രാവണന്റെ ഇച്ഛാഭംഗം ഭാഗം രണ്ട്

സുരദിതിജദനുജഭുജഗോപ്സരോഗന്ധര്‍വ-
സുന്ദരീവര്‍ഗ്ഗം പരിചരിക്കും മുദാ,
നിയതമതി ഭയസഹിതമമിതബഹുമാനേന
നീ മല്‍പ്പരിഗ്രഹമായ്മരുവീടുകില്‍
കളയരുതു സമയമിഹ ചെറുതു വെറുതേ മമ
കാന്തേ! കളത്രമായ് വാഴ്ക നീ സന്തതം.
കളമൊഴികള്‍ പലരുമിഹ വിടുപണികള്‍ ചെയ്യുമ-
ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!
പുരുഷഗുണമിഹ മനസി കരുതു പുരുഹൂതനാല്‍
പൂജ്യനാം പുണ്യപുമാനെന്നറിക മാം.
സരസമനുസര! സദയമയി! തവ വശാനുഗം
സൗജന്യസൗഭാഗ്യസാരസര്‍വസ്വമേ!
സരസിരുമുഖി! ചരണകമലപതിതോസ്മ്യഹം
സന്തതം പാഹി മാം പാഹി മാം പാഹി മാം
വിവിധമിതി ദശവദനനനുസരണപൂര്‍വ്വകം
വീണു തൊഴുതപേക്ഷിച്ചോരനന്തരം
ജനകജയുമവനൊടതിനിടയിലൊരു പുല്‍ക്കൊടി
ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാള്‍:
‘’ സവിതൃകുലതിലകനിലതീവ ഭീത്യാ ഭവാന്‍
സന്യാസിയായ് വന്നിരുവരും കാണാതെ
സഭയമതി വിനയമൊടു ശുനീവ ഹവിരദ്ധ്വരേ:
സാഹസത്തോടു മാം കട്ടുകൊണ്ടീലയോ?
ദശവദന! സുദൃഢമനുചിതമിതു നിനക്കു നീ
തല്‍ഫലം നീതാനനുഭവിക്കും ദ്രുതം
ദശരഥജനിശിതശരദലിതവപുഷാ ഭവാന്‍
ദേഹം വിനാ യമലോകം പ്രവേശിക്കും
രഘുജനനതിലകനൊരു മനുജനിതി മാനസേ
രാക്ഷസരാജ! നിനക്കും തോറ്റം ബലാല്‍
ലവണജലനിധിയെ രഘുകുലതിലകനശ്രമം
ലംഘനം ചെയ്യുമതിനില്ല സംശയം
ലവസമയമൊടു നിശിതവിശിഖപരിപാതേന
ലങ്കയും ഭസ്മമാക്കീടുമരക്ഷണാല്‍
സഹജസുതസ്ചിവബലപതികളൊടുകൂടെവേ
സന്നമാം നിന്നുടെ സൈന്യവും നിര്‍ണ്ണയം.
അവനവന്നിപുണതരനവനിഭരനാശന-
നദ്യ ധാതാവപേക്ഷിച്ചിതു കാരണം
അവതരണ്മവനിതലമതിലതിദയാപര-
നാശു ചെയ്തീടിനാന്‍ നിന്നെയൊടുക്കുവാന്‍
ജനനൃപവരനു മകളായിപ്പിറന്നേനഹം
ചെമ്മേയതിന്നൊരു കാരണഭൂതയായ്
അറിക തവ മനസി പുനരിനി വിരവിനോടു വ-
ന്നാശു മാം കൊണ്ടുപോ നിന്നെയും കൊന്നവന്‍’‘
ഇതി മിഥിലനൃപതിമകള്‍ പരുഷവചനങ്ങള്‍ കേ-
ട്ടേറ്റവും ക്രുദ്ധനായോരു ദശാനനന്‍
അതിചപലകരഭൂവി കരാളം കരവാല്‍
മാശു ഭൂപുത്രിയെക്കൊല്ലുവാനോങ്ങിനാന്‍
അതുപൊഴുതിലതികരുണയൊടു മയതനൂജയു-
മാത്മഭര്‍ത്താരം പിടിച്ചടക്കീടിനാല്‍.
‘’ ഒഴികൊഴിക ദശവദന! ശൃണു മമ വചോ ഭവാ-
നൊല്ലാതക്കാര്യമോരായ്ക മൂഢപ്രഭോ!
ത്യജ മനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദു:ഖിച്ചതീവ കൃശാംഗിയായ്
പതിവിരഹപരവശതയൊടുമിഹ പരാലയേ
പാര്‍ത്തു പാതിവ്രത്യമാലംബ്യ രാഘവം
പകലിരവു നിശിചരികല്‍ പരുഷവചനം കേട്ടു
പാരം വശംകെട്ടിരിക്കുന്നിതുമിവള്‍.

Generated from archived content: ramayanam64.html Author: thunjathu_ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here