മൂന്ന്‌

കോലം കോലും ചമരിനികരം വീയവീയത്തദാനീം

നീലപ്പീലിത്തഴകൾ നിഴലാമന്നടക്കാവിലൂടെ

പാലും തേനും തൊഴുതമൊഴിമാർ മൗലിയാമുണ്ണുനീലീം

ചാലക്കാണ്മാനുഴറുക സഖേ, പുത്തിടം മുന്നിലേത്‌

ചോണാടെല്ലാമ്മുളകുപിരിയച്ചോഴിയക്കാടുചത്താൻ

വേണാട്ടിക്കുന്തിരിമമഴിയും വെച്ചിയുർചെന്റതുണ്ടോ

ചാണക്യന്നീപറവതുതികച്ചാത്തനുരൽക്കമുണ്ടോ

മാണാക്കിന്നാഞ്ചെറുമനൈമണക്കാടുപോകായ്‌കിൽ നന്റ്‌

ആച്ചൻചേലക്കിഴയഴകിതൊട്ടച്ചിയാരച്ചുതിന്റാൾ

തുച്ചീലം നീ പറവതു സുദിക്കാട്ടിനുണ്ടോപ്രമേയം

എച്ചിച്ചോറും വിറകുമടിയേനെട്ടുപോരും കിടങ്ങൂർ

തച്ചംകാടേ വരിക തടിയമ്പോകിലൊല്ലാഞ്ഞുതില്ല.

ഇന്തപ്പൊന്നുക്കിനിയലഴശല്ലപ്പരേ നായിനാരോ

ശന്തപ്പമ്പാടവഹളഴശപ്പിള്ളശുണ്‌ഡാംഗികൊണ്ടാർ

മായസ്സോദീമലഹസകണക്കുണ്ടുകോർജ്ജിട്ടകൈനേ

തുമ്മസ്സംഘേമുസരമദഹും കണ്ടിനേസാക്കുതാകാ

എന്റീവണ്ണം പഴികൾപറയും ഭാഷബന്ധങ്ങളല്ലാ-

മൊന്റൊന്റേകേട്ടുദിതഹസിതംതോഴ, നേരെ നടന്നാൽ

കന്റുംകുന്റുംപിരിയുമിളമാൻ കണ്ണിമാർമാരനേ നീ

മന്റിൽച്ചാലപ്പുകൾപൊലിവെഴും വൽക്കലച്ചെൽക പിന്നെ

കുന്ദസ്‌മേരാനനമതിമുദാ രുഗ്മിണീകൊങ്കയിന്മേൽ

നന്ദിച്ചീടും നരകമഥനം നന്ദഗോപാസ്യസൂനും

മന്ദം മന്ദം മധുരമധുരം വേണുമാകൂജയന്തം

വന്ദിയ്‌ക്കേണം വരഗുണനിധേ, വർക്കലത്തമ്പിരാനേ

വേഗേനത്വം വടിവിൽനടകൊണ്ടങ്ങു മുൽപ്പാടുമേവും

കാളീം ദേവീം തൊഴുതു പുഴയുംപിന്നെ നീ പിന്നിലാക്കി

കോളംബാഖ്യാം നിഴകുലപുരീം കുപകാധീശ്വരാണാം

നാളൊന്റുക്കേ സമുദയവതീം കാൺക സർവ്വാംഗനാഥ

ഏഷാ ഭൂഷാമണിരിവ ഭൂവേ ഹന്ത വേണാർടർകോനും

നീയുംപാലിച്ചപഗതഭയം വർദ്ധിതാ നാളിൽ നാളിൽ

ഇന്ദ്രോപേന്ദ്രക്ഷപിതദിതിജോപദ്രവാമദ്യമന്യേ

നാണിക്കിന്റോളമരനഗരീം നാമമാത്രവശേഷാം

ചോങ്കും ചമ്പ്രാണിയുമുടനുടൻ വന്നചോണാടനുംകൊ-

ണ്ടാക്രമന്തീ ജലധിമഖിലം നിന്നുടെ കീർത്തിപോലെ

പൊന്മേടാനാം മണിമകുടമാം നാവുകൊണ്ടെച്ചിലാക്കി

ക്കൂടക്കൂടക്കടലിൽ മുഴു​‍ിച്ചംബുജാൻ ഖേദയന്തി.

രമ്യശ്രീമന്നയനസുഭഗം മറ്റുമോരോപദാർത്ഥാൻ

നാട്ടാർ വർണ്ണിപ്പിതു, പുനരിദം കേവലം കൊല്ലമെന്റ്‌

എന്റാലീരേഴുലകിലുമിതിന്നൊപ്പമില്ലൊന്റുചൊൽവാൻ

തൊല്ലം! കൊല്ലം ഭവതു നിതരാം പിന്നെയുംകൊല്ലമേവ

വീണാവാണീം വിപുലജഘനാം താമ്രബിംബാധരോഷ്‌ഠീം

ക്ഷീണാം മദ്ധ്യേ കിസലയമൃദുസ്‌നിഗ്‌ദ്ധാംഗരേഖാം

പൂണാർകൊങ്കക്കലശനമിതാം മിക്കവെള്ളൂർവിളങ്ങും

നാണീംകാണാം വഴിയിലുടനേ വന്നുനിൽക്കിന്റവാറ്‌

വാരിപ്പൊക്കിപ്പഴവുമടയും ചക്കയും നൽക്കരിമ്പും

മേരുക്കുന്റിൻപരിചുമരുവും ബാലകം ചന്ദ്രംലേഃ

മൂരിത്തിട്ടെക്കഴകുപൊഴിയിക്കിന്റ മാതംഗവക്‌ത്രം

ചാരെച്ചെന്റങ്ങടിമലരിൽവീണ്ണഞ്ഞ്‌ജസാ കൈതൊഴേണ്ടും

നേരെപിന്നെപ്രിയസഖ, പനങ്ങാവനത്തിന്നകംപു-

ക്കാരാവംകൊണ്ടഖിലജഗതാം ഭൈരവീം ഭൈരവീം താം

നീരാർന്നീടും കരിമുകിൽനിറങ്കൊണ്ട നിൻമൂലതായെ-

ക്കോരിച്ചോരിക്കടൽപരികുമക്കാളിയെകൈതൊണ്ടും

അപ്പോഴാതിച്ചപുരമമരിന്റപ്പപനെക്കൈവണങ്ങി-

തൃപ്പാപ്പൂർക്കിന്റൊരുതിലകമേ, നീ നടപ്പോരുനേരം

താനത്തിന്നായ്‌ തദനുചുഴലുപ്പുക്കു സേവിച്ചുനിന്നെ-

പ്പോമേ ഭട്ടാരണർകില വിപക്ഷാസികാഃപൂജ്യപാദാഃ

അർത്ഥിശ്രേണിക്കഭിമതഫലം നൽകുവാൻ പാരിജാതം

വിദ്വൽ പത്മാകരദിനകരം, വിശ്വലോകൈകദീപം,

മുറ്റിക്കൂടും പെരിയ പരചക്രേഷു ചക്രായമാണം,

കറ്റക്കാർമൽപ്പുരികുഴലിമാർമാരനെക്കാൺക പിന്നെ.

വേലപ്പെണ്ണിന്നഴകുപൊഴിയും കണ്ണനെപ്പോരിൽമാറ്റാർ

മൂലത്തിന്നേ മുടിവിനൊരുമുക്കണ്ണനെപ്പുണ്യകീർത്തേ

വേരിച്ചൊല്ലാർമനസിജ, കയൽക്കണ്ണനെച്ചെന്റുനേരെ,

കോരിക്കൈകൂപ്പുടനിരവിവർമ്മാഖ്യവേണാടർകോനെ

അസ്‌മദ്വാർത്താം മുഴുവനറിയിപ്പിച്ചുമാമ്പള്ളിയോക്കൊ-

ണ്ടൽപസ്‌മേരാ നമിതവദനം വീര നിൽപ്പോരുനേരം

മുന്നേ നമ്മിൽ ക്കനിവുകനമുണ്ടാകയാൽ പോപോകെ-

ന്റപ്പോൾനിന്നോടവനവനിപാലൈകവീരോവിരഞ്ഞും.

രത്‌നശ്രേണീ കനകനികരം കാഴ്‌ചയുംവച്ചും കാണ്മാൻ

തിക്കിക്കൂടും പുനരറികിലോ നാവികാനാം നികായം

അപ്പോഴേ നീ നരവര പുറപ്പെട്ടു മൂവന്തിനേരം

മുച്ചന്തിക്കൽ ചുഴലമരുവും വാണിയം കാൺകപിന്നെ

തട്ടം, കട്ടിൽക്കയറു, വല, കൈക്കട്ടിൽ, മഞ്ചട്ടി, കൊട്ട

മ്മൊട്ടും, മുട്ടിൽക്കരയുമരിയും, പെട്ടിയും പട്ടുനൂലും.

ആടും, ചാടും, കുടയു, മടയും, പഞ്ഞിയും, മുഞ്ഞവേരും

നൂറും, ചോറും, ചുറയു, മറയും, കാരിരുമ്പും, കരിമ്പും.

കുരൻ, ചോഴൻ, പഴവരി, കുറക്കൊങ്ങണം, വെണ്ണകണ്ണൻ

മോടൻ, കാടൻ, കുറുവ, കൊടിയൻ, പങ്കി, പൊക്കാളി, ചെന്നെൽ

ആനക്കോടൻ, കിളിയിറ, കനങ്ങാരിയൻ, വീരവിത്തൻ

കാണാം മറ്റും പലവിധമുടൻ നെല്ലു കല്യാണകീർത്തേ.

കോലാമൂങ്ങൻ, ചുറകു, കൊഴുമീൻ, കൊഞ്ചു, പമ്പാട, പുന്മീൻ,

ചേർമീ, നാരൽ, ചുറകു, കരിമീൻ, കെണ്ടൽമീനങ്ങികണ്ടി

കൂമീൻ, ചെമ്മീനയില, ഞെരിമീൻ, ചൂളകൻ, വാളനന്തൻ

മറ്റും മിനിൻനിരകളവിടെക്കാണലാം വിൽക്കുമാറ്‌

ഏലം, കോലം, കടുകു, തകരം, കുന്തിരിക്കം, തുരിക്കം

ചോനപ്പുല്ലും ചുകിലു, മകിലും നാകിലം തുത്തിനാകം

തീമ്പൂ, കഞ്ചാ, വുലുവ, വിടയം, മാഞ്ചി, മഞ്ചട്ടി, കൊട്ടം

ചാതിക്കായും. പലവുമവിടെക്കാണലാം തേ മരുന്നും.

കസ്‌തൂരിക്കൊണ്ടിരുപതുപണം, കത്തികൊണ്ടുള്ളിതാ നീ

പുത്തൂരിക്കോ പുടവ? പുറമെന്തുണ്ടുകൈയിൽ മിച്ചം

പത്തോകൊണ്ടുപരിച പനിനീർ മറ്റുമുന്നേതു നല്ലൂ,

കുത്തോകാചൊന്റിതിനുതരമാഞ്ചൊല്ലുനീ കാരിതേവാ.

ചക്കിന്നുണ്ടോപരിച തുവനുച്ചക്കിടിക്കെട്ടുകാചു-

ണ്ടക്കോൽകൊണ്ടോ മിളകു തരകിന്നക്കടാനമ്പിയാടി

ചിക്കാണിസ്സോദുഹനുശിതിയോപാരിതായാരെയേയോ

കുക്കോകുജ്ജീകുളിരികുനിയസ്സഹ്‌മിതുഹ്മഭണാഹ.

ഇത്ഥംവിൽക്കും വിവിധവിപണിദ്രവ്യഭാഷാവിശേഷാൻ

കണ്ടും കേട്ടും പഴകിമുഴുവൻ കൗതുകം വിട്ടു നീ പോയ്‌

ചിന്തിച്ചേറ്റം മമ സഹചരീം വേഗവാനാകിലും ചെ-

ന്റന്തിക്കാലം നരവര കരിപ്പൂക്കുളം പുകപിന്നെ.

അപ്പോഴുദ്യൽക്കുളുർമതിമുഖീ മേഘരാഗാധരോഷ്‌ഠീ

ചൂഴത്താഴും തിമിരചികുരാ ചാരുതാരാശ്രമാംബുഃ

കിഞ്ചിൽക്കാണും കുമുദഹസിതാ നൂനമെന്നുണ്ണുനീലിം

കാമക്രീഡാരസവിലുളിതാം തന്നെയന്വേതി സന്ധ്യാ

അന്തിത്തേവാരവുമശനവും ശാർവ്വരഞ്ചാപികൃത്വാ

ബന്ധുസ്‌നേഹാദിമമപനയൻ നിദ്രയാ യാനഖേദം

സിന്ധുദ്വീപംപ്രതി യദുപതേ പോവതിന്നൊട്ടുരാവേ

വന്ദിശ്രേണീമധുരവചനം കേട്ടെഴുന്നേൽക്കപിന്നെ

കൂടപ്പിന്നെക്കുളി വയറയിട്ടങ്ങു തേവാരവും പു-

ക്കീടിക്കൂടുംദ്വിജപരിഷദേ നിത്യദാനംവിധായ

കേടറ്റീടുംഗുണഗണനിധേ, ചാരുമാവാരതംകേ-

ട്ടോടിക്കൊണ്ടങ്ങകിലെഴുനള്ളീടു സംഗ്രാമധീര.

പിന്നെപ്പാർശ്വേ പുതിയപൊഴിയും തോഴ പൂക്കൈതയും നീ

പിന്നിട്ടമ്പിൽത്തൊഴുതുവഴിമേൽ പിന്മനത്തമ്പിരാനെ

ചിന്നച്ചാർത്തിൻകുരലിൽമുരളും കാളവും കൊമ്പുമെല്ലാം

മുന്നിൽത്തൊങ്ങും പടയൊറകടന്നീടുകൊമ്പോറ്റി പിന്നെ

തേടിക്കൊണ്ടൊന്റകിലലരിത്തയ്യൽമയ്യാർന്നകണ്ണി-

ട്ടോടച്ചാർത്തിൻ ചുഴലവിതറും മുത്തുകൊണ്ടത്യുദാരം

പേടക്കാട്ടിൻപരിചഴകെഴപ്പൊങ്ങുമത്തെങ്ങുകൊണ്ട-

ങ്ങീടിക്കൂടും നിഖിലവിഭവം മുന്നിലേതോടനാട്‌

അർത്ഥപ്രാപ്‌ത്യൈ കനമടി കുളുർസ്സോമവൽ പീഡിതാനാം

വച്ചുന്നീർവച്ചതുവുപിബതാം കേവലം വാവൽപോലെ

ബിഭ്രാണാനാം വിഴുതിരവൽക്കത്തിമേകാം ദ്വിജാനാം

കാണാംമുൽപ്പാടിടയിലിടയിൽത്തത്ര ദേശാന്തരാണി

അസ്‌മിൻ കായങ്കുളവരളവേ മുക്കരിക്കിന്റുതാകിൽ

പാണ്ടിക്കെട്ടാലുപഗതമിതെന്റാത്തകോപാകുലാക്ഷഃ

വീരശ്രീമന്മുകുരമുടവാൾ നീയെടുപ്പാനടുക്കെ

പ്പേടിക്കിന്റേൻ വഴിയിലതുകൊണ്ടൊവൈകീടുമെന്റ്‌

ഏണാക്ഷീണം കുലതിലകമാമുണ്ണുനീലിക്കുവാണാൾ

നീണാളാവാൻ നിരുപമഗുണഗ്രാമ വേഗേന, പോമ്പോൾ

ബാണാരേസ്‌തൽഭവനയുഗളം പിന്നിലിട്ടങ്ങുചെന്റാൽ

കാണാം കായങ്കുളമിതികുളിർത്തീടുമങ്ങാടി പിന്നെ

പൂന്തൊത്തെന്നുംകുളുർമുല ചുമന്നോമൽവക്ത്രം വണങ്ങി-

ക്കിഞ്ചിൽച്ചഞ്ചന്മധുപവചനം കൊണ്ടുകൊണ്ടാടിമന്ദം

മാർഗ്ഗോപാന്തേ മലർനിരചൊരിഞ്ഞന്നടക്കാവിലെങ്ങും

വല്ലീബാലത്തരുണികളുടൻ കാണലാം നിൽക്കുമാറ്‌

വിങ്ങിപ്പൊങ്ങലച്ചിതറിന മലർത്തെന്റൽ പീത്വാ മയങ്ങി

ത്തങ്ങിത്തങ്ങിച്ചുഴലവരിവണ്ടിണ്ടയാം കണ്ടിയൂരിൽ

പ്പങ്ങിപ്പങ്ങിപ്പരിമളമെഴും തെന്റൽവീയും തദാനീം.

കറ്റക്കാർമൽക്കുഴലികളൊരോ രാഗഭേദംപുണർത്തീ-

ട്ടിറ്റിറ്റോലും മധുരസമയം ചിന്തുപാടുംദശായാം

മുറ്റംതോറും കിളികളതിനെക്കേട്ടിരുന്നക്കണക്കേ

മുറ്റും പാടിന്റെടമയിസഖേ, മറ്റമങ്ങേതുപിന്നെ

തട്ടാൻപൂർവ്വം വഴിയിലഴകാർന്നമ്പലം മുമ്പിലുണ്ട-

ങ്ങൊട്ടേവൈകീടിലുമവിടെനിന്റമ്പിലങ്ങാടിയുടേ

നീത്വാ പാലം നൃപവര വലത്തേനടന്നിണ്ടൽതീര-

തണ്ടാർമാതും മരുവുമവിടെക്കണ്ടിയൂരാം പ്രദേശം.

കണ്ടം വണ്ടിൻനിറമുടയനെക്കെങ്കനീരോടു തിങ്കൾ-

ത്തുണ്ടംചാർത്തുംപരനെ വരമാതിന്നുമെയ്‌പാതിയോനെ

മണ്ടും മാനേൽക്കരയെനെയരനെക്കമ്പിപാമ്പാക്കിയോനെ

ക്കണ്ടേപോവാൻതരമവിടെ നീ കണ്ടിയൂർത്തമ്പിരാനേ

മാറ്റേറുംനൽക്കനകകലശം വെന്റപോർകൊങ്കതാങ്ങി-

ക്കാറ്റേറ്റാടും നളിനമിഴിയാൾ പോന്നു നിൻമുന്നിൽവന്ന്‌

കോൽത്തേൻവെല്ലുംമൊഴി ചെറുതുരച്ചെന്നകൂട്ടത്തിനിന്നെ

പ്പോറ്റീവൈകിച്ചരുളുകിലിനിയ്‌ക്കൊട്ടുവല്ലായ്‌മചാലെ

ആടും വല്ലുംപരിചുമിഴിയുംതെറ്റുമാളാമണിക്കീഴ്‌

പാടും കോലാഹലമഴകൈഴും കോലവും കിംപ്രലാപൈഃ

നാട്ടിൽച്ചൊല്ലേറിന ചെറുകരെച്ചേരുമെന്നുണ്ണിയാടീം

വീട്ടിൽച്ചെല്ലായ്‌കിലുമയിസഖേ, കണ്ടുകിട്ടിന്റതുണ്ടാം

വീണാവാണീം വടിവിനൊടുടുത്തോരുകാവിത്തടുപ്പി-

ങ്കോണാൽപോരമമ്മുലയിണമറച്ചങ്ങിനെതാൻചമഞ്ഞ്‌

വേണീഭാരേ കവരികളണിഞ്ഞങ്ങുമാർഗ്ഗോപകണ്‌ഠേ

കാണാം മത്തൂറ്റമരുമിളയച്ചിക്കയൽക്കണ്ണിതന്നെ

കാണാം പിന്നെക്കമലവനിതാമാനനേ വാചി വാണീം

വാൾമേൽ വീരശ്രിയമപി വഹിക്കിന്റ വിഖ്യാതകീർത്തിം

തൂൺമേലുണ്ടാം നരഹരിനിഭം ചെന്റെതിർപ്പോർക്കുനിത്യം

കാണ്മോർകണ്ണിന്നമൃതന്നമൃതകരനാമോടവന്നാടർകോനെ

എല്ലാനാളും നിജസമുദയംചൊല്ലി നിദ്രാവിഹീനം

ദൃഷ്‌ട്വാ ദേവം മുരവിജയിനം പാണഡവന്നെന്റപോലെ

നിന്നെക്കാണുമ്പൊഴുതിരവിവർമ്മന്നു മന്യേ തദാനീ-

മെന്നേവന്റോരനുഭവരസം തന്നെയും മേൽവഴിഞ്ഞ്‌

ആനന്ദാബ്ധൗ മുഴുകിമുഴുകിപ്പൊങ്ങിനീന്തിത്തുടങ്ങി-

ന്റേനം സംഭാവയ യദുകുലാധീശ സംഭോജനാദ്യൈഃ

പല്ലില്ലാഞ്ഞല്ലഴകുപൊഴിയും പ്രേമവേഗം മുഴുപ്പാൻ

കൊള്ളുന്റു താന്തരുണർമണിവാ തമ്പലം വല്ലഭായാഃ

മന്ദം മന്ദസ്‌മിതനികരമാം ചാരുകർപ്പൂരരാശീം

നോക്കാം നീലക്കുവളമലരും കാഴ്‌ചവെച്ചെന്റപോലെ

കാണും നിന്നെത്തദനുകമനീയാംഗി വന്റേറ്റമമ്പു-

റ്റേണാക്ഷീണാം കുലമണി കുലുങ്ങാട്ടുവാഴുണ്ണുനീലി

മിന്നും മിന്നൽക്കൊടിലിവ ചിരസ്ഥായിനീ കാർമുകിൽക്കീഴ്‌

ചെന്റപ്പുവാർകുഴൽ നിഴലെഴച്ചേർന്ന ചാമ്പേയഗൗരീ

നിന്നെപ്പൂണും നയനനിഴൽകൊണ്ടക്കുറുങ്ങാട്ടു രണ്ടാം-

കന്നൽക്കണ്ണാൾ തദനുകനിവോടുണ്ണുനീലി സലീലം

നമ്മിൽച്ചാലെക്കനിവുകനമുണ്ടാകിലും വീരമൗലേ

തമ്മിൽക്കാണുംപൊഴുതിരവിവർമ്മന്നുമറ്റൊന്റുചേതഃ

എന്റാലസ്‌മൽപ്രിയമിതവനെക്കണ്ടുചൊല്ലിച്ചുകൊൾവാൻ

നല്ലേടംഞ്ഞാൻ കഥമപിവഴങ്ങിന്റെതാരൂഡകീർത്തേ.

എണ്ണറ്റീടും ഗുണസമുദയംചേർന്നിണങ്ങും കുറുങ്ങാ-

ട്ടുണ്ണിച്ചക്കിക്കടൽവനിതയാം മൽപ്രിയാപ്രേമബന്ധോഃ

കർണ്ണത്തോളന്നെടിയകുടിലക്കൺവിലാസങ്ങൾനിന്മേൽ

പുണ്യത്താൽവന്നിടപെടുകിലും തോഴ, വൈകാതവേണ്ടും

ചാന്താർന്നേന്തും കുചഭരനതാം, ചാമ്പിമാഴ്‌കിന്റനേത്രാം

പൂന്തേനോലും മധുരവചനാം, പൂർണ്ണലീലാഭിരാമാം

പോമ്പോഴാമ്പൽപ്രിയതമമുഖീമാക്കുറുങ്ങാട്ടുമേവും

ചാമ്പേയാംഗീം, മഹിതചിരുതേവീമുടൻ കാണലാം തേ

പിറ്റെന്നാളൊട്ടെതിരെ മറിമാൻകണ്ണിമാർമാരനേ, നീ

മറ്റംപിന്നിട്ടിനിയപുഴയും കണ്ടിയൂരേവരേണ്ടും

കറ്റക്കാർമൽക്കുഴലികൾ ചുഴന്റുല്ലസിക്കും പ്രദേശം

മുറ്റെച്ചെന്നിത്തലമറുകരെത്തമ്പിലാലോകയേഥാഃ

ചോമൻകണ്ടം ചിടയിലണിയും തമ്പിരാനോടുവേറേ

കാമൻതന്നോടിനിമതി വഴക്കെന്റിരന്നും വലഞ്ഞും

കൂമമ്പാച്ചൻവാനരുതവിടവും കണ്ടുകുമ്പിട്ടുപോക

തൂവും പൂന്തേൻ പരിമളഭരം നമ്പുതോലുന്നടപ്പാൻ

മേവുംകാവും പഥിയുഴറി നീ തിർക്കുറണ്ടിക്കുചെന്റ്‌

ദേവം തസ്‌മിൻ തൊഴുതുവഴിമേൽ നിന്റുനേരേ നടന്നാൽ

കൂവീടപ്പാൽ പഥി പനയാർകാവു മംഗല്യകീർത്തേ.

കച്ചക്കൊക്കക്കതിനനെ, മുറിച്ചുച്ചകൈർദ്ദിഗ്ഗജേന്ദ്രാ-

നച്ചച്ചച്ചോ, ശിവശിവ, മഹാഘോരമോരോയുഗാന്തേ

പച്ചച്ചോരിക്കളിവെതുവെതക്കോരിയാരക്കുടിച്ചോ-

രെച്ചിക്കിണ്ണം തവവിയദിദം ദേവി തുഭ്യം നമോസ്‌തു.

ഇത്ഥം വാഴ്‌ത്തിതൊഴുതെരികനൽക്കണ്ണർ കണ്ണിൽത്തനൂജാം

മത്തേഭേന്ദ്രാൻ തലപൊരുതുടൻ കാതിലിട്ടമ്മതന്നെ

ഉൾത്തൂർന്നെങ്ങും മകരനിവഹം തോഴ, നിൽക്കിന്റതും ക-

ണ്ടത്യാമോദാൽ പുനരയിസഖേ, പാലവും പിന്നിടേഥാഃ

മുൽപ്പാടസ്‌മിൻ മരുവുമചലപ്പെണ്ണിനെക്കൈവണങ്ങി-

തൃപ്പാപ്പൂർമൂപ്പുടയമടവാർമാരനേ നീ വിരഞ്ഞ്‌

എപ്പോഴും നിന്നുടമകരുതും രായിരക്ഷോണിപാലം

കെൽപ്പാർന്നീടും മഹിതചിറവാവീരനെക്കണ്ടുപോക

കൈതക്കാട്ടെക്കുവലയദൃശാം പാട്ടുകേട്ടങ്ങിരുന്നാൽ

കാലംവൈകും പെരികെനിരണത്തിന്നുപോകാൻവഴങ്ങേൻ

എന്റാൽ പാരിൽ പ്രഥിതചിറവായ്‌ക്കില്ലമാം തെന്തുരുത്തി-

ക്കൂടെക്കൂടെക്കഴിക പഴവാറെന്റുചൊല്ലും ചടങ്ങും

വീടുണ്ടല്ലോ തദനുഭവതോ മുമ്പിലായാണിപാർമേൽ

മാടമ്പീനാമവിടെവസതാം ധന്യമാകും നിവാസം

മാടം ചെന്റങ്ങുഡുപതികലാം ചൂടി മാതേവരാവാൻ

തേടിന്റേടം പുനരവിടെയുംചെൽക പോരുംദശായാം

മെത്തും മത്തഭ്രമരമുഖരാം, മത്തമാർപോർമുലത്തൊ-

ത്തൊത്തിന്റോമൽക്കളഭകളിയിൽപൊങ്ങുമംഭോരുഹാഢ്യാം

തത്തിത്തത്തിചെറുതിരകളിൽച്ചേർന്ന മുക്താകലാപാം

കൊത്തിക്കൊത്തിക്കുരുകിൽ പരുകച്ചേർന്ന തീരാഭീരാമാം

പിന്നെപ്പിന്നിട്ടമലസലിലാം താം നദീം പാടമേപോയ്‌

കന്നൽക്കണ്ണാർകുസുമശര നീ വല്ലവായ്‌ക്കങ്ങചെന്റ്‌

ഉന്നിദ്രാണപ്രസവവിസരൽക്കേസരോദ്യാനവാതൈ-

രുന്നിക്കാമം മതിലകമകംപൂക ഭൂപാലമൗലേ.

പൊൽപ്പൂമാതിൻ കുളിരിളമുലത്തൊത്തിലൊത്തിന്റകോലം

കർപ്പൂരാപൂരിതമലയജം ചാർത്തുമാനന്ദമൂർത്തിം

തൃപ്പാപ്പൂർവാണ്ണമൃതകരനേ, വല്ലവായ്‌ക്കോയിൽകൊള്ളി-

ന്റപ്പൻതന്നെ തൊഴുക മഴകോലിന്റനീലാംബുദാഭം

അപ്പോൾ നിന്നെത്തെളിവിലിളമങ്ങിക്കരച്ചേരിമറ്റും

തസ്‌മിൻമേവും പെരിയമടവാർ വന്നുതാന്താൻമുതിർന്ന്‌

ഉദ്യൽക്കോലാഹലമുപചരിക്കിന്റസത്രംപൊറുപ്പാ-

നച്ചച്ചോ കാണരുതുവഴുതിക്കൊൾകനീ കൗശലേന.

കുമ്പിട്ടമ്പിൽത്തദനുവിനതാനന്ദനം തണ്ടിലേറി

ചെമ്പൊൽക്കാളം തെളുതെളെമുതിർന്നംബരമ്മേൽമുഴങ്ങേ

വമ്പുറ്റീടും കുടതലചുഴന്റങ്ങു നേരേ നടന്നാൽ

മുമ്പിൽക്കാണാം പഥി കരിയനാടെന്റുപേരായകാവ്‌

ചൂഴുംവയ്‌ക്കും പെരിയവിഭവം നോക്കിയാലുച്ചയോളം

കോഴിക്കോടും പുനരതിനൊടോ കൊല്ലവും തുല്ല്യമല്ല,

ആഴിപ്പെണ്ണും നിഖിലജനവും വൈകിനാൽ വാങ്ങുമസ്‌മിൻ

കോഴിക്കൂടും ചെറിയകുറുമാർപോലുമില്ലങ്ങു പിന്നെ

മുത്തൂറ്റം ചേർന്നണിമുലപിരിഞ്ഞുള്ള മാരാതിരേകം

മുത്തൂറ്റിന്റു മമപുനരതങ്ങുണ്ണുനീലിക്കു ചൊൽവാൻ

മുത്തൂറ്റിച്ചേർന്നിനിയപുഴയും പിന്നിലിട്ടേച്ചു ഗംഗാ-

മുത്തീര്യത്വം വിരവൊടുസഖേ, നാലുകോടിക്കുചെൽക.

മുക്കാലംചെന്റിമയവർതൊഴും തിർക്കൊടിത്താനമമ്പി-

ന്റക്കാർവർണ്ണൻചരണയുഗളം കൂപ്പി നേരേനടന്നാൽ

തെക്കിൻകൂറങ്ങതുകഴിവൊളം കാടിടത്തുംവലത്തും

മിക്കേടത്തും പുനരവിടമോ ഞാനുണർത്തിന്റുതില്ല.

അഗ്രേ കാണാം തദനു മണികണ്‌ഠാഖ്യപൂർവ്വംപുരം തേ

തെക്കിൻകുറ്റിന്നൊരുമണിവരം തത്രമേവും മുരാരീം

ഭക്ത്യാ നീ ചെന്റഴകൊടു തൊഴുന്നേരമീശാനകോണേ

തിക്കിക്കേൾക്കാം പഥികനിവഹം നിന്റഴെക്കിന്റവാറ്‌

ചർച്ചിച്ചാലും ചരണമതെനിക്കുണ്ടതില്ലെന്റുമസ്‌മി-

ന്നൊട്ടേടം ചൊല്ലവിടമരുതങ്ങമ്മയെക്കേട്ടുകൊൾക.

തൊട്ടുണ്മൻഞ്ഞാൻ തുളുവനുറുവന്മേ പകർന്നേടമെങ്ങൂ

സദ്യക്കാരമ്പറയനവിധാ കോലെടുക്കേഷാപാഴാ.

എന്റെല്ലാംക്വിടെയുളനാമാകിൽ നീ ബിംബലീശം

വെന്റിക്കുന്റിന്നൊരുതിലകമാം രാമവർമ്മാഭിധാനം.

കണ്ടിട്ടേറ്റംവിരവിൽമരുവാർ കാലനേ വൈകിയാതെ

ചെഞ്ചമ്മേപോയ്‌ മഹിതതിരുവാഞ്ചൈപ്പുഴയ്‌ക്കങ്ങു ചെൽക

വിപ്രേന്ദ്രാണാമഭിജനവതാം വാസസങ്കേതസീമാ-

മേനാം ജാനുദ്വയസമധുരസ്വച്ഛനീരാഭിരാമാം

ഛത്രശ്രേണീവിരചിതനടപ്പന്തലൂടെ നടന്നേ

തത്രത്യാനാം വിവിദമവിധാനാദവും കേട്ടുകൊൾക.

ചോരിച്ചോവാമലരിൽമധുരാം ചാലയിൽച്ചേർന്നു പൂന്തേൻ

കോരിത്തൂവും വചസി ലളിതാം കോമളാം മംഗളാംഗീം

പാരിക്കാണ്ടാംകുളമിതമമർന്നോമലേക്കണ്ടുപോവാൻ

ചാരത്തല്ലാഞ്ഞയിചരതമായ്‌ ഞാനുണർത്താഞ്ഞുതങ്ങ്‌.

കല്ല്യാണാബ്‌ധേ, തദനു ച തിരിഞ്ഞയ്യടിക്കേറ്റുമാനൂർ

ചെല്ല.ം ചെന്റാലവിടെമരുവും ചന്ദ്രമൗലിം വണങ്ങി

ഊണും തേവാരവുമവിടെനിന്റൊട്ടുവേഗേന കൃത്വാ

ബാണംപോലെ വടിവിൽനടകൊൾകങ്ങുവേണാടർകോനേ

കാതം പോരുംവഴി കുറകയില്ലേതുമാക്കോതനല്ലൂർ

ചൂതംതോറും തണലിൽ വിളനെൽ കാക്കുമക്കന്യകാനാം

കാതോളംനീണ്ടസിതനയനം കണ്ടു മാനെന്റുമത്വാ

പോതപ്പെണ്മാൻനികരമരികേ ചെന്റുമേവീടുമേടം

കൂവീടിന്മേലെളുതുവഴിയിന്റങ്ങു പണ്ടേതിനേക്കാൾ

പൂവിടിന്റേ ചിലതരുകുലോല്ലാസി പാർശ്വാഭിരാമം

തേർപോവോളം വടിവിലിടമിട്ടുണ്ടിടത്തത്യുദാരം

വാപീതീരംപ്രതി വിരചിതം ബിംബലീപാലകേന

ചിന്തിപ്പോമ്മാറരികുലബലം ബിംബലീപാലകാനാ-

മന്തിക്കൂതുംവിരുതു വിരുതം നിന്നൊടാവേദയേയുഃ

സിന്ധുദ്വീപേ ജനിതകുതിരക്കുഞ്ചിയിൽക്കിഞ്ചലോലാഃ

സിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃ

വിസ്‌താരാഢ്യേ ഭുവനവിദിതേ മത്തമാതംഗഭീമേ

താരാർമാതിൻ കുലനിയനേ ദിവ്യരത്‌നാഭിരാമേ

അംഭോരാശൗ തദനുപകലോനെന്റപോലേ സഖേ നീ

മംഗല്യാബ്‌ധേ, വടമതിരയിൽച്ചെന്റകംപൂക പിന്നെ.

Generated from archived content: unnuneelisandesham3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here