ക്ലൈമാക്സിൽ കരുതി വെച്ച ചിരി

 

” ഈ റൂബി സെറ്റ് ഒന്നു ഇട്ടു നോക്കിയേ,നിനക്കിത് നന്നായി ഇണങ്ങും!” ആന്റി അമേരിക്കയിൽ നിന്നു കൊണ്ടുവന്ന ആഭരണപ്പെട്ടി അവൾക്കു മുമ്പിൽ തുറന്നു വെച്ചു.”നോക്കടി കൊച്ചേ,ജോസഫ് നിനക്കു വേണ്ടി അധികം സ്വർണ്ണമൊന്നും വാങ്ങിയിട്ടില്ലെന്നറിഞ്ഞോണ്ട് ഞാൻ അത്യാവശ്യം ഗോൾഡ് അവിടെ നിന്ന് വാങ്ങിയിരുന്നു”. അപ്പയുടെ നേരെ മൂത്ത ചേച്ചിയാണ് മോളിയാന്റി. പണ്ട് കർത്താവിന്റെ മണവാട്ടിയാകാൻ കൊതിച്ച് ദൈവമാർഗ്ഗത്തിൽ യാത്ര തിരിച്ചതായിരുന്നു. അമേരിക്കയിലേക്ക് നഴ്സിംഗ് പഠിക്കാൻ സഭ അയച്ച ആന്റി അഞ്ചു വർഷത്തിനു ശേഷം നാട്ടിൽ വന്നപ്പോൾ തിരുവസ്ത്രം ഇല്ലായിരുന്നു. അന്ന് കുടിയേറ്റക്കാരനായി അമേരിക്കയിലെത്തിയ കൊസാവോക്കാരൻ സ്ലാവ് വംശജൻ ഹാമിദ്
ബ്രൂലിക്ക് മോളിയാന്റിക്ക് പുടവ കൊടുത്ത് മലയാളത്തിന്റെ സ്വന്തം മരുമകനായി. ആള് ടിറ്റോയുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് ആണേലും
മതകാര്യത്തിൽ വലിയ ആഭിമുഖ്യമൊന്നുമില്ലാത്തതിനാൽ, സഭ അന്ന് ലവ്ജിഹാദ് വാദമൊന്നുമുയർത്തിയില്ല. അല്ലറ ചില്ലറ അപസ്വരങ്ങൾ ഇടവകയിലുയർന്നു വന്നെങ്കിലും ക്രമേണ കെട്ടടങ്ങിയ കാര്യം അമ്മാമ പറഞ്ഞു അവൾക്കറിവുള്ളതാണ്.
മോളിയും ഭർത്താവും നാട്ടിൽ വരുമ്പോൾ ജോസഫിനും കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. കോളേജ് പഠന സമയത്ത് ചേച്ചിയെപ്പോലെ ജോസഫിനും പ്രണയ പനി പിടിച്ചു. അങ്ങനെയാണ് പാലാക്കാരൻ സിറിയൻ കത്തോലിക്കൻ ജോസഫ് കോതമംഗലത്ത് സ്ഥിരതാമസമാക്കിയത്. എം.എ കോളേജിലെ പഠനകാലത്തെ സൗഹൃദം
ഫിലോമിന തോമസ് എന്ന കോതമംഗലത്തെ യാക്കോബായ പ്രമാണിയുടെ മകളെ പരിണയിക്കുന്നതിൽ എത്തിച്ചു. ഏകമകളായതും കാണ്ട് കുടുംമ്പ വ്യവസായങ്ങൾ ഏറ്റെടുത്തു നടത്തേണ്ടി വന്നതിനാൽ കാലക്രമത്തിൽ ജോസഫ് കോതമംഗലത്തുകരനായി.

ആന്റി റൂമിൽ നിന്ന് പുറത്തു പോയെങ്കിലും അറളുടെ മനസ് പുകഞ്ഞുകൊണ്ടിരുന്നു. അവളും ഏകമകളായതു കൊണ്ട് നാട്ടിൽ നടപ്പുള്ള അണു കുടുംബ സെറ്റപ്പിലുള്ള എല്ലാ സൗകര്യങ്ങളും ലഭിച്ചാണ് അവൾ വളർന്നു വന്നത്. എല്ലാം അവളുടെ ഇഷ്ട പ്രകാരമായിരുന്നു നാളിതു വരെ .ഇഷ്ട്ടപ്പെട്ട ഭക്ഷണം, വസ്ത്രം, പോക്കറ്റ് മണി, കോളേജിൽ പോകാൻ വാഹനം എന്നു വേണ്ട എല്ലാ സുഖ സൗകര്യങ്ങളുടെ നടുവിൽ വിഹരിച്ചു നിന്ന താനിപ്പോ വീട്ടുകാർക്ക് അനഭിമതയായിരിക്കുന്നു. കോളേജിൽ സിവിൽ ബ്രാഞ്ചിൽ സീനിയറായി പഠിച്ച തോമസ് മാത്യു ആണ് അവളുടെ ഹൃദയം അപഹരിച്ചത്. കോട്ടയത്തുകാരനാണ്. സാമ്പത്തികമായി ചുറ്റുപാടുകളൊക്കെ ഉണ്ട്.
സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു. പിന്നെന്താണ് വീട്ടുകാർക്ക് പ്രത്യേകിച്ചും അപ്പാക്ക് ബോധിക്കാത്തതെന്ന് ആലോചിച്ച് അവൾക്ക് അസ്വസ്ഥത തോന്നി. അപ്പാ ഒട്ടും വിട്ടു പറയുന്നുമില്ല. അവളുടെ നിരന്തര നിരാഹാര സമരമാണ് ഇപ്പോൾ മനസമ്മത കല്യാണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
നാളെ മനസ്സമതം കഴിഞ്ഞിട്ടു അപ്പയുടെ മുമ്പിൽ നിന്ന് ഒരു വിജയപുഞ്ചിരി പൊഴിക്കുന്ന
സീൻ മനസ്സിൽ തെളിഞ്ഞപ്പോൾ സമാധാനത്തോടെ അവൾ കട്ടിലിൽ നിന്ന് എഴുനേറ്റു.

” നീങ്ങൾ ഇങ്ങനെ ചടഞ്ഞിരിക്കാതെ ആ നരയൊക്കെ ഒന്നു കറുപ്പിക്കു മനുഷ്യാ .”
ജോസഫിന്റെ ഇരുപ്പു കണ്ടപ്പോ ഭാര്യക്ക് അരിശം വന്നു. തീരുമാനിച്ച സ്ഥിതിക്ക് സന്തോഷമായി കാര്യങ്ങൾ നടക്കട്ടെ ,നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കാതെ”
ജോസഫിനും അതൊക്കെ മനസ്സിലാകുന്നുണ്ട്. എന്നാലും കോട്ടയത്തുകാരൻ പയ്യൻ തന്നെ വേണമെന്ന വാശി അയാളെ അരിശം പിടിപ്പിച്ചിരുന്നു. നാളെ മനസ്സമത സമയത്തെ കാര്യമോർത്ത് യാൾക്ക് നല്ല ടെൻഷൻ തോന്നി. താൻ പറഞ്ഞതിന്റെ പൊരുൾ അപ്പോൾ അവൾക്കു മനസ്സിലാകുമെന്ന് അയാൾക്ക് തോന്നി. നാളത്തെ മനസ്സമതത്തിന്റെ തിരശീല വീഴുമ്പോൾ ചിരി തന്റെതാകുമെന്ന് അയാൾക്ക് ഉറപ്പു തോന്നി.

ടൗൺ തിരക്കുപിടിക്കുന്നതിനു മുൻപ് തന്നെ വധു വരൻമാരുടെ സംഘം ചെറിയ പള്ളിയിലെത്തി. ചെറുക്കന്റെ അച്ഛനും കൂട്ടർക്കുമൊക്കെ പാരിഷ് ഹാളും കലവറയുമാക്കെ ചുറ്റി കണ്ടു പെൺവീട്ടുകാരുടെ ഒരുക്കങ്ങൾ ബോധിച്ചു.
ജോസഫിന്റെ പെണ്ണുംപിള്ള വീട്ടുകാർക്ക് അത് പക്ഷേ അത്രകണ്ട് പിടിച്ചില്ല.
ചെക്കന്റെ ചെറിയപ്പൻ ളോഹാ ക്കാരനെ കണ്ടപ്പോൾ കോതമംഗലത്തുകാർക്ക് അല്പം അരിശവും ജോസഫിനോട് നീരസവും തോന്നി എന്നതാവും വാസ്തവം!!!വീഡിയോ ഫോട്ടോ ഷൂട്ടറൻമാർ റെഡിയായതോടെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചു. ആൾത്താരയ്ക്കു മുമ്പിലെ ഉണ്ണിയേശുവിന്റെ തിരു രൂപത്തിനുമുമ്പിൽ തിരി വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയപ്പോൾ ചുമപ്പു മേൽവസ്ത്രവുമണിഞ്ഞ് വലിയ തിരുമേനിയും അനുയായിവൃന്ദങ്ങളും ചെറിയ പള്ളിയിലേക്ക് പ്രവേശിച്ചു..ജോസഫ് വലിയ തിരുമേനിയെ തൊഴുതു വണങ്ങി കൈമുത്തി തന്റെ ആഗഹം പറഞ്ഞു. “മനസ്സമത ചടങ്ങ് അങ്ങ് നടത്തി തരണം”.ജോസഫ് അല്പം ബുദ്‌ധിമാനൊക്കെയാണ്. ഈ കല്യാണമായി ബന്ധപ്പെട്ട് ചില്ലറ അനിഷ്ടമൊക്കെ തിരുമേനിക്ക് ഉണ്ടെന്നയാൾക്ക് അറിയാം. അതു പരിഹരിക്കയും ആവാം.
ചടങ്ങുകൾ ആരംഭിച്ചു, അപ്പോഴാണ് ജോസഫിനെ തിരക്കി അയാൾ എത്തുന്നത്. ചടങ്ങിന്റെ മുൻ നിരയിൽ നിൽക്കുന്ന ജോസഫിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടു.
വളരെ ചെറുപ്പമാണെല്ലോ ഇയാൾ!! തനിക്കു തെറ്റിയോ? അയാൾ പോക്കറ്റിലിരുന്ന ചുരുൾ നിവർത്തി നോക്കി. ജോസഫ്(59), മത്തായി(68) ചുറ്റിനും കണ്ണോടിച്ചപ്പോൾ മുഖത്ത് അല്പം ,അസ്വസ്ഥത പടർത്തി ചെറുക്കന്റെ അടുത്തു നിൽക്കുന്ന മത്തായി റമ്പാനെയും കണ്ടു..
ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. വലിയ തിരുമേനി പ്രതിശ്രുത വധുവിനരികെ നീങ്ങിക്കൊണ്ടു ചോദിച്ചു.” ഈ നിൽക്കുന്ന തോമസ് മാത്യുവിന്റെ ഭാര്യയായി ജീവിക്കാൻ നിനക്കു സമ്മതമാണോ”
” ഇഷ്ടമാണ്, പ്രണയം ഉറപ്പിക്കാനെന്നവണ്ണം പിറുപിറുത്തു… നൂറു വെട്ടം!!!. അടക്കിപിടിച്ച ചിരികൾക്കിടെ വലിയ തിരുമേനിയുടെ കണ്ണുകൾ വലിഞ്ഞു മുറുകി, ചെറുക്കനരികിലേക്ക് തിരിഞ്ഞു ചെറുക്കന്റെ സമ്മതം ചോദിക്കുന്ന സമയത്ത് അടുത്തു നിൽക്കുന്ന മൈത്രാൻ കക്ഷിക്കാരനെ കണ്ട
തിരുമേതി. ചെറുക്കനോടുള്ള ചോദ്യം ഒന്നു പരിഷ്ക്കരിച്ചു.” തോമസ് മാത്യു നീ കർത്താവിലും അന്ത്യോഖ്യാ സിംഹാസനത്തിലും വിശ്വാസം പ്രഖ്യാപിച്ചു കൊണ്ട് ഈ നിൽക്കുന്ന ജാൻസി യെ ഇണയായി സ്വീകരിക്കുവാൻ ഒരുക്കമാണോ”
ചെറിയ പള്ളിയിൽ ഒരു നിമിഷം നിശ്ബദത കൈയടക്കി. കൂടി നിന്ന ബാവ കക്ഷിക്കാർ
തങ്ങളുടെ വലിയ ഇടയന്റെ കൂർമ്മ മ്പുദ്ധിയിൽ പുളകം കൊണ്ടു. മൈത്രാൻ കക്ഷിക്കാരായ ചെറുക്കൻ കൂട്ടരുടെ പുരികക്കൊടി വളഞ്ഞു
ഈ ബന്ധത്തിന് അവരു സമ്മതിച്ചതു തന്നെ!!
ഒരു പെണ്ണിനെ മലങ്കര സഭയിലേയ്ക്ക് എടുക്കാമെന്ന നിലയിൽ മാത്രമാണ്, അവരിവിടെ എത്തിയെതെന്ന് കുശു കുശുപ്പ് ഉയർന്നു.
“ഈ ചെറിയ പള്ളി കോടതി വിധിപ്രകാരം വിട്ടു തന്നാൽ അന്നേരം അക്കാര്യം ആലോചിക്കാം… അന്ത്യോഖ്യാ വേണോന്നുള്ളത്” ചെറുക്കൻ സമ്മതം പറയാൻ വാ തുറ ആന്നതിനു മുൻപായി മത്തായി റമ്പാൻ എതിർ പോസ്റ്റിലേക്ക് പെനാൽറ്റി കിക്കെടുത്തു. ചെറുക്കന്റെ കൂടെ വന്ന മലങ്കരക്കാർ അച്ചന്റെ
പ്രകടനത്തിൽ രോമാഞ്ചകഞ്ചുകമണിഞ്ഞു തന്റെ കുഞ്ഞാടുകൾ പരിപാവനമായ പള്ളിക്കകത്തു നിന്ന് ചവിട്ടു നാടകവും,അടി തടയും പൂരപ്പാട്ടും ഒക്ക നടത്തുന്നതു കണ്ട് കുരിശിൽ കൈ കെട്ടി കെടന്ന യേശു മഹാശയന്റെ തിരുരൂപത്തിന്റെ കണ്ണിൽ നിന്ന് രക്തം പൊടിഞ്ഞു. പുറത്തെ വലിയ കുരിശടി അപമാനഭാരത്താൽ വളഞ്ഞു,
പ്രേമത്തിനു മൈത്രാനും ബാവയുമൊന്നും കക്ഷിയല്ലാത്തതിനാൽ മോളിയാന്റിയും ഭർത്താവും കൂടി ഇതിനിടെ പെണ്ണിന്റെയും ചെറുക്കന്റെയും മോതിരകൈമാറ്റവും മറ്റും നടത്തി. ജോസഫ് പള്ളിയുടെ കവാടത്തിലേക്ക് നോക്കി.അവിടെ പാലാക്കാരൻ കടപ്ലാമറ്റത്ത് വക്കച്ചൻ നിലക്കുന്നു!!!! അപ്പച്ചൻ!!! ഇതെങ്ങനെ? മരിച്ചിട്ട് 25 വർഷം കഴിഞ്ഞല്ലോ? കണ്ണു ചിമ്മി വീണ്ടും നോക്കി ഇല്ല ആരുമില്ല ! തനിക്ക് തോന്നിയതായിരിക്കും
തനിക്ക് രാവിലെ മുതൽ ചെറിയ പനി തുടങ്ങിയത് അയാൾ ഓർത്തു , ചെറുതായി വിയർക്കുന്നുമുണ്ട്. പള്ളിയിലെ സംഘർഷങ്ങൾക്കിടെ അയാളുടെ ഉടുമുണ്ട് ആരോ വലിച്ചു കീറിയിരുന്നു. താൻ നാളെ എങ്ങനെ കോതമംഗലത്തു ജീവിക്കുമെന്ന് ഓർത്തപ്പോൾ അങ്ങൾക്ക് സങ്കടവും ദേഷ്യ വുമെല്ലാം അരിച്ചു വന്നു. അയാളുടെ നിശ്വാസത്തിനു വേഗമേറി വന്നു. വിയർ മണികൾ കഷണ്ടി തലയിലൂടെ ഉരുണ്ടിറങ്ങി. അയാൾ മെല്ലെ പിറകിലേക്ക് ചാഞ്ഞു, കൃഷ്ണമണികൾ മറഞ്ഞു വരുമ്പോൾ അയാൾ അതു കണ്ടു..തന്നെ തന്നെ സൂക്ഷിച്ചു നോക്കുന്ന ഒരു വിചിത്ര രൂപത്തെ !!

ഹാളിലെ ആരവം മെല്ലെ കുറയുന്ന പോലെ അവൾക്കു തോന്നി. പോലീസ് വണ്ടികളുടെ സൈറനും ബൂട്ട് സുകളുട പട പട ശബ്ദവും ഹാളിൽ പരന്നതോടെ മോളിയാന്റിയും പ്രതിശ്രുത വരനോടുമൊപ്പം അവൾ ഹാളിലേക്ക് വന്നു. താൻ അപ്പാ പറത്തപോലെ ത്യാഗം സഹിക്കാൻ തയ്യാറായാണ് ഇറങ്ങി തിരിച്ചതെന്ന് അപ്പയോട് പുഞ്ചിരിയോട് പറയണമെന്ന് അവളോർത്തു.
ക്ലൈമാക്സിൽ കരുതി വെച്ചിരുന്ന ചിരിയുമായി അവൾ അപ്പായെ തേടി വന്നപ്പോഴേക്കു അയാൾ അജ്ഞാതനോടൊപ്പം മറ്റൊരു ലോകത്തേക്ക് യാത്ര തിരിച്ചിരുന്നു. കൂടെ മത്തായി റമ്പാനും ……

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here