താടക

ശ്രീരാമാവതാരത്തിന്റെ മുഖ്യ ലക്ഷ്യം രാവണ നിഗ്രഹമാണ്‌. രാക്ഷസവംശ നായകനാണല്ലോ രാവണൻ. ലോകോപദ്രവകാരികളായി രാവണന്റെ തണലിൽ കഴിയുന്ന അനേകം രാക്ഷസന്മാർ വേറെയുണ്ട്‌. അവരെയും ഓരോന്നായി കൊന്നേ പറ്റൂ.

രാക്ഷസ നിഗ്രഹത്തിനു ശ്രീരാമൻ “ഹരിശ്രീ” കുറിക്കുന്നതു താടക എന്ന മഹാരാക്ഷസിയുടെ മാറിൽ ഒരമ്പയച്ചുകൊണ്ടാണ്‌. അങ്ങനെ ‘ഒരക്ഷരാഭ്യാസം’ നൽകുന്നതാകട്ടെ, വിശ്വാമിത്ര മഹർഷിയും!

സ്‌ത്രീവധം ശരിയല്ല. കുലഗുരു അങ്ങിനെയാണ്‌ പഠിപ്പിച്ചിട്ടുളളത്‌ -ബ്രഹ്‌മർഷിയായ വസിഷ്‌ഠൻ. പക്ഷെ, രാജർഷിയായ വിശ്വാമിത്രന്റെ മാർഗ്ഗം ഭിന്നമാണ്‌. അദ്ദേഹം രാമന്റെ സംശയങ്ങളകറ്റി ധൈര്യം പകർന്നു.

“ലോകസംഗ്രഹാർത്ഥം ചെയ്യുന്നതൊന്നും പാതകമല്ല. മഹാവിഷ്‌ണുപോലും പണ്ടു ഭൃഗുപത്‌നിയായ പുലോമയെ വധിക്കുകയുണ്ടായി. അതിനാൽ ഭയപ്പെടേണ്ട. താടകയെ വധിച്ചോളൂ.”

താടക വാസ്‌തവത്തിൽ സുകേതു എന്നു പേരായ യക്ഷന്റെ മകളാണ്‌. ആ നിലയ്‌ക്കു യക്ഷിയാണ്‌. മക്കളില്ലാത്തതിൽ ദുഃഖിച്ചു ബ്രഹ്‌മാവിനെ തപസ്സു ചെയ്‌തതിന്റെ ഫലമായാണ്‌ സുകേതുവിനു താടകയെ മകളായി ലഭിച്ചത്‌. ആയിരം ആനകളുടെ ശക്തിയും അനേകം മായാപ്രവൃത്തികളും ബ്രഹ്‌മാവ്‌ അവൾക്കു നൽകിയിരുന്നു.

താടകയുടെ ഭർത്താവു സുന്ദൻ ഒരിക്കൽ അഗസ്‌ത്യ മഹർഷിയുടെ ആശ്രമം ആക്രമിച്ചു. മഹർഷിയുടെ ശാപത്താൽ സുന്ദൻ ഭസ്‌മമായിപ്പോയി. വിവരമറിഞ്ഞു താടക മക്കളായ സുബാഹു, മാരീചൻ എന്നിവർക്കൊപ്പം അഗസ്‌ത്യനെ ആക്രമിക്കാൻ ചെന്നു. അഗസ്‌ത്യൻ അവരെ ശപിച്ചു രാക്ഷസരാക്കുകയാണു ചെയ്‌തത്‌.

രാക്ഷസരാക്കപ്പെട്ട താടകയും മക്കളും പിന്നെ പാതാളത്തിൽ പോയി രാക്ഷസവംശ പിതാവായ സുമാലിയുടെ കൂടെ താമസമാക്കി. കരുത്തനായ രാവണൻ ലങ്ക പിടിച്ചടക്കിയപ്പോൾ രാവണന്റെ കൂടെയായി താമസം.

കുറെക്കഴിഞ്ഞപ്പോൾ താടകയേയും മക്കളേയും സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റാൻ രാവണൻ നിശ്ചയിച്ചു. അയോദ്ധ്യയ്‌ക്കടുത്തുളള കരൂഷം എന്ന ഘോരവനമാണ്‌ അതിന്ന്‌ അയാൾ കണ്ടെത്തിയത്‌. അതിൽപിന്നെ, താടകയെ പേടിച്ച്‌ ആ വനത്തിനടുത്തുകൂടിപോലും ആർക്കും നടക്കാൻ വയ്യ എന്ന അവസ്ഥയായിത്തീർന്നു.

രാവണൻ വളരെ സൂക്ഷ്‌മതയോടെ ഒരു കരുനീക്കം നടത്തി! ലങ്കയിലിരിക്കുന്ന തന്റെ രാക്ഷസപ്രവൃത്തികൾക്കായി അയോദ്ധ്യാപ്രാന്തത്തിലേയ്‌ക്കു നീട്ടിവച്ച കൈകളായിരുന്നു താടകയും മക്കളും. അതു കണ്ടറിഞ്ഞുതന്നെയാവണം, വിശ്വാമിത്ര മഹർഷി രാമലക്ഷ്‌മന്മാരെയും കൂട്ടി ആ വഴിക്കു തന്റെ ആശ്രമത്തിലേയ്‌ക്കു നടന്നത്‌.

അങ്ങനെ, രാമബാണത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായി താടക മരിച്ചുവീണു. അവൾ ശാപമുക്തയായി ഗന്ധർവ്വലോകത്തിലേയ്‌ക്കു പോയി. പിന്നെ, യാഗവിഘ്‌നത്തിനെത്തിയ സുബാഹുവും കൊല്ലപ്പെട്ടു.

മാരീചൻ തൽക്കാലം രക്ഷപ്പെട്ടുവെന്നേയുളളൂ. സീതാപഹരണത്തിനു നിമിത്തമായിക്കൊണ്ടു, രാമബാണത്തിനാൽത്തന്നെ മാരീചനും പിന്നീടു കൊല്ലപ്പെടുന്നു; ഒരു കുടുംബം അവസാനിക്കുന്നു.

രാവണ-രാക്ഷസ വെടിപ്പുരയിലേയ്‌ക്കു നീളുന്ന മരുന്നുതിരിയിൽ തീകൊളുത്തലായിത്തീർന്നു താടകാവധം എന്നു പറയാം.

Generated from archived content: sthree5.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English