വഴികൾ കൊട്ടിയടയ്ക്കപ്പെട്ടെങ്കിലും…

 

 

നേരമില്ലെന്നു പരിഭവം
പറഞ്ഞു പറഞ്ഞൊടുക്കം
നേരത്തെ കൊല്ലാൻ
വഴി തേടലായി നമ്മൾ

തിക്കും തിരക്കുമൊഴിഞ്ഞ്
നേരമേറെ കൈപ്പിടിയി-
ലൊതുങ്ങുമീവേളയിൽ

ചിരിക്കാം ചിരിപ്പിക്കാം
അകകണ്ണു തുറന്നൊന്നു ചിന്തിക്കാം

ജീവിതമൊന്നു മായ്ച്ച് എഴുതിതുടങ്ങാം
മനസ്സിലെ മാറാലയൊന്നു തൂക്കാം
പൊടിപ്പിടിച്ച ഓർമ്മകളെ
പൊടിത്തട്ടിയടുക്കാം
തെളിയുമോർമ്മയിലെ തേൻ നുകരാം

തിരിച്ചറിവിൻ പാതയിലൂടെയല്പം നടക്കാം
തിരക്കിനിടയിലെങ്ങനെയോ കളഞ്ഞു പോയ
തന്നുളളിലെ നന്മയൊന്നു ചികയാം
അതു നട്ടു നനച്ചു
മനതാരിലൊരാരാമം തീർക്കാം

വഴികൾ കൊട്ടിയടയ്ക്കപ്പെട്ടെങ്കിലും
മനസ്സിൽ നിന്നും മനസ്സിലേക്കു
പുതുവഴികൾ തേടാം
പൊട്ടിയ നൂലിഴകളെ തുന്നിച്ചേർക്കാം

വിശക്കുന്നവന്റെ തേങ്ങലുകൾക്ക്
തന്നാലാവും വിധം താങ്ങായി തീരാം
പാഴ് വസ്തുവായി മൂലക്കൊതുക്കിയ
പ്രായമേറിയവർ തന്നാകുലതകളെ
ക്ഷമയോടെ കേൾക്കാം

നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയും
പിന്നെ പണ്ടാരുമല്ലെങ്കിലുമിന്ന്
ഹൃദയസമാനത കൊണ്ട്
ആരൊക്കെയോയായിത്തീർന്ന
അജ്ഞാതർക്കു വേണ്ടിയും പ്രാർത്ഥിക്കാം

ഇടയ്ക്ക് വല്ലപ്പോഴും
വെറുതെയെങ്കിലും
വംശനാശം സംഭവിച്ച
ജീവജാലങ്ങളെ ഓർക്കാം…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here