ശൂർപ്പണഖ

രാവണസഹോദരിയാണു ശൂർപ്പണഖ. ശൂർപ്പം എന്നാൽ മുറം എന്നാണർത്ഥം. ശൂർപ്പംപോലെ നഖമുള്ളവൾ ശൂർപ്പണഖ. രൂപം കൊണ്ടും സ്വഭാവം കൊണ്ടും രാവണസഹോദരി എന്നു പറയാൻ യോഗ്യയായ മഹാരാക്ഷസി!

ശൂർപ്പണഖ ചെറുപ്പത്തിലെ ശാഠ്യക്കാരിയായിരുന്നു. അവളുടെ കോപത്തിനുമുന്നിൽ രാവണൻ പോലും പലപ്പോഴും പതറിപ്പോയിട്ടുണ്ട്‌. സഹോദരിയെ അത്രയ്‌ക്കിഷ്‌ടമാണയാൾക്ക്‌. അവളുടെ വിവാഹവും നേരത്തേ നടത്തിക്കൊടുത്തു. ഭർത്താവായതു വിദ്യുജ്ജിഹ്വൻ എന്ന രാക്ഷസൻ.

ഒരു ജൈത്രയാത്രയ്‌ക്കിടയിൽ രാവണൻ കാലകേയന്മാരുമായി ഏറ്റുമുട്ടി അവരെ മുഴുവൻ കാലപുരിക്കയച്ചു. വിദ്യുജ്ജഹ്വന്‌ അതു സഹിച്ചില്ല. അയാൾ രാവണനെതിരെ അത്യൂഗ്രമായി പൊരുതി മരണം വരിച്ചു.

രാവണൻ ലങ്കയിലെത്തി അധികം കഴിഞ്ഞില്ല. കാട്ടുതീപോലെ ശൂർപ്പണഖയുടെ വരവായി. തന്റെ ഭർത്താവിനെ കൊന്നതിൽ അവൾ രാവണനെ ഒരുപാടു ശകാരിച്ചു. അലമുറയിട്ടു കരഞ്ഞു. അപ്പോൾ അവളെ സമാധാനിപ്പിച്ചുകൊണ്ടാ രാവണൻ പറഞ്ഞു.

“നീ ത്രിലോകങ്ങളിലും സഞ്ചരിച്ച്‌ ഇഷ്‌ടമുള്ള മറ്റൊരാളെ കണ്ടെത്തുക. ആരും എതിർക്കാൻ ധൈര്യപ്പെടില്ല. വിവാഹം ഞാൻ നടത്തിത്തരാം. നിന്റെതന്നെ സഹോദരന്മാരായ ഖര- ദൂഷണ-ത്രിശിരസ്സുകൾക്കൊപ്പം ദണ്ഡകാരണ്യത്തിനടുത്തുള്ള ജനസ്ഥാനത്തിൽ രാജകീയ പ്രൗഢിയോടെ കഴിയാനും ഞാൻ നിന്നെ അനുവദിച്ചിരിക്കുന്നു.”

അങ്ങനെ ശൂർപ്പണഖയും മകൻ ശംഭുകുമാരനും ജനസ്ഥാനത്തു താമസിക്കുന്ന കാലത്താണ്‌ ശ്രീമാൻ സീതയോടും ലക്ഷമണനോടുംകൂടി പഞ്ചവടിയിൽ പർണ്ണശാല കെട്ടി താമസം തുടങ്ങിയത്‌.

പരുഷസൗന്ദര്യത്തിന്റെ പൂർണ്ണതയായ ശ്രിരാമനെ ഒരു ദിവസം ശൂർപ്പണഖ കാണാനിടയായി. അവർ അത്ഭുതപ്പെട്ടു. വേഷം കണ്ടാൽ തപസ്വിയുടേത്‌; ഭാവം കണ്ടാൽ രാജാവിന്റേത്‌; കയ്യിലിരുപ്പോ? യോദ്ധാവിന്റേതായ വില്ലും ശരവും.!

ഇയാളെ തനിക്കു ഭർത്താവായി കിട്ടിയേ പറ്റൂ. ശൂർപ്പണഖ മനസ്സിൽ ആ തീരുമാനവുമായി ഒരു സുന്ദരിയുടെ വേഷം ധരിച്ചു. ശ്രിരാമന്റെ അടുക്കലെത്തി അവൾ വിവരങ്ങൾ ചോദിച്ചു. തൊട്ടു പിന്നാലെ, ഒട്ടും നാണമില്ലാതെ വിവാഹാഭ്യർത്ഥനയും നടത്തി.

രാമൻ സത്യാവസ്ഥ പറഞ്ഞ്‌ ഒഴിഞ്ഞുമാറി. അവളെ ലക്ഷ്‌മണന്റെ അടുക്കലേയ്‌ക്കു വിട്ടു.

ലക്ഷമണനെ കണ്ടപ്പോൾ ശൂർപ്പണഖയ്‌ക്കു വലിയ കുഴപ്പം തോന്നിയില്ല. ഇയാളായാലും മതി. ഭർത്താവായിട്ട്‌. തന്നെ വിവാഹം കഴിക്കണമെന്ന അവളുടെ അഭ്യർത്ഥനയെ ചെറുതായെന്നു കളിയാക്കിയാണു ലക്ഷമണൻ മടക്കി അയച്ചത്‌.

കളിയും കാര്യവുമൊന്നും തിരിച്ചറിയാൻ ശൂർപ്പണഖയ്‌ക്കു കഴിയുമായിരുന്നില്ല. കാമാസക്തി തിളച്ചുനിൽക്കേ ബുദ്ധിക്ക്‌ എന്തു സ്‌ഥാനം? അവൾ രാമന്റെ അടുക്കലെത്തി വീണ്ടും അപേക്ഷിച്ചു. രാമൻ അതു ചിരിച്ചു തള്ളുകയും ചെയ്‌തു.

അപ്പോഴാണ്‌ ശൂർപ്പണഖ സീതയെ കാണുന്നത്‌. ലോകൈക സുന്ദരി! ഇവൾ ഇവിടെ ഉണ്ടായിരിക്കെ തന്റെ കാമം എങ്ങനെ സഫലമാകാൻ? ശൂർപ്പണഖ ഘോരരൂപിണിയായി സീതയെ ആക്രമിക്കാനൊരുങ്ങി.

അക്കാര്യം മുൻകൂട്ടിക്കണ്ടു ലക്ഷമണൻ വാളൊന്നു വീശി. ശൂർപ്പണഖയ്‌ക്ക്‌ ഏതായാലും തല നഷ്‌ടപ്പെട്ടില്ല. പക്ഷേ ശരീരത്തിന്റെ ചില സുപ്രധാന ഭാഗങ്ങൾ – മൂക്കും മുലകളും കാതും കുറേ അരിഞ്ഞുപോയി!

ചോരയൊലിപ്പിച്ചും നിലവിളിച്ചും കൊണ്ടു ശൂർപ്പണഖ തന്റെ രാജധാനിയിലേയ്‌ക്ക്‌ ഓടി. സഹോദരന്മാർ മൂന്നുപേർ ഉണ്ടല്ലോ ഖര – ദൂഷണ – ത്രിശിരസ്സുകൾ. അവരോടു വിവരങ്ങൾ പറഞ്ഞു.

പതിന്നാലായിരം പേർ അടങ്ങുന്ന പടയുമായാണ്‌ ആ സഹോദരന്മാർ രാമലക്ഷമണന്മാരെ എതിരിടാൻ ചെന്നത്‌. അവരെ മുഴുവൻ ശ്രീരാമൻ മൂന്നേമുക്കാൽ നാഴിക നേരംകൊണ്ട്‌ (ഒന്നര മണിക്കൂർ) അന്തകപുരിയിലേയ്‌ക്കച്ചു.

ചോരയൊലിക്കുന്ന മുഖവും മാറുമായയി ശൂർപ്പണഖ പിന്നെ എത്തുന്നത്‌ സഹോദരനും രാക്ഷസചക്രവർത്തിയുമായ രാവണന്റെ അടുക്കലാണ്‌. രാജസഭയിൽ വെച്ച്‌ അവൾ രാവണനെ കഠിനമായി ശകാരിക്കുകയും രാജനീതിയെപ്പറ്റി ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്‌തു. രാക്ഷസ വംശത്തിന്റെ മാനം കാക്കാൻ കഴിയാത്ത നീ എന്തിനിവിടെ ചക്രവർത്തിയായി ഞെളിഞ്ഞിരിക്കുന്നു എന്നാണ്‌ അവൾ ഒടുവിൽ ചോദിച്ചത്‌.

രാവണൻ അതുകേട്ട്‌ അത്യന്തം ക്ഷുഭിതനായി.

“എവിടെ ആ രാമൻ? നിന്നെ എന്തിനാണിങ്ങനെ അപമാനിച്ചത്‌? എല്ലാം തുറന്നു പറയൂ. ഞാൻ നശിപ്പിക്കുന്നുണ്ടവനെ”.

അപ്പോൾ ശൂർപ്പണഖയുടെ മറുപടി മറ്റൊരു തരത്തിലായി. സന്ദർഭോചിതമായും തനിക്ക്‌ അനുകൂലമായും കാര്യങ്ങൾ മാറ്റിമറിച്ച്‌ അവതരിപ്പിക്കാനുള്ള സ്‌ത്രീയുടെ കഴിവാണ്‌ ഇവിടെ തെളിയുന്നത്‌.

തന്റെ കാമപൂർത്തിക്കു ശ്രീരാമനെ കിട്ടാൻ നടത്തിയ ശ്രമം ശൂർപ്പണഖ മറച്ചുവെച്ചു. പകരം, ജേഷ്‌ഠനുവേണ്ടി സുനരീരത്‌നമായ സീതയെ തട്ടിക്കൊണ്ടു വരാൻ ശ്രമിച്ചപ്പോഴാണ്‌ അവളുടെ ഭർത്താവായ രാമന്റെ ആജ്ഞാപ്രകാരം ലക്ഷമണൻ എന്നെ ഈ വിധത്തിലാക്കിയത്‌ എന്നു ശൂർപ്പണഖ ബോധിപ്പിക്കുന്നു.!

“എനിക്കു സങ്കടമില്ല ചേട്ടാ! ചേട്ടനുവേണ്ടിയല്ലേ? ചേട്ടൻ ഇനി ഒന്നേ ചെയ്യേണ്ടതുള്ളു. എങ്ങിനെയും സീതയെ ലങ്കയിലേക്കു കൊണ്ടു വരണം. ലങ്കയ്‌ക്ക്‌ അവൾ അലങ്കാരമാണ്‌. ചേട്ടന്‌ ഏറ്റവും ചേർന്നവൾ – ലോക സുന്ദരി!”

രാവണന്റെ രാക്ഷസീയമായ കാമഗ്നിയെ ജവലിപ്പിക്കാനാണ്‌ കൊടുങ്കാറ്റുപോലെയുള്ള ശൂർപ്പണഖയുടെ വരവ്‌. പിന്നെ നാം അവളെ കാണുന്നില്ല. രാവണനാകട്ടെ ശരിക്കും കത്തിപ്പടരാൻ തുങ്ങുകയും ചെയ്‌തു. തുടർന്നാണല്ലോ മാരീചനെ നിർബന്ധിച്ചു പൊന്മാനാക്കി അയക്കുന്നതും, രാവണൻ സീതയെ അപഹരിക്കുന്നതും. സർവ്വനാശകരമായ യുദ്ധവും!

ആദ്യഘട്ടത്തിൽ, രാമനാൽ ഒരു രാക്ഷസ്‌ത്രീ – താടക – വിധിക്കപ്പെടുന്നുണ്ട്‌. രണ്ടാം ഘട്ടത്തിലിതാ, രാമജ്ഞയാൽ ശൂർപ്പണഖ എന്ന രാക്ഷസസ്‌ത്രീയെ ലക്ഷമണൻ മൂക്കും മുലയും ഛേദിച്ചയച്ചിരിക്കുന്നു. രാവണ – രക്ഷസ വംശനാശത്തിന്നു നിർണ്ണായകത്വം കുറിച്ച രണ്ടു സംഭവങ്ങളാണിവ.

ശൂർപ്പണഖയും രാവണനും രാക്ഷസ വംശത്തിലെ സഹോദരീ സഹോദരനമാർ. അതിൽ സഹോദരിക്കു കാമം, സാത്വിക പുരുഷത്തിന്റെ പൂർണ്ണതയായ ശ്രീരാമനോട്‌. സഹോദരൻ രാവണന്റെ കാമമോ? സാത്വിക സ്‌ത്രീസൗന്ദര്യത്തിന്റെ നിറവായ സീതാദേവിയോടും!

അതെ, കഥയ്‌ക്കകത്തുള്ള ഏകപക്ഷീയവും രാക്ഷസീയവുമായ ഈ കാമായനത്തെ നാം കാണാതിരുന്നുകൂടാ. നമ്മിലുള്ള അത്തരം കാമങ്ങളെ ജയിക്കാൻ കഴിവു നേടുമ്പോഴാണു രാമായണം രാമായണമാകുന്നത്‌; അർത്ഥപൂർണ്ണമാകുന്നത്‌.

Generated from archived content: sthree9.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here