തന്നെ ആരാണു താഴെനിന്നു പിടിച്ചുനിർത്തുന്നത്? ലങ്കയിലേക്കു പറക്കുകയായിരുന്ന ഹനുമാൻ അത്ഭുതപ്പെട്ടു.
താഴെ അലയടിക്കുന്ന നീലസമുദ്രം പറഞ്ഞു. “ഞാനല്ല!” ചുറ്റിലുമുള്ള അനന്തമായ നീലകാശവും പറഞ്ഞുഃ “ഞാനല്ല!”
പിന്നെ ആരാണ്? ആരെയും കാണുന്നില്ലല്ലോ. മുന്നോട്ടു നീങ്ങാൻ തീരെ സാധിക്കുന്നുമില്ല!
ഹനുമാൻ വീണ്ടും താഴേയ്‌ക്കു സൂക്ഷിച്ചു നോക്കി. ഒരു കറുത്ത സത്വം തന്റെ നിഴലിനെ കയറി പിടിച്ചിരിക്കയാണ്. ഒരു പൊട്ടിച്ചിരിയും ഉടനെ കേട്ടു.
“ഹേ, കുരങ്ങാ! സിംഹിക എന്ന രാക്ഷസിയാണു ഞാൻ. ഏതു നിഴലിനേയും പിടിച്ചു നിർത്താൻ എനിക്കു കഴിവുണ്ട്; തിന്നുവാനും. നിഴലിനെ തിന്നുമ്പോൾ ആ നിഴലിനു കാരണമായ യഥാർത്ഥ വസ്‌തുവും എനിക്കകത്തായിക്കഴിയും. വിശന്നിരിക്കുന്ന ഞാൻ നിന്നെയിതാ തിന്നാൻ പോകുകയാണ്!”
സിംഹിക വാ പിളർത്തി. ഹനുമാനും അപ്പോൾ തന്റെ ദേഹം വർഷകാല മേഘംപോലെ വലുതാക്കി. സിംഹിക വീണ്ടും വായയുടെ വലുപ്പം കൂട്ടി. ഹനുമാനും വൈകാതെ അങ്ങനെ ചെയ്‌തു.
അടുത്ത തവണ സിംഹിക വായ വലുതാക്കിയപ്പോൾ പഴയ തന്ത്രംതന്നെയാണ് ഹനുമാൻ പ്രയോഗിച്ചത്. സ്വശരീരം വളരെ ചെറുതാക്കുക.
അങ്ങനെ ചെറുതായ ഹനുമാൻ സിംഹികയുടെ വായിലേയ്‌ക്കു കടന്നു. പിന്നെ പറന്ന് അവളുടെ വയറിനുള്ളിൽ ഒരു നിമിഷം നിന്നു.
സുരസയോടു സ്വീകരിച്ച തന്ത്രമല്ല ഇവിടെ വേണ്ടത് എന്നു ഹനുമാനു തോന്നി. സിംഹിക രാക്ഷസിയാണ്. ഇവളുടെ വിശപ്പു ശരിക്കും മാറ്റിയേക്കാമെന്നു നിശ്ചയിച്ച ഹനുമാൻ പതുക്കെ വലുതാകാൻ തുടങ്ങി.
സിംഹികയുടെ വയർ വീർത്തു വീർത്തു വന്നു. വിശപ്പു കുറയുന്നുണ്ട്. പക്ഷേ, പകരം പ്രാണവേദന കൂടിവന്നു! ഒടുവിൽ ബലൂൺ പോലെ, എന്നാൽ ലോകം നടുങ്ങുന്ന ശബ്‌ദത്തോടെ, സിംഹികയുടെ വയർ പൊട്ടിത്തെറിച്ചു!
അപ്പോൾ സൂര്യശോഭയോടെ പുഞ്ചിരി പൊഴിക്കുന്ന ഒരു മുഖം കാണാറായി. അതു മഹാബുദ്ധിമാനായ ഹനുമാന്റേതായിരുന്നു. ദേവന്മാർ ആനന്ദചിത്തരായി പുഷ്‌പവൃഷ്‌ടി നടത്തി.
യാത്രമദ്ധ്യേ ഹനുമാനു നേരിടേണ്ടിവന്ന രണ്ടു തടസ്സങ്ങളും അവയെ അദ്ദേഹം തരണം ചെയ്‌ത രീതികളും ശ്രദ്ധേയങ്ങളാണ്. എതിർത്തു വന്ന സുരസയെ തന്റെ മാതാവായി “ജനിപ്പിക്കുക‘യാണല്ലോ ഹനുമാൻ ചെയ്‌തത്. പിന്നീടു വന്ന സിംഹികയെ മാതാവാക്കി സംഹരിക്കുകയും ചെയ്‌തു.!
രാമകാര്യാർത്ഥം പുറപ്പെട്ട ഹനുമാന് ആദ്യം വേണ്ടിവന്നത് ഒരു സ്‌ത്രീ വധമാണ് – സിംഹിക എന്ന മഹാരാക്ഷസിയുടെ വധം.
വിശ്വാമിത്രനോടെപ്പം പുറപ്പെട്ട ശ്രീരാമൻ വനത്തിൽവെച്ച് ആദ്യം നടത്തുന്നതും ഒരു സ്‌ത്രീവധമാണെന്നു ശ്രദ്ധിക്കുക – ഘോര രാക്ഷസിയായ താടകയുടെ വധം.
സിംഹിക നവഗ്രഹങ്ങളിൽ ഉൾപ്പെട്ട രാഹു-കേതുക്കളുടെ അമ്മയാണെന്നു ജ്യോതിശാസ്‌ത്രകഥകളിൽ കാണാം. സിംഹകയ്‌ക്കു ഛായാഗ്രാഹിണി എന്നും പേരുണ്ട്. നിഴലിനെ പിടിച്ചു നിർത്താൻ കഴിവുള്ളതിനാലാണിത്.
ശാസ്‌ത്രലോകം കണ്ടെത്തുന്ന പലതിന്റേയും ആദ്യ സൂചനകൾ നമ്മുടെ ഇതിഹാസങ്ങളിലെങ്ങും സുലഭമത്രെ. ഇന്നത്തെ ക്യാമറകൾ ഛായാഗ്രാഹിണീ വിദ്യയുടെ ഉല്‌പന്നങ്ങളാണല്ലോ. സാങ്കേതിക മികവിന്റേതായ മാറ്റങ്ങൾ പലതും ഉണ്ടാകാം. പക്ഷേ അടിസ്‌ഥാന തത്ത്വത്തിലേയ്‌ക്കു നോക്കൂ. അത് ഇതാണ്; ഇവിടെയുള്ളതാണ്.
Generated from archived content: sthree15.html Author: pi_sankaranarayanan