എ.സി.റൂമെടുത്ത് ഒരു മാസം താമസിച്ചാലും ഈ കാശാകില്ലല്ലോ?.കൊള്ളാം,ഗിഫ്റ്റ് കൊടുക്കുന്നെങ്കിൽ ഇങ്ങനെ തന്നെ കൊടുക്കണം.അപ്പോഴാണ് പ്രിയതമയുടെ സംശയം,ടൂറ് പോകുന്നില്ലെങ്കിൽ കാഷായിട്ട് ഗിഫ്റ്റ് തരുമോന്ന്..


ഏതായാലും നമ്മൾ ചോദിക്കാതിരുന്നിട്ട് കിട്ടാതിരിക്കേണ്ട എന്നു കരുതി ഞാൻ ചോദിച്ചു..’’മാഡം,കോവിഡായത് കൊണ്ട് ഇപ്പോൾ ആര് ടൂർ പോകാനാ..’’ ‘’അയ്യോ.സാറേ,ഞങ്ങൾ അഞ്ഞൂറ് പേർക്കാണ് ഈ ഗിഫ്റ്റ് കൊടുക്കാൻ ഉദ്ദേശിച്ചത്,ഇപ്പോൾ തന്നെ നാന്നൂറ്റി അമ്പത് പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു,നിങ്ങൾ ഈ ഗിഫ്റ്റ് സ്വീകരിക്കുന്നെങ്കിൽ നാളെ തന്നെ സേറും[അതെ,സാറെന്ന് തന്നെ ഉദ്ദേശിച്ചത്] മാഡവും ഒന്നിച്ച് വന്ന് ഇതു കൈപ്പറ്റണം..’’ മാഡം പറഞ്ഞു.അതു ശരിയായിരിക്കും,ഈ കോവിഡ് സമയത്തല്ലേ ഇത്രയും പേർ ടൂറ് പോകാൻ പോകുന്നത്,അതും ഇത്രയും ആകർഷകമായ ഒരു ഗിഫ്റ്റും കൈപ്പറ്റി..
‘’അല്ല മാഡം,ഇനി ഞങ്ങൾക്ക് നിങ്ങളുടെ അക്കമെഡേഷൻ ആവശ്യമില്ലെങ്കിൽ ഗിഫ്റ്റ് കാഷായിട്ട് തരുമോ,അങ്ങനെയെങ്കിൽ ഞങ്ങളൊന്നിച്ചോ,വേണമെങ്കിൽ കുടുംബസമേതം തന്നെയോ വന്ന് കൈപ്പറ്റാം.’’


‘’ഇല്ല സാർ,അങ്ങനെയൊരു ഓപ്ഷനില്ല,ഇത് കണ്ട്രി വെക്കേഷന്റെ പ്രമോഷന് വേണ്ടി ചെയ്യുന്നതാണ്.നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ വേറെ ആർക്കെങ്കിലും കൊടുക്കാം..’’


അതു കേട്ടപ്പോൾ ഫോൺ പ്രിയതമ വങ്ങിച്ചു.ഇനി എന്തും സംഭവിക്കാം.അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നു പറഞ്ഞതു പോലെയാണ് അവളുടെ സ്വഭാവം..’’എന്നാൽ ശരി മാഡം,ഇപ്പോൾ തന്നെ ഈ ഗിഫ്റ്റ് ആർക്കെങ്കിലും കൊടുത്തേക്ക്.ഞങ്ങൾക്ക് താൽപര്യമില്ല, ടൂറ് പോകാനും ഫുഡ് വാങ്ങിക്കഴിക്കാനുമുള്ള കാശുണ്ടാക്കാനറിയാമെങ്കിൽ മൂന്നു ദിവസത്തെ റൂം വാടക കൊടുക്കാനുള്ള കാശും ഞങ്ങളുണ്ടാക്കിക്കോളാം ,ഏതായാലും ഗിഫ്റ്റിനായി അഞ്ഞൂറു പേരുടെ കൂട്ടത്തിൽ ഞങ്ങളെയും തിരഞ്ഞെടുത്തതിൽ വളരെ സന്തോഷം..’’
അത്രയും പറഞ്ഞിട്ട് പ്രിയതമ ഫോൺ താഴെ വെച്ചപ്പോൾ ഞാൻ പ്രാർഥിക്കുകയായിരുന്നു,ഈശ്വരാ, ഇങ്ങനെയുള്ള ഗിഫ്റ്റ് ശത്രുക്കൾക്കു പോലും അടിക്കല്ലേ..


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅന്തർലീനം 
Next articleആദരാഞ്ജലികൾ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English