മന്ഥര

കൈകേയിയുടെ ദാസിമാരിൽ ഒരുവളാണ്‌ മന്ഥര. എങ്കിലും കാര്യമായ ജോലിയൊന്നും ചെയ്യേണ്ടതില്ല. പ്രായം ഏറെയുണ്ട്‌. കൂനിക്കൂനിയാണ്‌ നടപ്പ്‌.

മന്ഥരയെന്നാൽ കൈകേയിക്കു ജീവനാണ്‌. വളർത്തമ്മയുടെ സ്ഥാനമാണ്‌ നൽകിയിട്ടുളളത്‌. മന്ഥരയുടെ അഭിപ്രായവും ഉപദേശവും കൈകേയി തളളിക്കളയാറില്ല.

യുവരാജാവായി ശ്രീരാമനെ അഭിഷേകം ചെയ്യാനുളള ദശരഥ മഹാരാജാവിന്റെ തീരുമാനം പെട്ടെന്നായിരുന്നു. നാടെങ്ങും അലങ്കരിക്കപ്പെട്ടു കണ്ടപ്പോൾ മന്ഥര അത്ഭുതപ്പെട്ടു. കൗസല്യയും സുമിത്രയുമൊക്കെ ആഹ്ലാദത്തിലാണ്‌.

ആ വിവരവുമായി മന്ഥര കൈകേയിയുടെ മുന്നിലെത്തി. കൈകേയിയും ആദ്യം ആഹ്ലാദിച്ചു. രാമൻ തനിക്കു പ്രിയങ്കരനാണ്‌. സർവ്വഥാ യോഗ്യൻ. സന്തോഷവാർത്ത എത്തിച്ച മന്ഥരയ്‌ക്ക്‌ അവൾ സമ്മാനങ്ങൾ നൽകി.

പക്ഷേ, മന്ഥര അതു വലിച്ചെറിഞ്ഞു ക്ഷോഭിച്ചുഃ “ബുദ്ധികെട്ടവളേ! നീ എന്തറിഞ്ഞാണ്‌ സന്തോഷിക്കുന്നത്‌? ഇതിലൊരു ചതിയുണ്ട്‌. ഭരതനും ശത്രുഘ്‌നനും മാതുല രാജധാനിയിൽ പോയിരിക്കുമ്പോൾ തിടുക്കപ്പെട്ട്‌ എന്തിനീ അഭിഷേകം? രാമൻ രാജാവായാൽ അടുത്ത സഹായിയായി ലക്ഷ്‌മണനല്ലേ എപ്പോഴും ഉണ്ടാവുക? അപ്പോൾ അവരുടെ അമ്മമാരായ കൗസല്യയ്‌ക്കും സുമിത്രയ്‌ക്കും മഹാരാജ്‌ഞ്ഞിമാരായി നന്നായി ഞെളിയാം. ദശരഥന്റെ പ്രിയപ്പെട്ടവളെന്നു പറയപ്പെടുന്ന നീയോ? ദാസിയെപ്പോലെ കഴിയേണ്ടിവരും. നിന്റെ മകനായ ഭരതൻ ദാസനെപ്പോലെയും; കഷ്‌ടം!”

ഇത്രയും കേട്ടപ്പോഴാണു കൈകേയിക്കു കാര്യബോധം ഉണ്ടായത്‌. “ഇനി എന്താണ്‌ ചെയ്യുക?” അവൾ ചോദിച്ചു. ആ ചോദ്യത്തിനുളള മറുപടിയും സൂത്രവിദ്യയും മന്ഥരതന്നെ നൽകി.

പണ്ട്‌ ശംബരാസുരനെതിരെയുളള യുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ ദശരഥൻ പോയിരുന്നല്ലോ. കൂടെ കൈകേയിയും തേരിൽ ഉണ്ടായിരുന്നു. പത്തു ദിക്കിലേക്കും തേരു പായിച്ചുകൊണ്ടുളള ആ യുദ്ധത്തിൽ ഒരു ഭാഗത്തെ തേർച്ചക്രത്തിന്റെ ഇളകിത്തെറിക്കാറായ ആണി സാഹസികമായി കൈകടത്തി ഉറപ്പിച്ചുനിർത്തിയതു കൈകേയി ആയിരുന്നു.

യുദ്ധം ജയിച്ചു വന്നപ്പോഴാണ്‌ ദശരഥൻ കാര്യങ്ങളറിയുന്നത്‌. തന്റെ വിജയത്തിനു പിന്നിൽ കൈകേയിയുടെ കരങ്ങളായിരുന്നു! സന്തുഷ്‌ടനായ അദ്ദേഹം രണ്ടു വരങ്ങൾ ചോദിച്ചുകൊളളാൻ അവളെ നിർബന്ധിച്ചതാണ്‌.

“ഇപ്പോൾ എനിക്ക്‌ ഒന്നും വേണ്ട, ആവശ്യം വരുമ്പോൾ ഞാൻ ചോദിച്ചുകൊളളാം” എന്നായിരുന്നു കൈകേയിയുടെ മറുപടി. ആ വരങ്ങൾ രണ്ടും നീ ഇപ്പോഴാണ്‌ ചോദിക്കേണ്ടതെന്ന്‌ മന്ഥര ഓർമ്മിപ്പിച്ചു.

എന്തു വരമാണു ഞാൻ ചോദിക്കുക എന്നായി കൈകേയിയുടെ വിഷമം. അതും മന്ഥര തീർത്തുകൊടുത്തു.

“രാമനു പകരം ഭരതനെ യുവരാജാവാക്കണം. രാമനെ പതിനാലു വത്സരം കാട്ടിൽ കഴിയാൻ നിർബന്ധിച്ചയയ്‌ക്കുകയും വേണം.”

അത്രയും വേണോ എന്ന ശങ്കയുണ്ടായി കൈകേയിക്ക്‌. പക്ഷേ, മന്ഥര സമ്മതിച്ചില്ല. “ചെറിയ വിട്ടുവീഴ്‌ചപോലും അരുത്‌! വലിയ അധോഗതിയാവും നിനക്കു ഫലം. എത്ര നിർദ്ദയമായും പെരുമാറാം. ദശരഥ മഹാരാജാവ്‌ സത്യലംഘനം ഇഷ്‌ടപ്പെടുന്ന ആളല്ല. അദ്ദേഹം സമ്മതിക്കുന്നതോടെ നീ അയോധ്യയുടെ മഹാറാണിയാകും” എന്നു മന്ഥര ഉറപ്പിച്ചു പറഞ്ഞു.

മന്ഥരയെക്കൊണ്ട്‌ ഇത്രയും ഏഷണി പറയിക്കുന്നത്‌ മറ്റാരുമല്ല; സരസ്വതീദേവിയാണ്‌ എന്നത്രെ കഥ. ശ്രീരാമൻ യുവരാജാവായാൽ, രാജസുഖങ്ങളിൽ മുഴുകിപ്പോകുമോ എന്ന ഭയമുണ്ട്‌ ദേവൻമാർക്ക്‌. എങ്കിൽ പിന്നെ ലോകോപദ്രവകാരികളായ രാക്ഷസന്മാരെയും അവരുടെ നേതാവായ രാവണനെയും ആരാണ്‌ വധിക്കുക?

സുഖങ്ങളിൽ മുഴുകുമ്പോൾ മനുഷ്യനായാലും ദേവനായാലും ലക്ഷ്യം മറന്നുപോകാം. അധികാരത്തിലേറിക്കഴിഞ്ഞാൽ ഇറങ്ങിപ്പോരാനും മടി കാണും. സ്വാഭാവികമായ ഈ ഭയം മൂലമാണ്‌ ദേവൻമാർ പ്രത്യേകമായ യോഗം വിളിച്ചുകൂട്ടി സരസ്വതീദേവിയെ ചുമതലപ്പെടുത്തിയത്‌. “ദേവീ! അവിടുന്നു മന്ഥരയുടെ നാവിലിരുന്നു രാമാഭിഷേകം മുടക്കാൻ വേണ്ടതൊക്കെ പറയിക്കണം.”

ദേവി തന്റെ ദൗത്യം നിർവഹിച്ചു. ദേവന്മാരുടെ സ്വാർത്ഥതയാണോ അതിനു പിന്നിൽ? ലോകരക്ഷയ്‌ക്കുവേണ്ടിയുളള തീവ്രമായ ആഗ്രഹമോ? എന്തായാലും മനുഷ്യനായി പിറന്ന ഭഗവാനു ലോകത്തിനു മുഴുവൻ മാതൃകയാകുംവിധം അതു കഠിന യാതനകൾ സമ്മാനിച്ചു. മന്ഥര അതിനു നിമിത്തമായി എന്നു മാത്രം.

Generated from archived content: sthree4.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here