കാറ്റിൻ കരങ്ങളിൽ ആരോ മധുരം വിളമ്പാൻ ഏല്പ്പിചതു പോൽ
കദളിപ്പഴക്കുലകളിൽ വിരിയും വണ്ടിൻ മർമ്മരം മൂളലുകളായി
മൗനത്തിൻ തെളിനീർമൊട്ടുകൾ വീഴുന്നു വാചാലമായി
മിന്നും മഞ്ചാടികൾ തുരുതുരെ ഉതിർന്നു ഉഷാറോടെ
മഞ്ഞിൻ ദലങ്ങൾ വീഥി തോറും തിരച്ചെപ്പുകളായി
മണിക്കൂറുകൾ എണ്ണാനില്ലാതെ എരിഞ്ഞടങ്ങുമീ തിരിനാളം
കാണിയ്ക്ക വയ്ക്കുന്നീശ്വരനു താംബൂലനേർച്ചയായിയിന്നും
കൂടെ കൂട്ടുവാനെത്തുമെന്നറിയിച്ചു പോയൊരാ മഴക്കുരുവികൾ
കാത്തിരിക്കുന്നവയെയെന്നതു പോൽ ആ കുസൃതിപ്പൂമ്പാറ്റകൾ
കണമതിൽ കരുതുന്നു ജീവിതസത്യങ്ങൾ അറിഞ്ഞിടുന്നു
ഒരു തുള്ളി തൻ നെഞ്ചിലൊതുങ്ങിടും നൂറായിരം നുറുങ്ങുകൾ
ഓമൽ തുട്ടുകൾ മൃദുവെയിൽ വീശുന്നു അകലെ നിന്നും
ഇമകൾ ചിമ്മിയെഴുന്നേറ്റിടും അഗാധതയിൽ നിന്നെന്ന പോൽ
ഈറൻ താളുകൾ ഹൃദയാകൃതിയിൽ നീണ്ടു നിവർന്നിടും
പച്ചയുടുപ്പിൽ കോർത്തു വച്ച വെള്ളികല്ലുകൾ മിന്നി മിനുങ്ങി
പുതുമയും പഴമയും ചേർന്നൊറ്റ വസന്തമായി വിതറും
ചിരിത്തോപ്പിൻ ചന്തം ചോരാതെ ചേർത്തു പിടിക്കുമാ പത്രം
ചലിക്കുന്നു നിഗൂഢമാം വഴികളിലൂടെത്തിടും മണ്ണുപായയിൽ
ഈ ചില്ലുതിളക്കത്തിൻ മോടിയാ കാലത്തിനൊപ്പം മാറിടും
ഇത്ര മാത്രമെന്നറിയാം ഇതാണു നിമിഷത്തിൻ വില!