കൈകേയി

ദശരഥന്റെ മൂന്നു ഭാര്യമാരിൽ രണ്ടാമത്തെ ആളാണ്‌ കൈകേയി. അതിസുന്ദരിയും തന്റേടക്കാരിയുമായ കൈകേയിയോടായിരുന്നു മഹാരാജാവിനു ഏറെ ഇഷ്ടം.

ആദ്യഭാര്യയായ കൗസല്യയിൽ മക്കളില്ലാതെ വന്നപ്പോഴാണ്‌ ദശരഥന്റെ രണ്ടാം വിവാഹം. അയോദ്ധ്യയിൽ നിന്ന്‌ ഏഴു ദിവസത്തെ യാത്രയ്‌ക്കപ്പുറമുള്ള കേകയ രാജ്യത്ത്‌ എത്തിയ അദ്ദേഹം അവിടുത്തെ രാജകുമാരിയായ കൈകേയിയെ കണ്ടു മോഹിക്കുകയായിരുന്നു.

കൈകേയിയുടെ സഹോദരൻ യുധാജിത്ത്‌ ദശരഥന്റെ ആഗ്രഹത്തെ ആദ്യം എതിർത്തു. അവളിലുണ്ടാകുന്ന പുത്രനെ രാജാവാക്കിക്കൊള്ളാമെന്ന ഉറപ്പിന്മേലായിരുന്നു വിവാഹം. അതുകൊണ്ടുകൂടിയാകണം, രാമനെ കാട്ടിലേക്കയച്ചു ഭരതനെ യുവരാജാവായി വാഴിക്കണം എന്ന ആവശ്യം ഉന്നയിക്കാൻ കൈകേയി ധൈര്യപ്പെട്ടത്‌. പഴയ വരകഥയും ഈ അവസരം നഷ്ടപ്പെട്ടാൽ ഖേദിക്കേണ്ടിവരും എന്ന മന്ഥരയുടെ ഉപദേശവും അവളെ ശക്തയാക്കി.

പണ്ടേ ശാഠ്യക്കാരിയായിരുന്നു കൈകേയി. ദശരഥനാകട്ടെ അവളുടെ ഏത്‌ ആവശ്യവും നിറവേറ്റാൻ അടിമയെപ്പോലെ നിന്നുകൊടുക്കുകയും ചെയ്തു. യുദ്ധസമയത്തുപോലും രാജാവിന്റെ കൂടെപോകാൻ ശാഠ്യം പിടിച്ചതും അതുകൊണ്ടാണ്‌. ചെറുപ്പത്തിൽ അവൾക്കും നന്നായി യുദ്ധപരിശീലനം ലഭിച്ചിരുന്നു.

ശംബരാസുരന്നെതിരെയുള്ള യുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ പുറപ്പെട്ട ദശരഥന്റെ കൂടെ കൈകേയിയും പോയതു നന്നായി. അവൾ രഥചക്രത്തെ ഇളകിത്തെറിക്കാതെ സൂക്ഷിച്ചതിലൂടെയാണല്ലോ യുദ്ധവിജയം സാധ്യമായത്‌. അതിൽ സന്തോഷിച്ചു ദേവന്മാരല്ല, ദശരഥൻ തന്നെയാണ്‌ അവൾക്കു രണ്ടുവരങ്ങൾ നൽകാൻ ഒരുങ്ങിയതെന്ന കാര്യം ശ്രദ്ധേയമാണ്‌. ആ വരങ്ങൾ നൽകാൻ ഒരുങ്ങിയതെന്ന കാര്യം ശ്രദ്ധേയമാണ്‌. ആ വരങ്ങൾതന്നെ പിന്നീട്‌ അദ്ദേഹത്തിനു മാരകമായ ശാപമായി മാറുന്നതു നാം കാണുന്നു. എന്തിനും ഒരു നിമിത്തവും സാധൂകരണവും വേണമല്ലോ.

തന്റെ മകനു രാജാവാകാനും, തനിക്കു രാജമാതാവായി, മഹാരാജ്ഞിയായി ഞെളിയാനും അവസരം വന്നപ്പോൾ കൈകേയിയുടെ ഭാവമാകെ മാറി. വിഷസർപ്പത്തെപ്പോലെ അവൾ ചീറി. ഇന്നലെവരെ പ്രാണപ്രിയനായിരുന്നവനെ അതികഠോരമായ വാക്കുകളാൽ അവൾ കുത്തിനോവിച്ചു. ആ മുറിവുകളിലൂടെ രക്തം വാർന്നുവാർന്ന്‌ അദ്ദേഹം മരിക്കുകയും ചെയ്തു. അപ്പോഴും കൈകേയി കുലുങ്ങിയില്ല!

കൈകേയി കുലുങ്ങിയത്‌ ഭരതന്റെ രോഷത്തിനു മുന്നിലാണ്‌. അവൾ ശരിക്കും പ്രാണഭയത്താൽ വിറച്ചുപോയി! മകൻ രാജകിരീടമണിഞ്ഞു വരുന്നതും കാത്തു, സ്വപ്നസിംഹാസനത്തിൽ അതിസന്തോഷത്തോടെയായിരുന്നു അവളുടെ ഇരിപ്പ്‌.

പക്ഷെ, മകൻ വന്നതോ? അച്ഛന്റെ മരണവും ജ്യേഷ്‌ഠന്റെ വനയാത്രയും അറിഞ്ഞു സംഹാരരുദ്രനെപ്പോലെ ഇതാ നിൽക്കുന്നു ഭരതൻ! താൻ ഭർത്താവിന്നെതിരെ ചൊരിഞ്ഞ വാക്കുകളുടെ നൂറിരട്ടി ശക്തിയുള്ള ക്രൂരമായ വാക്കുകൾ ദുരാഗ്രഹിയായ ആ അമ്മയ്‌ക്കു മകനിൽ നിന്നും കേൾക്കേണ്ടിവരുന്നു. കൊടുത്തതിലധികം തിരിച്ചു കിട്ടൽ ഇങ്ങനെയുമാകാം.

“ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ!

നിസ്ര്തപേ! നിർദ്ദയേ! ദുഷ്ടേ! ഭയങ്കരീ!”

കൈകേയിയുടെ മോഹവും അഹങ്കാരവുമെല്ലാം ഭരതന്റെ വലിയ മനസ്സിനു മുന്നിൽ തകർന്നടിഞ്ഞുപോയി. അവൾ പശ്ചാത്താപവിവശയായി. പിന്നീട്‌ മറ്റു സ്ര്തീകളെപ്പോലെ, അമ്മമാരെപ്പോലെ, അതീവ സൗമ്യമായിട്ടാണ്‌ കൈകേയി കഴിയുന്നത്‌.

രാമനെ അയോദ്ധ്യയിലേയ്‌ക്കു തിരിച്ചു വിളിക്കാൻപോയ ഭരതന്റെ സംഘത്തിൽ കൈകേയിയും ഉൾപ്പട്ടിരുന്നു. ഭാര്യയും അമ്മയുമെന്ന നിലയിൽ ഒരു സ്ര്തീയുടെ ഭി.ന്നമുഖങ്ങൾ നമുക്കു കൈകേയിയിയിൽ കാണാം. ഭർത്താവിനൊപ്പം യുദ്ധക്കളത്തിൽ പോയി വിജയംനേടിയെടുത്തവൾ പിന്നീട്‌ ഭർത്തൃഹിതത്തിനെതിരെ രോഷാകുലയായ്‌ യുദ്ധം ചെയ്ത്‌, അദ്ദഹത്തെ മരണവക്‌ത്രത്തിലേക്കു തള്ളാനും മടിച്ചില്ല…

Generated from archived content: sthree2.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here