അഹല്യ

ഗൗതമ മഹർഷിയുടെ ഭാര്യയാണ്‌ അഹല്യ. അവൾ ബ്രഹ്‌മാവിന്റെ മകളാണെന്ന്‌ ഒരിടത്തു പറയുന്നുണ്ട്‌. പൂരു വംശത്തിലെ രാജകുമാരിയെന്നും കാണുന്നു. ഏതായാലും അതിസുന്ദരി!

സൗന്ദര്യം പലപ്പൊഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തും. ദേവേന്ദ്രൻ അഹല്യയെ കണ്ടപ്പോൾ അതുണ്ടായി. നദിയിൽനിന്നു വെളളമെടുത്തു പോകുന്ന ആ സൗന്ദര്യധാമത്തെ ഇന്ദ്രനയനങ്ങൾ പിന്തുടർന്നു. എത്തിയതു ഗൗതമ മുനിയുടെ ആശ്രമത്തിലാണ്‌.

അതിശുഷ്‌ക്ക ശരീരനായ ഈ മുനിയാണോ ഇവളുടെ ഭർത്താവ്‌? ഇന്ദ്രൻ അത്ഭുതപ്പെട്ടു. ഒപ്പം അഹല്യയെ എങ്ങിനെയും പ്രാപിക്കണമെന്ന മോഹവും ശക്തിപ്പെട്ടു. അതിന്‌ ഒരു സൂത്രവും അദ്ദേഹം കണ്ടെത്തി.

പാതിരാനേരത്ത്‌ ആശ്രമവളപ്പിൽ ഒരു പൂങ്കോഴി കൂകി. അതുകേട്ടതോടെ മുനി ഉണർന്നു. ബ്രാഹ്‌മമുഹൂർത്തമായാൽ ഗംഗാനദിയിലെത്തി കുളിച്ചു വരണം, ഹോമ-ധ്യാനാദികൾ തുടങ്ങണം എന്നതാണ്‌ പതിവ്‌.

നദിയിലേയ്‌ക്ക്‌ ഇറങ്ങുന്നതിന്റെ മുന്നോടിയായി നദിയെ തൊട്ടു വന്ദിച്ച ഗൗതമൻ ഒരു ഞെട്ടലോടെ കൈ പിൻവലിച്ചു. ഗംഗ ഉണർന്നിട്ടില്ല! ഒരു നിമിഷം അദ്ദേഹം കണ്ണടച്ചു നോക്കി. പ്രകൃതി മുഴുവൻ ഉറക്കത്തിലാണ്‌!

തനിക്കു തെറ്റു പറ്റിയോ? താൻ ചതിക്കപ്പെട്ടുവോ? ഗൗതമൻ തിരികെ ആശ്രമത്തിലേയ്‌ക്കു വേഗത്തിൽ നടന്നു. മുറ്റത്തെത്തിയപ്പോൾ അകത്തുനിന്നു തന്നെപ്പോലുളള ഒരാൾ ഇറങ്ങിവരുന്നതു കണ്ട്‌ അദ്ദേഹം അമ്പരന്നു.

“നീയാര്‌? സത്യം പറയൂ.” ഗൗതമൻ അലറി.

കളളം പറഞ്ഞിട്ടു കാര്യമില്ലെന്നു ബോധ്യമായ ദേവേന്ദ്രൻ സ്വന്തം രൂപം വെളിപ്പെടുത്തി മാപ്പു ചോദിച്ചു.

“ങാഹാ! നിനക്കു മാപ്പോ? ഇല്ല! കാമാർത്തനും വഞ്ചകനുമായ നീ ദേഹം നിറയെ ആയിരം ലിംഗങ്ങളുമായി നടക്കാൻ ഞാനിതാ ശപിക്കുന്നു.”

വളരെക്കാലം കഴിഞ്ഞു തിലോത്തമയെ കാണുന്ന കാലത്ത്‌ ആ ലിംഗങ്ങൾ ആയിരം നേത്രങ്ങളായി മാറും എന്ന ശാപമോക്ഷവും മുനി നൽകി.

ബഹളം കേട്ടു വന്ന അഹല്യയും മുനിയുടെ കാൽക്കൽ വീണു മാപ്പിരന്നു. അറിഞ്ഞുകൊണ്ടു ചെയ്‌ത തെറ്റല്ലല്ലോ. പക്ഷേ, അവളെയും അദ്ദേഹം ശപിക്കുകയാണുണ്ടായത്‌.

“നീ ഇവിടെ ഒരു ശിലയായിത്തീരട്ടെ! മഞ്ഞും മഴയും വെയിലുമേറ്റു ദീർഘകാലം അങ്ങനെ കഴിയുമ്പോൾ ഭഗവാൻ ശ്രീരാമചന്ദ്രൻ അനുജനോടൊത്ത്‌ ഈവഴി വരും. അന്നു രാമപാദസ്‌പർശമേറ്റു നീ ശാപമുക്തയാകുന്നതാണ്‌.”

ഭർത്താവു പറഞ്ഞ ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ചും രാമമന്ത്രം ഉരുക്കഴിച്ചും കൊണ്ടു അഹല്യ മുനിപാദങ്ങളിൽ നമസ്‌ക്കരിച്ചു. ഉടനെ അവളൊരു ശിലയായി മാറി. ആ നിലയിൽ വർഷങ്ങൾ നീണ്ട തപസ്സായി.

വിശ്വാമിത്ര മഹർഷി തന്റെ യാഗരക്ഷയ്‌ക്കുവേണ്ടി ശ്രീരാമലക്ഷ്‌മണന്മാരെ കൂട്ടിക്കൊണ്ടുവന്നു. പിന്നെ അവരുമായി മിഥിലയിലേയ്‌ക്കു നടന്നു. അപ്പോൾ വഴിവക്കിൽ ആരുടേയും കൗതുകമുണർത്തി നിൽക്കുന്ന ഒരു ശിലയുടെ മുന്നിൽ നിന്നുകൊണ്ടു മഹർഷി ആ കഥ വിവരിച്ചു.

ശ്രീരാമൻ തന്റെ വലതു പാദത്താൽ ശിലയെ ഒരു തൊട്ടതേയുളളൂ. അത്‌ ഒരു സുന്ദരിയായി ഉണർന്നു- തപസ്വിയായ അഹല്യ. അവൾ ശ്രീരാമനെ ഭക്തിപൂർവ്വം സ്‌തുതിച്ചു. രാമായണത്തിലെ മനോഹരമായ ഒരു ഭാഗമാണത്‌.

അഹല്യം എന്ന വാക്കിത്‌ ഉഴാത്ത നിലം എന്നാണ്‌ അർത്ഥം. ഹലം കലപ്പയത്രെ. അഹല്യ എന്നാൽ ഉഴുതിട്ടില്ലാത്ത, കൃഷിക്കു യോഗ്യമല്ലാത്ത എന്നൊക്കെ പറയാം. ആ വഴിക്കു ചിന്തിക്കുമ്പോൾ, വനാന്തരത്തിലെ ഭൂമി ഫലസമൃദ്ധമാക്കി ശ്രീരാമൻ, എന്നതിന്റെ സൂചനയായി അഹല്യാമോക്ഷം കഥ കാണാമോ? ആവോ!

കാണാം എന്നതിന്റെ തെളിവു തുടർന്നും വരുന്നുണ്ട്‌. വിശ്വാമിത്രൻ രാമലക്ഷ്‌മണന്മാരെ നയിക്കുന്നതു മിഥിലാ രാജ്യത്തിലേയ്‌ക്കാണല്ലോ. കർഷകസമൃദ്ധി വിളിച്ചറിയിക്കുന്ന നാടാണു മിഥില. അവിടുത്തെ രാജാവായ ജനകന്റെ യഥാർത്ഥ നാമം സീരദ്ധ്വജൻ എന്നാണ്‌. സീരം അഥവാ കലപ്പ കൊടിയടയാളമായിട്ടുളളവൻ എന്നും പറയാം.

ഉഴവുചാലിൽനിന്നു കണ്ടെടുക്കപ്പെട്ട കുഞ്ഞിനെ സീത എന്നുപേർ നൽകി മഹാരാജാവ്‌ വളർത്തുന്നു. കർഷകശ്രീയായ അവളെ അഹല്യാമുക്തി നൽകി വരുന്ന ശ്രീരാമൻ പരിണയിക്കുകയും ചെയ്യുന്നു. കഥയെപ്പറ്റി നിങ്ങൾക്ക്‌ ഇപ്പോൾ എന്തു തോന്നുന്നു? ഭക്തിഭാവത്തിനപ്പുറം യുക്തിസഹവും പ്രതീകാത്മകവുമായ ഒരു ചാരുത ഇവിടെ ദൃശ്യമല്ലേ?

Generated from archived content: sthree6.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here