പൊട്ടിച്ചിരികളും കൈയ്യടികളും
പ്രതിധ്വനിക്കുന്നതുണ്ടെങ്കിലും
യാഥാർത്ഥ്യങ്ങളുടെ ഭാരമുള്ള
കല്ലുരുട്ടി മല കയറിപ്പോയ
മുതുമുത്തച്ഛൻ പിന്നീട്
മടങ്ങി എത്തിയതേയില്ല.
മലകൾക്കപ്പുറം
നെറിയുള്ള ലോകത്തേക്ക്
പോകുന്നവരുടെ കഥകൾ
കിഴവൻ എപ്പോഴും
പറയുമായിരുന്നു.
അങ്ങ് ദൂരെ ചക്രവാളത്തിൽ
അരൂപികളായെത്തി
നമ്മെ നോക്കി
അവർ ചിരിക്കുന്നതും
അവിടേക്ക് ക്ഷണിക്കുന്നതും കാട്ടിത്തരുമായിരുന്നു.
അവിടെ വിശക്കുന്നവന് മോഷ്ടിക്കേണ്ടിവരാത്ത
തീൻമേശകളൊരുക്കി
കാത്തിരിക്കുന്ന
പറുദീസകളുണ്ടായിരിക്കും.
ഹൃദയാർദ്രമായി പാട്ടുപാടുന്ന
നക്ഷത്രത്തിളക്കമുള്ള കണ്ണുകളും, ചിറകുകളിൽ
സ്വർണ്ണത്തൂവലുകളുമുള്ള
മാലാഖമാർ പരിചരിക്കുന്ന
സ്വൈര ഭവനങ്ങളിൽ തുഷ്ടിയുടെ ഗീതമാലപിച്ചിരിക്കുന്നവരുണ്ടായിരിക്കും.
മധുരമഴ പെയ്തിറങ്ങുന്ന
മലകൾക്കപ്പുറമുള്ള
ലോകത്തേക്ക് കിഴവന് ശേഷം
നിരവധിപ്പേർ
ഉറുമ്പിൻ നിരയെണ്ണി
കല്ലുരുട്ടി
മലയേറി പോയിട്ടുണ്ട്.
അവരിൽ ആരെല്ലാം അവിടെ എത്തിക്കാണുമെന്നറിയില്ല.
ഭഗ്നദൂതർ വരി നിൽക്കുന്നൊരീ
സമതലം വിട്ടിന്നിതാ ഞാനും
കല്ലുരുട്ടി മലയേറുന്നു.
അങ്ങകലെ,
കിഴവൻ പാടിനടന്ന
ഹരിത ദ്രുമശാഖികളിലാകെ
ഉണ്മതൻ കവിത പൂക്കുന്നൊരാ
ദേശം തേടി…
Click this button or press Ctrl+G to toggle between Malayalam and English