കോളേജ് കാന്‍റീനിലിരിക്കുമ്പോഴാണ് രേശ്മയുടെ മുഖത്തെ മ്ലാനത അഞ്ജലിയും സൂസനും ശ്രദ്ധിച്ചത്. ഫോണ്‍ നിറുത്താതെ ബെല്ലടിച്ചിട്ടും അവളതെടുക്കുന്നില്ല.
“നീയ്യെന്താടീ ഗ്ലൂമിയായിരിക്ക്ന്നെ?” സൂസന്‍ ചോദിച്ചു.
“ഏയ് ഒന്നൂല്ല.”
“നീയെന്താ ഫോണെടുക്കാതിരുന്നെ, ആരാ വിളിച്ചെ” രേഷ്മയുടെ മുഖം കണ്ടിട്ട് അഞ്ജലിക്ക് അത്ര പന്തിയായി തോന്നിയില്ല.
“അമ്മ” രേഷ്മയുടെ സ്വരം ഉച്ചവെയിലു പോലെ കനത്തിരുന്നു.
“ഒന്നും ഇല്ലാതെയൊന്നുയല്ല, എന്തോയുണ്ട്, എന്താടീ കാര്യം.” മറ്റുള്ളോരുടെ പ്രശ്നങ്ങള്‍ ചികഞ്ഞെടുക്കാന്‍ സൂസന് ഒരു പ്രത്യേക താത്പര്യമാണ്.
“ഞാനിനി വീട്ടില്‍ പോന്നില്ല, പോകാന്‍ എനിക്ക് തോന്നുന്നേയില്ല.”
“എന്താടീ കാര്യം വീട്ടില് വല്ല പ്രശ്നോം.” അഞ്ജലി പൊതുവേയുള്ള വെപ്രാളത്തോടെ ചോദിച്ചു.
“എന്‍റമ്മ തന്നെയാ എന്‍റെ ഏറ്റവും വലിയ പ്രശ്നം. അമ്മയുമായി വഴക്കിട്ടിട്ടാ കാലത്ത് വീട്ടീന്ന്‍ പോന്നത്.”
“ഓ അതാണോ കാര്യം, അതൊക്കെ എന്‍റെ വീട്ടില് ഒരു നിത്യസംഭവമാ.” സൂസനത് വളരെ നിസ്സാരമായിരുന്നു.
“എന്നെ ഇടംവലം തിരിയാന്‍ സമ്മതിക്കില്ലാന്ന്‍, ഏതുനേരവും എന്‍റെ പിന്നാലെ നടന്നുകൊണ്ടിരിക്കും. അമ്മേടെ വിചാരം ഞാനിപ്പൊഴും ഒരു കൊച്ചുകുട്ടിയാന്നാ. ഞാന്‍ കോളേജില്‍ നിന്നെത്താന്‍ ഇത്തിരി വൈകിയാല്‍ പിന്നെ അമ്മയ്ക്ക് വേവലാതിയായി. ഉടനെ എന്‍റെ കൂടെ പോകാറുള്ള തേര്‍ഡ് സെമ്മിലെ ശീതളിന്‍റെ അമ്മയെ വിളിച്ച് ചോദിക്കും. ഒരുദിവസം ആ ആന്‍റി എന്നെ കണ്ടപ്പം പറയ്യാ രേശ്മേടെ അമ്മയ്ക്ക് രേശ്മേന്‍റെ കാര്യത്തില്‍ വല്ല്യ ടെന്‍ഷനാണല്ലോന്ന്‍. ഞാനാകെ ചൂളിപ്പോയി.”
“നീയിതൊന്നും ഇത്ര കാര്യാക്കിയെടുക്കണ്ട. അമ്മ അങ്ങനൊക്കെ ചെയ്യുന്നത് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ. “അഞ്ജലി അവളെ തണുപ്പിക്കുവാന്‍ ശ്രമിച്ചു.
“എന്നെയാരുമങ്ങനെ പിന്നാലെ നടന്ന്‍ സ്നേഹിക്കണ്ട, എനിക്ക് സ്നേഹമല്ല വേണ്ടെ, ഐ ആംഎ ഗ്രോണ്‍ അപ് ഗേള്‍. ഐ വാണ്ട് ഫ്രീഡം. എന്നെ ഒരിടത്തേക്കും ഒറ്റയ്ക്ക് പോകാന്‍ അമ്മ സമ്മതിക്കില്ല. എപ്പോഴും അമ്മയും കൂടെവരും. എന്നിട്ട് ഇന്നത്തെ കാലം മോശമാണ്. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോകാന്‍ പറ്റൂല്ലാന്ന്‍ ഒരു എക്സ്ക്യൂസും. എനിക്ക് ശരിക്കും മടുത്തു.”
“ഓ അതിത്തിരി കടന്ന കൈയ്യാ. “സൂസന്‍ ഇടയ്ക്ക് എണ്ണ കോരിയൊഴിക്കുന്നുണ്ടായിരുന്നു.
“ഞാനിങ്ങനെ ഷാംപു തേച്ച് മുടി പറത്തിയിടുന്നതൊന്നും അമ്മയ്ക്ക് പിടിക്കില്ല. ഞാനറിയാതെ എന്‍റെ പിന്നില്‍ വന്ന്‍ നിന്ന്‍ എന്‍റെ മുടിയില്‍ ബലമായി എണ്ണ തേക്കും. കുളിച്ചു കഴിഞ്ഞാല്‍ തലയില്‍ വെള്ളം തങ്ങി നില്‍ക്കൂന്ന്‍ പറഞ്ഞ് എന്നെ പിടിച്ചുവെച്ച് തല തോര്‍ത്തിതരും. ആദ്യോന്നും ഇത്രയുണ്ടായില്ല. കുറച്ചു മാസങ്ങളായിട്ട് അമ്മയുടെ കെയറിങ്ങ് ഭയങ്കര കൂടുതലാ.”
“നീയെന്താ ചെറിയ കുട്ടിയാണോ. എനിക്കു തോന്നുന്നെ നിന്‍റമ്മയ്ക്ക് എന്തോ മെന്‍റല്‍ പ്രോബ്ലം ഉണ്ടെന്നാ. “അഞ്ജലിക്ക് അത്ഭുതം
“ഇന്ന്‍ രാവിലെയുള്ള പ്രശ്നം എന്താണെന്നറിയ്യോ, ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ സമയമില്ലാത്തതു കൊണ്ട് എനിക്കൊന്നും വേണ്ട എന്നു പറഞ്ഞപ്പോള്‍ ഞാന്‍ മുടി ചീകികൊണ്ടിരിക്കേ ബ്രേക്ക്ഫാസ്റ്റ് എന്‍റെ വായില്‍ വെച്ചു തരികയാണ്. എനിക്കെന്തോ അറപ്പാണ് തോന്നിയത്. ഞാന്‍ പ്ലെയിറ്റിനിട്ട് ഒരു തട്ടു കൊടുത്തു. പ്ലെയിറ്റ് നിലത്തു വീണു പൊട്ടി. ഭക്ഷണം നാലുപാടും ചിതറി. ഞാനെന്നിട്ട് അമ്മയെ വായിതോന്നിയതൊക്കെ പറഞ്ഞു. അമ്മയ്ക്ക് ഭ്രാന്താന്ന്‍ വരെ പറഞ്ഞു. ഞാന്‍ എല്‍.കെ.ജി ല് പഠിക്കുന്ന കുട്ടിയൊന്നുയല്ലല്ലോ. ഒരു എന്‍ജിനീയറിങ്ങ് സ്റ്റുഡന്‍റ് അല്ലേ എനിക്ക് എന്‍റേതായ ഒരു വ്യക്തിത്വം ഇല്ലേ.”
“നിന്‍റമ്മയെ വല്ല സൈക്യാട്രിസ്റ്റിനെയും കൊണ്ടോയി കാണിക്ക് അതാ നല്ലെ” സൂസന്‍ പറഞ്ഞു.
“ഇനിയുമെന്നെ ഒരു കൊച്ചുകുട്ടിയെ പോലെ ട്രീറ്റ് ചെയ്താല്‍ ഞാന്‍ നന്നായി റിയാക്റ്റ് ചെയ്യും. “രേശ്മ ഒരു ദൃഢനിശ്ചയമെടുത്ത മട്ടില്‍ പറഞ്ഞു.
ബസ് സ്റ്റോപ്പില്‍ ബസ്സിറങ്ങിയപ്പോള്‍ തന്നെ തന്‍റെ വീടിന്‍റെ ഗേറ്റിനു മുമ്പില്‍ ഒരുപാട് വണ്ടികള്‍ വരിയായി നിര്‍ത്തിയിട്ടിരിക്കുന്നത് രേശ്മ കണ്ടു. ഓ ഇന്നാണല്ലോ അപ്പുറത്തെ വീട്ടിലെ ജമീലയുടെ കല്യാണനിശ്ചയം. അവര്ടെ വീടിന്‍റടുത്ത് വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലല്ലോ. തങ്ങളുടെ മുറ്റത്തിന്‍റെ അരികിലൂടെ ഒരു നടവഴി മാത്രമല്ലേ അവരുടെ വീട്ടിലേക്കുള്ളൂ. അത് കൊണ്ടായിരിക്കാം വണ്ടികള് ഇവ്ടെ പാര്‍ക്ക് ചെയ്തിട്ടുള്ളത്. എന്ത് സൗകര്യം വേണേലും ചെയ്തുതരാന്ന്‍ അമ്മ റംലത്താനോട് പറഞ്ഞത് അവള്‍ ഓര്‍ത്തു. അവള്‍ ഗേറ്റിന്‍റടുത്തെത്തിയപ്പോള്‍ മുറ്റത്തു അവിടിവിടയായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. അയല്‍ക്കാരും തന്‍റെ ബന്ധുക്കളും എല്ലാമുണ്ട്. ജമീലേടെ കല്യാണനിശ്ചയത്തിന് തന്‍റെ ബന്ധുക്കളൊന്നും വരില്ലല്ലോ. പിന്നെന്താ ഒരാള്‍ക്കൂട്ടം.
ഒന്നും മനസ്സിലാകാതെ അവള്‍ വീട്ടിനുള്ളിലേക്ക് കയറിച്ചെന്നു. നടുത്തളത്തിലും ആരൊക്കെയോ കൂടി നില്പ്പുണ്ട്. അവര്‍ അവളെ ഒരു ദയനീയഭാവത്തില്‍ നോക്കുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ അവള്‍ വെപ്രാളത്തോടെ അകത്തെ മുറിയിലേക്ക് ചെന്നു നോക്കി. അവ്ടെ ഒരു കട്ടിലില്‍ കിടന്നു തേങ്ങികരയുകയാണ് അമ്മമ്മയും ചിറ്റയും. മാമി അടുത്തിരുന്ന് എന്തൊക്കെയോ പറഞ്ഞ് അവരെ ആശ്വസിപ്പിക്കുന്നുണ്ട്. അവളെ കണ്ടപ്പോള്‍ അവരുടെ തേങ്ങലൊന്നു കൂടി കനത്തു. മാമി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു എന്നിട്ട് ചോദിച്ചു. “മോളെ വിളിക്കാന്‍ സജിത്ത് മാമയെ കോളേജിലേക്ക് വിട്ടിരുന്നല്ലോ കണ്ടില്ലേ”.
“എന്താ മാമി കാര്യം? എന്നെ വിളിക്കാനെന്തിനാ ആളെ വിടുന്നെ എന്നും ഞാന്‍ തനിയെയല്ലേ കോളേജില്‍ നിന്നും വരാറ്”.
മാമി അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി.
“മോളിങ്ങു വന്നേ മാമി പറയട്ടെ, എല്ലാം ദൈവനിശ്ചയാന്ന്‍ അങ്ങ് കര്തിയാ മതി. അതല്ലേ നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റൂ. അവിടുന്ന്‍ വിളിക്കുമ്പോ പോകേണ്ടവരല്ലേ നമ്മളെല്ലാം. ദൈവത്തിന് ഇഷ്ടമുള്ളവരെയാ ദൈവം നേരത്തേ വിളിക്കുന്നെ. മോള് മനസ്സിന് നല്ല ധൈര്യം കൊടുക്കണം. പതറരുത്. മോള് സങ്കടപ്പെട്ടാ അച്ഛനു കൂടുതല്‍ വെഷമാകും. മോള് വേണം അച്ഛനു കൂടി ധൈര്യം പകരാന്‍. മോളോട് വിവരം പറയ്യാന്‍ ഞാന്‍ അമ്മേടെ ഫോണ്ന്ന്‍ മോളെ ഒരുപാട് വിളിച്ചിരുന്നു. പക്ഷേ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല.”
മാമി എന്തൊക്കെയാ പറഞ്ഞെ. എന്‍റമ്മയെവിടെ അമ്മയ്ക്ക് എന്താ പറ്റിയേ കൃത്യമായിട്ടൊന്നും മനസ്സിലാകാതെ അവള്‍ പകച്ചു നില്‍ക്കുമ്പോഴാണ് ആരോ വന്ന്‍ മാമിയോടു പറേന്നത് കേട്ടത്.
“കൊണ്ടുവന്നൂന്നാ തോന്ന്‌ണ്. ” അത് കേട്ടപ്പോള്‍ മാമി അവരോടൊപ്പം പോയി. അപ്പോള്‍ അവിടെ കൂടി നില്‍ക്കുന്നവരാരോ പരസ്പരം പറയുന്നത് കേട്ടു
“രമ ഒന്നു തല ചുറ്റി വീണതാ, ആശുപത്രീല് വെച്ചാ കാര്യം കഴിഞ്ഞെ. കാന്‍സര്‍ ആയിരുന്നുന്നാ പറേന്നെ.”
അത് കേട്ടപ്പോള്‍ അവളാകെ ഞെട്ടിത്തരിച്ചുപോയി. എന്ത് എന്‍റമ്മയ്ക്ക് കാന്‍സര്‍ ആയിരുന്നുന്നാ. കാര്യം കഴിഞ്ഞൂന്ന്‍ പറഞ്ഞാല്‍ മരിച്ചൂന്നല്ലേ അര്‍ത്ഥം. എന്‍റമ്മ മരിച്ചുപോയെന്നാ. ഇല്ല ഞാനിത് വിശ്വസിക്കില്ല. എന്നെ ഒറ്റക്കാക്കി എന്‍റമ്മ ഒരിടത്തും പോകാറില്ല. പോകാന്‍ അമ്മയ്ക്ക് കഴിയില്ല. ഈശ്വരാ എനിക്കിനി അമ്മയില്ലേ, എനിക്കിനി ആരാ ഉള്ളത്, ആ പാവത്തിനെ ഞാന്‍ കാലത്ത് എന്തൊക്കെയാ പറഞ്ഞത്. അവള്‍ക്കു ചുറ്റിലും ഇരുട്ട് പരക്കുന്നതായി തോന്നി. ഒന്നും കാണാന്‍ വയ്യ, കൈകാലുകള്‍ തളരുന്നു. നാവ് കുഴയുന്നു. അവള്‍ പയ്യെ പിന്നിലേക്ക് മറിഞ്ഞു വീണു.
രാത്രിയായപ്പോഴേക്കും അടുത്തബന്ധുക്കളൊഴികെ എല്ലാരും പോയി കഴിഞ്ഞിരുന്നു. മഴക്കാറ് കെട്ടി നിന്ന മാനം പോലെയായിരുന്നു ആ വീട്ടിനുള്ളിലെ ഓരോ ഹൃദയവും. പെയ്തിട്ടും പെയ്തിട്ടും ഒഴിയാത്ത ദുഃഖം എല്ലാവരുടെയും ഉള്ളില്‍ തളം കെട്ടി നിന്നിരുന്നു. കരഞ്ഞു കരഞ്ഞു തളര്‍ന്ന് മൂകനായി ഉമ്മറതിണ്ണയില്‍ മലര്‍ന്നു കിടക്കുകയാണ് അച്ഛന്‍. ഇനി ജീവിതത്തിലെന്തുണ്ട് എന്നൊരു ചോദ്യം ആ കണ്ണുകളിലുണ്ടായിരുന്നു. ചിറ്റപ്പനാണെന്ന് തോന്നുന്നു അച്ഛനോട് ചോദിക്കുന്നത് കേട്ടു.
“ഏട്ടത്തിക്ക് ഇത്രയും മാരകമായ അസുഖണ്ടായിട്ടും ഏട്ടനെന്താ ഞങ്ങളോടൊന്നും പറയ്യാതിര്ന്നെ”.
“ആരും അറിയരുതെന്ന്‍ അവള്‍ക്ക് നിര്‍ബന്ധണ്ടായിരുന്ന്. പ്രത്യേകിച്ചും മോള്. പിന്നെ അറിയിച്ചിട്ടിപ്പം എന്താ ആര്‍ക്കും തടയാനൊന്നും പറ്റൂല്ലല്ലോ. ഡോക്ടര്‍മാര്‍ രോഗം കണ്ടുപിടിക്കുമ്പോഴേക്കും വളരെ വൈകി പോയിരുന്നു.”
അമ്മയെ കുറിച്ചാണ് പറയുന്നതെന്ന്‍ മനസ്സിലായപ്പോള്‍ അവളും ഉമ്മറത്തെത്തി. അവളെ കണ്ടപ്പോള്‍ അച്ഛന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്ന്‍ ഒരു കടലാസെടുത്ത് അവള്‍ക്കു നേരെ നീട്ടി.
“ഇത് മോള്‍ക്ക് തരാന്‍ വേണ്ടി അമ്മ എന്നെ ഏല്‍പ്പിച്ചതാ, അമ്മേടെ കാലശേഷം മാത്രേ ഇത് തരാന്‍ പാടുള്ളൂന്നും അമ്മ നിര്‍ബന്ധം പറഞ്ഞിരുന്നു.
അവള്‍ വിറയ്ക്കുന്ന കൈകളോടെ ആ കടലാസു വാങ്ങി നിവര്‍ത്തി വായിക്കാന്‍ തുടങ്ങി.
“എന്‍റെ മോള്‍ക്ക്,
അമ്മേടെ അസുഖവിവരം മോളോട് പറയ്യാതിരുന്നത് അത് കേള്‍ക്കുമ്പോ മോള്‍ക്ക് വിഷമമായാലോ എന്ന്‍ പേടിച്ചിട്ടാണ്. എന്‍റെ മോള് ഒരിക്കലും വിഷമിക്കാന്‍ പാടില്ല. ആ കണ്ണുകള്‍ ഒരിക്കലും നിറയരുത്. എപ്പോഴും സന്തോഷവതിയായിരിക്കണം. മോളെ ഒരു കൊച്ചുകുട്ടിയെ പോലെ കണ്ട് ഞാന്‍ പിന്നാലെ നടക്കുന്നതൊന്നും മോള്‍ക്ക് ഇഷ്ടല്ലായിരുന്നൂന്ന്‍ അമ്മയ്ക്ക് അറിയാമായിരുന്നു. ഏതൊരമ്മയ്ക്കും തന്‍റെ മക്കള്‍ എത്ര വളര്‍ന്നാലും അവരെന്നും തന്‍റെ പൊന്നോമനകള്‍ തന്നെയാണ്. പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും ഒരമ്മയുടെ സ്നേഹം അതിരില്ലാത്തതാണ്. എന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞൂന്ന്‍ എനിക്കറിയാമായിരുന്നു. മോള്‍ക്കും മോളിലൂടെ എനിക്ക് കിട്ടേണ്ട പേരക്കുട്ടികള്‍ക്കും തരാനായി എന്നുള്ളില്‍ ആദ്യമേ കരുതിവെച്ചിരുന്ന സ്നേഹം കഴിയ്യാവുന്നിടത്തോളം തന്നുതീര്‍ക്കാന്‍ ശ്രമിക്കയായിരുന്നു ഞാന്‍. എന്‍റെ മോള്‍ക്ക് അത് വിഷമമുണ്ടാക്കിയെങ്കില്‍ മോള് അമ്മയോട് പൊറുക്കണം.”
അമ്മ പിന്നെയുമെന്തൊക്കെയോ എഴുതിയിരുന്നു. അവള്‍ക്കത് മുഴുവന്‍ വായിക്കാനായില്ല. അപ്പോഴേക്കും കണ്ണീരു പാടകെട്ടി അവളുടെ കാഴ്ചയെ മറച്ചുകളഞ്ഞു. ഒരു ഐസ്കട്ട ഉരുകി ഇല്ലാതാവുന്നത് പോലെ താനിപ്പം കരഞ്ഞു കരഞ്ഞു ഇല്ലാതാവുമെന്നവള്‍ക്കു തോന്നി. അവളുടെ അപ്പോഴത്തെ മനോനില മനസ്സിലാക്കിയിട്ടെന്നോണം അച്ഛന്‍ എഴുന്നേറ്റ് വന്ന്‍ അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് ചോദിച്ചു. “ന്‍റെ കുട്ടിയെന്തിനാ സങ്കടപ്പെടുന്നെ?”.
“അച്ഛാ, എനിക്കമ്മയോട് മാപ്പ് ചോദിക്കണം. ഞാനമ്മയെ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട്. “അവള്‍ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.
“ന്‍റെ മോള് ഇനിയൊന്നും പറയണ്ട. മോള്ടെ മനസ്സ് മറ്റൊരു ലോകത്തിലിരുന്ന്‍ അമ്മ ഇപ്പോ കാണുന്നുണ്ടാകും. ഒരമ്മയ്ക്ക് മാത്രേ മക്കളുടെ മനസ്സ് ഏറ്റവും നന്നായി കാണാനൊക്കത്തുള്ളൂ. അമ്മ ഇല്ലാതാവുമ്പഴേ അമ്മയുടെ മഹത്വം നമ്മള്‍ ശരിയായി മനസ്സിലാക്കത്തുള്ളൂ.”
Click this button or press Ctrl+G to toggle between Malayalam and English