സുരസ

കശ്യപ പ്രജാപതിയുടെ പത്തു പുത്രിമാരിൽ ഒരുവളാണ്‌ സുരസ. നാഗങ്ങളുടെ മാതാവായ അവൾ ഒരിക്കൽ വാനരവീരനായ ഹനുമാന്റെയും അമ്മയെന്ന പദവിക്ക്‌ അർഹയായി. രസകരമാണ്‌ ആ കഥ.

മഹാസമുദ്രത്തിനു മുകളിലൂടെ ലങ്കയിലേക്കു പറക്കുന്ന ഹനുമാന്റെ കഴിവ്‌ എത്രത്തോളമുണ്ടെന്നു പരിശോധിക്കാൻ ദേവകൾക്കു തോന്നി. രാക്ഷസ ചക്രവർത്തിയായ രാവണന്റെ കോട്ടയിലേയ്‌ക്കാണല്ലോ യാത്ര.

പ്രതിബന്ധങ്ങൾപലതും കാണും. അവ തരണം ചെയ്യാൻ ശരീരശക്തി മാത്രം മതിയാവില്ല. സമയോചിതമായി പ്രവർത്തിക്കാനുള്ള ബുദ്ധിവൈഭവം വേണം. ഹനുമാന്‌ അതുണ്ടോ എന്നറിയാൻ ദേവകൾ നിശ്‌ചയിച്ചു. അതിലേയ്‌ക്കു നാഗമാതാവായ സുരസയെയാണ്‌ അവർ നിയോഗിച്ചത്‌.

അതിഭീകര രൂപം ധരിച്ച സുരസ ഹനുമാന്റെ വഴി തടഞ്ഞുകൊണ്ടു പറഞ്ഞു.

“എനിക്കു വല്ലാതെ വിശക്കുന്നു. നീ എന്റെ ഭക്ഷണമാണ്‌. വന്നോളൂ എന്റെ വായിലേയ്‌ക്ക്‌. വേറെ നിനക്കു വഴിയില്ല”.

സുരസ വായ പിളർന്നു നിൽപായി..

“ഞാൻ വളരെ അത്യാവശ്യമായി പോവുകയാണ്‌. മഹത്തായ ഒരു ലക്ഷ്യത്തിലേയ്‌ക്കുള്ള ഈ യാത്ര തടയരുത്‌. ദയവായി വഴിയിൽ നിന്നു മാറൂ.”

“ഇല്ല, നീ എനിക്കുള്ള ഭക്ഷണം. വരൂ, എന്റെ വിശപ്പു മാറ്റൂ.”സുരസ വീണ്ടും വായ പിളർന്നു.

ഹനുമാൻ വളരെ അനുനയത്തിലും വിനയത്തിലും പറഞ്ഞു നോക്കി ഫലമുണ്ടായില്ല. തന്ത്രപരമായി മാത്രമേ ഈ ഭയങ്കരിയിൽ നിന്നു രക്ഷപ്പെടാനാകൂ എന്നു മനസ്സിലാക്കിയ ഹനുമാൻ തന്റെ ശരീരം സുരസ പിളർത്തിയ വായിൽ ഒതുങ്ങാത്തവിധം വലുതാക്കിയിട്ടു പറഞ്ഞു.

“സമ്മതിച്ചിരിക്കുന്നു. നിന്റെ വിശപ്പു മുഴുവൻ തീരട്ടെ! എന്നെ ഭക്ഷിച്ചോളൂ.”

അപ്പോൾ സുരസ വായ വലുതാക്കി – ഇരുപതുയോജന വലുപ്പം. ഹനുമാൻ ഉടനെ നാല്‌പതുയോജന വലുതായി നിന്നതു കണ്ടു സുരസയും വായയുടെ വലുപ്പം കൂട്ടി.

ഇങ്ങനെ പോയാൽ എവിടെയാണവസാനം? ഹനുമാന്റെ ബുദ്ധിയിൽ ആ ചോദ്യവും പിന്നാലെ ഉത്തരവും വന്നു.

ചെറുതാവുക! ഇതാണു ഹനുമാൻ സൂത്രം! പെട്ടെന്നു ചെറുവിരലോളം ചെറുതായിക്കഴിഞ്ഞ ഹനുമാൻ സുരസയുടെ വായയിൽ കയറി. എന്നിട്ട്‌ അവിടെ ചില തട്ടും മുട്ടും കൊടുത്തു ചെവിയിലൂടെ പുറത്തുവന്നു പറഞ്ഞുഃ

“അമ്മേ, ഇനി വായ അടച്ചാലും! ആ വായയിലൂടെ കയറി, ചെവിയിലൂടെ പുറത്തു വന്ന ഞാൻ ഇപ്പോൾ അമ്മയുടെ മകനാണ്‌! ശ്രിരാമകാര്യാർത്ഥം പോകുന്ന ഈ മകന്റെ വഴിയിലെ തടസ്സം ദയവായി ഒഴിവാക്കൂ. എന്നെ അനുഗ്രഹിക്കൂ.”

സുരസ അപ്പോ തന്റെ യഥാർത്ഥ രൂപം പൂണ്ടു ഹനുമാനെ സന്തോഷപൂർവ്വം അനുഗ്രഹിച്ചു. നാഗമാതാവിന്റെ ഹൃദയം നിറഞ്ഞ ആ അനുഗ്രഹം ഹനുമാനു പിന്നീടു പ്രയോജനപ്പെട്ടുവെന്നു വേണം കരുതാൻ.

വലുതാകാൻ, അഹംഭാവിയാകാൻ ആർക്കും എളുപ്പമാണ്‌. അതിനേക്കാൾ എളുപ്പത്തിൽ ചെറുതാകുവാനും വിനയവാനാകാനും കഴിയുമ്പോൾ നമ്മുടെ വിജയം ഉറപ്പാകുന്നുവെന്നു ഹനുമാൻ നമ്മെ പഠിപ്പിക്കുന്നു.

ലങ്കയിൽ അശോകവനത്തിലിരിക്കുന്ന സീതാമാതാവിന്റെ മുന്നിൽ ഏറ്റവും ചെറിയ രൂപം ധരിച്ചാണല്ലോ ഹനുമാൻ പ്രത്യക്ഷപ്പെടുന്നത്‌. വാനരപ്പടയുടെ ബലത്തെക്കുറിച്ചു സീത സംശയം പറഞ്ഞപ്പോഴാകട്ടെ തന്റെ മഹാരൂപവും കാണിച്ചു കൊടുക്കുന്നുണ്ട്‌.

ഉദ്യാനം തകർത്തതിനു പിന്നീടു ബന്ധനസ്‌ഥനാക്കപ്പെട്ട ഹനുമാനു രാവണസഭ ഒരു ശിക്ഷ വിധിച്ചു. വാലിൽ തുണിചുറ്റി, എണ്ണയെഴിച്ചു തീ കൊളുത്തി വിടുക. അപ്പോൾ വാലിന്റെ നീളം കൂട്ടി രാക്ഷസരെ കളിപ്പിക്കുകയാണു ഹനുമാൻ ചെയ്‌തത്‌. വാലിൽ പിടിച്ചവരെ വാലുകൊണ്ടുതന്നെ, തീ കൊളുത്തിയവരെ തീകൊണ്ടുതന്നെ ഹനുമാൻ ശിക്ഷിച്ചു!

നിഗ്രഹശക്തിയോടെ വന്ന സുരസ എന്ന പ്രതിസന്ധിയെ വളരെ തന്ത്രപരമായി നേരിടുവാനും തനിക്ക്‌ അനുഗ്രഹദായകമാക്കുവാനും ഹനുമാനു കഴിഞ്ഞു. ദേവന്മാർ അതിൽ അതീവ സന്തുഷ്‌ടരായി. തുടർന്നു രാമായണത്തിലെ ഓരോ പ്രതിസന്ധിഘട്ടത്തിലും ഹനുമാന്റെ ഈ ബുദ്ധിവൈഭവം തെളിഞ്ഞുകാണാം. നാം അതു മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്‌.

Generated from archived content: sthree14.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English