നീർത്താനിന്ദുപലമിവ, തെളിഞ്ഞാമ്പൽപോലെചിരിച്ചാ-
നാർത്താൻ വണ്ടിൻകുലമിവ, വളർന്നാൻ പയോരാശിപോലെ,
പീത്വാ രൂപാമൃതമിളകിനാനേഷചെർപ്പോത്തുപോലെ,
കൂഴ്‌ത്താൻകാമീ മദനനിവപോന്നാഗതേ വീരചന്ദ്രേ.
താന്താനേവന്നയമുപഗതോ ദൈവയോഗാദിദാനീം
കാന്താചാന്താർമുലയിണപിരിഞ്ഞുള്ള താപം നിഹന്‌തും
ഞാന്താനെന്റങ്ങവനുടനണഞ്ഞെത്തിനാനാത്തരാഗം
ചെന്താർമാതിൻകുലനിലയമാം വീരവേണാടർകോനെ
ആകൽപം വാണ്ണരുളു പകയർക്കന്തകാ ഹന്ത ഭൂമി-
ക്കാകൽപം നീ മുഴുവർമണിയേ വാണിയും പൂവിൽമാതും
വീകിച്ചേവന്നഴകൊടുപുണർന്നീടുമാതിച്ചവർമ്മാ
മേഘത്തോടും കൊടയിലിടയിന്റോരുകല്യാണസിന്ധോ
എണ്ണിക്കൊള്ളാം പടയിലെഴുന്നള്ളത്തു കൊല്ലത്തുനിന്റോ
കണ്ണിൽകൂടാതടയരുടൽകൂറാളി തോവാളനിന്റോ,
വർണ്ണിച്ചേറ്റം ഭുജഗശയനംകണ്ടു കൈകൂപ്പുവാനെൻ
പുണ്യത്തിന്റെപെരുമ! നവരം നിർവരത്തെന്റുമന്യേ
ആറല്ലോചൊല്ലമരസരണൗ സംസ്‌കൃതപ്രാകൃതതാനാം
മാറില്ലല്ലോ പുനരതിൽനിനക്കിന്റു മംഗല്യകീർത്തേ
ആറല്ലോമുന്റവനിവിഷയേ ചേർന്നഭാഷാവിശേഷം
വേറല്ലേനീ പറകിലവയറ്റിങ്കലും വീരമൗലേ
രാജ്യാനാമങ്ങിനിയപതിനെട്ടിന്നുമിന്റായുധാനാം
വിദ്യാനാഞ്ച ത്വമപി പെരുമാൾ വീരസംഗ്രാമധീര,
നാലിന്നുമ്മറ്ററുപതിനുമിന്റക്കലാ കൗശലാനാം
ഗ്രാമാണാഞ്ചാശ്രയമനുദിനം വാഴ്‌ത്തുവോരാപ്‌തബന്ധോ !
ശൗണ്‌ഡീ, വേണു, സ്‌തനി, ശബരികാ, പങ്കിതം, രാവണങ്കൈ,
സാരംഗം, നന്തുണി, നിറമെഴുന്തണ്ണി, വീണാ, പിനാകം
മറ്റും വാദ്യോൽക്കരമനുതരിക്കിന്റെ വാദ്യാമൃതം തേ
കേൾപ്പുണ്ടോ വന്നിളയിലമരാധീശ ഗന്ധർവ്വസംഘംഃ
വട്ടത്തിൽച്ചേർന്നടയരുടലിൽച്ചേരുമച്ചോരിവെള്ളം
മുട്ടക്കോരിക്കഴുകുമെഴുപാറും കുടിക്കുംപ്രകാരം
വെട്ടിക്കീറിപ്പടയിലുടവാൾകൊണ്ടു വേറിട്ടുകൂറി-
ട്ടൊട്ടൊട്ടേടം നൃപ പറവരിന്നും വരിരുന്നുണ്മതുണ്ടോ?
വ്യായാമംകൊണ്ടഴകിലുദിതാമോദമുച്ചൈഃശ്രവാവി-
ന്നായാസംചെയ്‌തമലതുരംഗം നീ കരേറുംദശായാം
പ്രാണാപായംകരുതിനതുലിക്കൻപടക്കോപ്പനെണ്ണം
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാർത്തുചെന്റ്
മുറ്റത്തല്ലോ നനു സുരപതേർന്നിൽപുതുക്കൽപവൃക്ഷം
മുറ്റിക്കേൾക്കും വരസുരഭിയും വാരുണീഹോമധേനു
ചെറ്റിക്കൂറില്ലറികിലളകേശന്നുമീശേ നിരാശേ
മുറ്റും നീയേവരിലുമിരവർക്കിന്റു കല്യാണമേഘം.
ഇത്ഥം നാനാ കുശലമവനോടാപ്‌തിപൂർവ്വം വിചാരി-
‘ച്ചാസ്ഥാ ലോകേ വിപുലമനസാ’മെന്റു മുൽപ്പെട്ടുകാട്ടി
പ്രാർത്ഥിച്ചാൻ തൻ കരുമമവനെ പ്രാർത്ഥനീയാനുഭാവം
സ്വാർത്ഥംപ്രത്യർത്ഥികളിലെവിടെക്കാമുകാനാം വിവേകം.
ആർത്തത്രാണപ്രവണ കരുണാവാരിധേ കാമുകാനാം
നേത്രശ്രേണീമധുപനളിനീം വേറിരുന്നുണ്ണുനീലീം
വാർത്തപ്പെട്ടേനിഹ വിരഹിണാം ഞാൻ തുലോമിന്റുപാർമേൽ
കീർത്തിപ്പാനൊന്റരുതതു ശരച്ചന്ദ്രികാചാരുകീർത്തേ!
സിന്ധുദ്വീപെന്റൊരുപുരവരം ബിംബലീപാലകാനാം
കേൾപ്പുണ്ടല്ലോ ജഗതിവിദിതം മേദിനീസ്വർഗ്ഗബണ്‌ഡം.
തസ്‌മിൻമാരന്നിനിയപടവീടുണ്ടു മുണ്ടക്കലെമ്മോ-
രില്ലം മല്ലക്കുവലയദൃശാം പാരിലാരൂഢകീർത്തി.
കാമോന്മാദാൽ കനിവൊടുചമഞ്ഞുർവ്വശീ നിർവ്വശങ്കം
ഭൂമൗ ഭൂമീശ്വരനിൽ മരുവീടിന്റനാൾ വിക്രമാഖ്യേ
ഉണ്ടായീപോലഴികിലവൾപാകത്തുനിന്റത്യുദാരം
തണ്ടാർമാതിൻ കുലനിലയമാം വംശമേതൽപൃഥിവ്യാം
തസ്‌മിൻവംശേ തരുണനയനങ്ങൾക്കുപിയൂഷധാരാ
താരുണ്യാനാം ജഗതി ജനനീ താർചരന്നസ്‌ത്രശാലാ
താരാർമാതിന്നഭിമതസഖീ താമ്രബിംബാധരോഷ്‌ഠീ
താരാനാഥപ്രതിഭടമുഖീ തിണ്ണമെന്നുണ്ണുനീലി
ഞാനും തന്വീതിലകമവളും കൂടി വാടാതകാന്ത്യാ
കാമക്രീഡാചപലവപുഷൗ ചേർന്നുറങ്ങും ദശായാം
കല്യാണാംഗീം കഥമപിപിരിച്ചെങ്ങനേ ഞാനറിഞ്ഞീ-
ലെന്നെക്കൈക്കൊണ്ടപഗതവതീ കാപിയക്ഷീനിശായാം.
കാതത്തിന്മേലുപരി ഗഗനേ ചെന്റനേരത്തുണർന്നേ-
നാതപ്‌തോ ഞാനിഹവിരഹിതോ വേറിരുന്നുണ്ണുനീലിം
പേടിച്ചേറ്റം വിരവിൽ നരസിംഹാഖ്യമന്ത്രം ജപിച്ചേ-
നോടിപ്പോനാളവൾ മുറയുമിട്ടുങ്ങുകൈവിട്ടുനമ്മെ
താങ്ങിത്താങ്ങിത്തദനുമൃദുനാ മാരുതേനാനുയാതോ
മന്ദംമന്ദം പുനരഹമിഹൈകത്ര ദൈവാനുഗുണ്യാൽ
സമ്മൂഢംമാമിവിടമറിയിപ്പിച്ചതംഭോജനാഭം
പാടിപ്പാടിപ്പുലരിപുകഴും ഗായകാനാം വചാംസി.
ദേവം നത്വാ ഭുജഗശയനം വാതിൽമാടത്തിൽമേവി-
ത്താവുംപെണ്മാൻമിഴിയോടുപിരിഞ്ഞേറെനീറീടുമെന്നെ
മേവും പൂവില്ലവനുമുടനിക്കാലവും വെണ്ണിലാവും
കൂവുംകോലക്കുയിലുമഴകിൽതെന്റലുംകോന്റുതല്ലൊ.
മുണ്ടക്കൽക്കിന്റൊരുതിലകമാമുണ്ണുനീലിവിയോഗം
കൊണ്ടപ്പൂമന്മനസിജശരൈർജ്ജീവിതാപന്നമെന്നെ
കണ്ടപ്പോഴേ കനിവിനൊടുണർത്തിപ്പുണർത്തിന്റനിന്നെ
ക്കണ്ടിട്ടിപ്പോഴയിബത മഹാനന്ദമഭ്യേതിചേതഃ
കാമാർത്താനാം ഝടിതിമൃതസഞ്ഞ്‌ജിവനം പോന്നിരക്കെ-
ന്റോമൽപ്പെണ്മാൻമിഴികൾ മദനാ, തേറിനോം ഞങ്ങളെന്റാൽ
നീയ്യേവേണം നരവര, വിഞ്ഞെങ്ങൾ വാർത്താമുണർത്തി
ക്കാമാപന്നാം കളഭഗമനാം പോറ്റി പോറ്റീടുവാനായ്
എന്റാൽ നീപോയ്‌വടമതിരയിൽച്ചെന്റുകണ്ടുണ്ണുനീലി
മൊന്റൊന്റേമച്ചരിതമറിയിപ്പിച്ചതേറ്റീടുവാനും
നന്റുംനന്റായ് വരികതിരുവുള്ളം നിനക്കെന്നിലെന്നും
മന്റിൽക്കീർത്തീം മതുമതവിതച്ചീടുമാതിച്ചവർമ്മാ
അഞ്ചാംപക്കം വരമിതുതുലോം, വാരവും വീരമൗലേ
നാളും നന്റേ നളിനവനിതയ്‌ക്കിമ്പനേ മുമ്പിലേത്
മേടം വേണാടരിൽമകുടമേ രാശിയുംവാഗധീശൻ
നാലാമേടത്തയമുപഗതോ ഭൂതികാമാഖ്യയോഗഃ
എന്റാൽ കേൾപ്പൂ വഴിയിവിടെനിന്റക്കടത്തെത്തലാന്തം
ചെന്റാൽ മാലക്കുഴലികൾമണിക്കങ്ങുണർത്തിന്റതും നീ
എല്ലാമേറ്റംനവരമറിയിന്റോർക്കുമിന്റുള്ളവണ്ണം
കേട്ടാൽ വാട്ടം മനസികുറയും ചെയ്യുമർത്ഥാന്തരാണി
നാഭീപത്മം നിഖിലഭുവനം ഞാറുപെയ്‌താത്മയോനിം
നാഗേന്ദ്രമ്മേൽബ്ബത മതുമതപ്പള്ളികൊള്ളും പിരാനെ
നാഗാരാതിധ്വജനെ നവരം മുമ്പപിൽ നീ കുമ്പിടേണ്ടും
നാൽവേതത്തിൻ പരമപൊരുളാം നമ്മുടേതമ്പിരാനെ
വേലപ്പെണ്ണിൻ മുലയിൽമരുവും ചന്ദനാമോദരമ്യേ
ചാലച്ചീറ്റം പെരുകിയുരുകീടിന്റ വിശ്വംഭരായാഃ
കോലക്കണ്ണിൻമുന കനമകംപൂക്ക നിൻമാറിൽമന്ദം
നീലക്കല്ലാൽ വലസിനമണിക്കൗസ്‌തുഭം വെൽവുതാക.
ക്ഷീരാംഭോധൗ ഭുജഗവരനാം മെത്തമേലത്യുദാരം
താരാർമാതിൽകുളുർമുലയുഗം പൂണ്ടുപൂർണ്ണാനുരാഗം
പാരേഴിന്നും തുയിർ കുറവേറപ്പോക്കുവാൻ പള്ളികൊള്ളും
കാരുണ്യാബ്‌ധേ തവപദയുഗം പത്മനാഭാ തൊഴിന്റേൻ
മീനായ്‌വേദാൻ, കമഠവപുഷാ മന്ദരം, പന്റിയായ് പാർ
നാകാധീശം തരഹരിരുചാ, മാറ്റിനാ മാണിയായും
ഭൃഭൃദ്രക്ഷസ്‌സുരരിപുകുലം രാമനായ്‌കൃഷ്‌ണനായും
വെന്റാൻ വെൽവോൻകിലജഗദിദം കൽക്കിയായും നമസ്‌തേ
നീലസ്‌നിഗ്‌ദ്ധം ഗഗനതലമാം മിക്കമേൽക്കട്ടിതൻകീഴ്
പാലാർവെള്ളത്തിരനിരതരംചേർന്നഭോഗീന്ദ്രഭോഗേ
മാർവിൽതങ്ങുമ്മണിവരമഹാദീപികേ പൂവിൽമാതി-
ന്നോമൽപ്പൂൺപായ്‌ത്തെളിവിൽവിലസും ഭാഗ്യസീമൻ നമസ്‌തേ
വജ്രക്രൂരൈർന്നഖരശിഖരൈർദ്ദാരിതേ ദൈത്യവീരൻ-
മാർവ്വിൽത്തങ്ങും നെടിയകുടരാർ ചാർത്തുമമ്മുർത്തിതന്നെ
ഭക്‌തത്രാണപ്രവണചരണാംഭോരുഹം നാരസിംഹം
പിന്നെക്കുമ്പിട്ടരുളുക സഖേ തെക്കിനേൽത്തമ്പിരാനെ
ഭേദാഭേദപ്രഗുണിതപുരാണേതിഹാസാഗമാനാം
കേദാരത്തെച്ചിരമടിതൊഴിന്റോർക്കു ചിന്താമണിം തം
വേദാന്നാലാക്കിന മുനിവരം വിശ്വവേദാന്തവേദ്യം
പാദാംഭോജേ തൊഴുകതരസാ വീണു സർവ്വാംഗനാഥ
വിഷ്വക്‌സേനം പ്രഥമ,മഥനീ ദീപശാലാന്തരാളേ
രാമം രാമാനുജമപിഹനുമന്തമന്തേവണങ്ങി
രത്‌നോദഞ്ചൽക്കനകവളഭീമണ്‌ഡിതേ മണ്‌ഡപേ ചെ-
ന്റത്യാമോദാൽത്തൊഴുക വനതാനന്ദനം നന്ദസൂനും
ഊയൽപ്പൂമെത്തയിൽ മരുവുമക്കണ്ണനാമുണ്ണിതന്നെ-
ത്താലോലിച്ചും തഴുകിയുമുടൻ നിന്റുവൈകാതവണ്ണം
ചൂഡാഗ്രംകൊണ്ടണിമതിതൊടും വാതിൽമാടംപുറപ്പെ-
ട്ടാര്യംവീര്യം സ്വകമിവ വലത്തിട്ടു നീ കുമ്പിടമ്പിൽ
മന്റിൽച്ചെൽവംപെരിയ തിരുവമ്പാടിയിൽക്കൂടിയാടി-
ക്കന്റിൽക്കൂടിത്തെളിവൊടു കളിച്ചീടുമെൻതമ്പിരാനെ
കുന്റേക്കൊണ്ടങ്ങടമഴതടുത്താച്ചിമാർ വീടുംതോറും
ചെന്റപ്പാൽനൈപരുകിമരുവും കണ്ണനെക്കൈതൊഴേണ്ടും
കാലിക്കാലിൽത്തടവിന പൊടിച്ചാർത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാൽക്കലിതചികുരം പീതകൗശേയവീതം
കോലും കോലക്കുഴലുമിയലും ബാലളോപാലലീലം
കോലന്നീലന്തവനിയതവും, കോയിൽകൊൾകെങ്ങൾ ചേതഃ
എന്റീവണ്ണം തൊഴുതു വിടയുംകൊണ്ടെനിക്കും നിനക്കും
നന്റുംനന്മയ്‌ക്കഴകൊടുഭവാനുണ്ണുനീലിക്കുമേറ്റം
ഒന്റിന്നുന്നീ നരവര വലത്തിട്ടുകൊണ്ടങ്ങുനേരെ
ചെന്റാൽ കുമ്പിട്ടരുളു കരുണാപാത്രമാം ക്ഷേത്രപാലം
വൈകുണ്‌ഠം നീ വലിയബലിപീഠോപകണ്‌ഠത്തിൽനേരേ
കുമ്പിട്ടമ്പിൽപ്പുനരയിസഖേ, പ്രാർത്ഥയൻവാഞ്ഞ്‌ഛിതാർത്ഥാൻ
സമ്പൽപ്രാപ്‌ത്യൈവിരവൊടുപുറപ്പെട്ടെഴുന്നള്ളിദാനീം
ചെമ്പൊൽക്കുന്റിൻ പെരുമകവരും ഗോപുരേണാപരേണ
അപ്പോൾമുൽപ്പാടണയവഴിമേൽക്കാണലാം തേ വലത്ത-
ങ്ങുപ്പുപ്പെന്നും നിജസഹചരീമുപ്പനഭ്യേതി വാമാം
തൃപ്പാപ്പൂർ മൂപ്പഴകുപൊഴിയും വീര, മംഗല്യശംസീ
മുൽപ്പാടപ്പാൽക്കിമപി ച വലം പാട്ടുപാടും വിയാനും
വീണാവാണീം വടിവിനൊടിടത്തങ്ങടുത്തുണ്ണിയാടീ-
മേണാങ്കന്നും ചെറുതുകുറവാക്കിന്റവക്രതാരവിന്ദാം
ഓണമ്പോലെ വിരവിലെഴുന്നള്ളിന്റനിന്മേൽത്തദാനീം
കാണാം തൂവെൺ മുറുവൽമലരാൽതൂകി മേവിന്റവാറ്
പിന്നെപ്പൊന്നിൻമെതിയടികഴിച്ചങ്ങു തണ്ടിൽക്കരേറി
ക്കന്നൽക്കണ്ണാർമനസിജ, മതിപ്പെട്ടസേനാസമേതഃ
പുന്നപ്പൂവിൻ പരിമളഭൃതാ മാരുതേനാനുയാതോ
മുന്നെക്കാണാമിതവിയനടെക്കാവു നീ പിന്നിടേഥാഃ
പാലും നെയ്യും പരഭൃതഗിരാം വീടുംതോറും കവർന്നോ-
രോമൽപ്പൈതൽക്കിളയളയിഞ്ഞാനെന്റു ചൊല്ലിന്റപോലെ
പാരേഴിന്നും പ്രഥമജനനീം പാൽക്കുളത്തിൽക്കളിക്കും
ദേവീമേവംതൊഴുക ദിവിഷദ്വേഷിവിദ്വേഷിണീം താം
മേതിച്ചൊല്ലുള്ളസുരനിവഹം പാരിൽ നിന്റേറ്റിമാറ്റി
പ്പാതിപ്പെട്ടോ, ചിലദിവിഷദാം മൈവളർത്തും മരുന്നേ
കാതിൽപ്പാമ്പും കതകരചിതം തോടയും ചേർത്തുചാർത്തും
മാതശ്ശീതദ്യുതികലയണിഞ്ഞംബികേ കൈതൊഴിന്റേൻ
നേരെചെന്റാൽ പ്രിയസഖ, വിരഞ്ഞംബുരാശേരുദാരം
തീരം കാണാം പുകഴ്‌പൊവിവെഴും വീരർകോനേതദാനീം
ഓരോന്റേനിന്റതുമിതുമുടൻ ചൊല്ലിവൈകിപ്പതെല്ലാം
പോരാതോകാൺ നിഖിലമറിയും നിന്നൊടിന്നാട്ടിൽനിന്റ്
സത്വം ഗംഭീരത വടിവിടമ്പാടു രത്‌നാകരത്വം
മറ്റും പാർത്താൽ തവഗുണഗണം ചേർന്നെഴും വാരിരാശി
തന്നിൽത്തങ്ങും തുരഗശിഖിനാ ഹന്ത! വെന്തറ്റിടിന്റോൻ
മന്യേ തന്നാൽ പെരികൊരുപജീവിത്വമില്ലാർക്കുമെന്റ്
മണ്ടുംമാൻനേർമിഴികൾ മദനാ മന്മഥാരാതിതന്നെ-
ത്തെങ്കൊല്ലത്തിന്നൊരുതിലകമേ, തിങ്കൾചൂടുംപിരാനെ
കാണ്മൂപിന്നെക്കമലവനിതയ്‌ക്കിമ്പനേ, നിൻവിയമ്പേ-
രാളും കാളീപിതരമെതിരില്ലാതമംഗല്യകീർത്തേ
ആനത്തോലോ, കൊടിയവിഷമോ, വെള്ളമോ വെള്ളലിമ്പോ
മാനോ, മീനധ്വജചൂടലയാം കണ്ണിലാർക്കിന്റതീയോ
നീറോവേറേപറകിൽ മലമാതിന്നുനിന്മൈ കനക്ക-
ക്കുറാവാനെന്റിനിയതതുചൊല്ലേതുശീതാംശൂമൗലേ
ശംഭോ, ഗംഗാധര, ഗിരിസുതാനാഥ, ശീതാംശുമൗലേ,
കാമാരാതേ, ഹര! ഹര! ജയേത്യുച്ചനേരം
പൂജാകാലം കഴിയുമളവമ്മുർദ്ധഞ്ഞ്‌ജലിസ്‌ത്വം
വാഴ്‌ത്തിക്കുമ്പിട്ടരുളതിമുദാ തുമ്പചൂടുംപിരാനെ
മാതംഗാനാം കരപരിഗളൽ സ്വേദസംസിക്‌തശീതേ
മാകന്ദാനാം തണലിൽമണലിൽക്കുഞ്ചലാഗ്രൈഃ
പിങ്കാലേകം കുടിലശിഥിലം പയ്യെവെച്ചിട്ടിദാനീം
നിദ്രായന്തേ തവ വടിവെഴും വാജിനോ രാജസിംഹ
ഇത്ഥം വൈതാളികനുതിഗിരാമന്തരാ യാമികന്മാ-
രപ്പോൾവന്നിട്ടമ്യതുപൊലിവാൻ കാലമാവേദയേയുഃ
ത്യപ്പാപ്പുര്‌ട്ടിന്റൊരുതിലകമേ, നീ കഴിച്ചങ്ങതെല്ലാ-
മപ്പോഴേപോയ് പൊഴിമുതലയാലങ്കിതം പിന്നിടേണ്ടും
Generated from archived content: unnuneelisandesham2.html