സീതാന്വേഷണത്തിനു ദക്ഷിണദിക്കിലേക്കു തിരിച്ച വാനരസംഘത്തിലെ നായകന്മാർ അംഗദനും ഹനുമാനും ജാംബവാനുമായിരുന്നു. കാടും മേടും താണ്ടി അവർ വിന്ധ്യാചലത്തിലെ വിശാലമായ ഒരു മൈതാനത്തിൽ എത്തി.
വിശപ്പും ദാഹവും നന്നേയുണ്ട്. ഒരടിപോലും മുന്നോട്ട് ഇനി നടക്കാൻ വയ്യാത്ത അവസ്‌ഥ. കുറച്ചപ്പുറത്തുനിന്നു പക്ഷികൾ കൂട്ടത്തോടെ പറന്നുയരുന്നതു വാനരന്മാർ കണ്ടു. ആ പക്ഷികളുടെ ചിറകുകളിൽ നിന്നും ജലകണങ്ങൾ താഴേയ്‌ക്കു വീണിരുന്നു. അതിനാൽ പക്ഷികൾ പറന്നുയരുന്നിടത്തു നദിയോ തടാകമോ ഉണ്ടാകുമെന്ന ഉറപ്പോടെ വാനരന്മാർ അങ്ങോട്ടു നടപ്പായി.
ഒരു ഗുഹാമുഖത്താണ് അവർ എത്തിയത്. അകത്തേയ്‌ക്കു നോക്കിയപ്പോൾ കനത്ത ഇരുട്ട്. ഒന്നും കാണാൻ വയ്യ. എങ്കിലും ഹനുമാൻ ധൈര്യം സംഭരിച്ചു മുന്നോട്ടു നടന്നു. തപ്പിത്തടഞ്ഞു പിന്നാലെ വാനരസംഘവും.
കുറേദൂരം അങ്ങനെ നടന്നു. എത്തിച്ചേർന്നത് വിശാലവും മനോഹരവുമായ, ഫലപുഷ്‌പാദികളാൽ സമൃദ്ധമായ സ്‌ഥലത്തായിരുന്നു. സുന്ദരിയായ ഒരു യോഗിനിയേയും അവർ കണ്ടു.
വിവരം തിരക്കിയ വാനരന്മാരോട് ആ യോഗിനി തന്റെ കഥ പറഞ്ഞു.
“ദേവലോകസുന്ദരിയായ രംഭയുടെ വിശ്വസ്‌ത ദാസിയായിരുന്നു ഞാൻ. ചതുരാസ്യൻ എന്ന ഒരസുരനു രംഭയിൽ വല്ലാത്തൊരു ഭ്രമം തോന്നി. ആഗ്രഹം സാധിച്ചുകൊടുക്കാൻ എന്റെ സഹായം അയാൾ ആവശ്യപ്പെട്ടു. ഞാൻ അതു സാധിപ്പിച്ചും കൊടുത്തു. അപ്പോൾ ആ അസുരൻ ദേവശിൽപിയായ മയനെ വിളിച്ചു പണിയിച്ച ഉദ്യാനനഗരിയാണിത്.
ഞങ്ങൾ ഏറെക്കാലം ഇവിടെ സുഖമായി കഴിഞ്ഞു. ഇക്കാര്യം എങ്ങിനെയോ ദേവന്ദ്രേന് അറിവുകിട്ടി. കുപിതനായി എത്തിയ ഇന്ദ്രൻ അസുരനെ കൊന്നു. രംഭയെ ദേവലോകത്തിലേയ്‌ക്കു കൊണ്ടുപോവുകയും ചെയ്‌തു.
എന്നെക്കൂടി ദേവലോകത്തിലേയ്‌ക്കു കൊണ്ടുപോകാൻ രംഭയോടുള്ള അപേക്ഷ കേട്ടു ദേവേന്ദ്രൻ എന്നെ ശപിക്കുകയാണു ചെയ്‌തത്. എക്കാലത്തേയ്‌ക്കും ഏകാന്തവാസം”!
ശാപമോചനം യാചിച്ച എന്നോട് ഇന്ദ്രൻ പറഞ്ഞു.
“അനേകായിരം വർഷങ്ങൾക്കുശേഷം ഒരു സംഘം വാനരന്മാർ ഇവിടെ എത്തുന്നതാണ്. ശ്രീരാമപത്‌നിയായ സീതയെ അന്വേഷിച്ചുവരുന്ന അവരെ നീ വേണ്ടവിധം ഫലമൂലങ്ങളും പാനീയങ്ങളുിം നൽകി സൽക്കരിച്ചു തൃപ്‌തരാക്കണം. ശ്രീരാമൻ എവിടെ ഇരിക്കുന്നുവെന്ന് അപ്പോൾ നിനക്ക് അറിയാറാകും. അവിടെയെത്തി ശ്രിരാമലക്ഷ്‌മണന്മാരെ വന്ദിച്ചശേഷം നിനക്കും ദേവലോകത്തിലെത്താം.”
സ്വയംപ്രഭ പിന്നെ വാനരന്മാർക്ക് അനുമതി നൽകി. തോട്ടത്തിലെങ്ങും വിശിഷ്‌ടങ്ങളായ പഴങ്ങൾ വിളഞ്ഞുകിടക്കുകയാണ്. അവ മതിവരുവോളം ഭക്ഷിച്ചു വാനരക്കൂട്ടം സന്തോഷവന്മാരായി. അപ്പോൾ സ്വയംപ്രഭ പറഞ്ഞു.
“ഇത് ഒരു മായാനഗരിയാണ്; ഉദ്യാനമാണ്. നിങ്ങൾക്ക് ഇവിടുന്നു പുറത്തു പോകാൻ സാധിക്കില്ല. അതിന് എന്റെ സഹായം കൂടിയേ തീരൂ. എല്ലാവരും കണ്ണടച്ച് ഇരുന്നാൽ മതി. നിങ്ങളെ പഴയ സ്‌ഥലത്തു തന്നെ ഞാൻ എത്തിക്കാം.”
വാനരന്മാരെല്ലാം അനുസരണയോടെ കണ്ണുകൾ ഇറുക്കിയടച്ചു. അടുത്ത നിമിഷത്തിൽ വിന്ധ്യാചലത്തിലെ പഴയ മൈതാനിയിൽ അവർ എത്തിക്കഴിഞ്ഞിരുന്നു. കണ്ണു തുറന്നു കൊള്ളാൻ സ്വയംപ്രഭ പറയുന്നതു മാത്രം കേട്ടു. പക്ഷേ, അവരെ കണ്ടില്ല. ആ യോഗിനി അദൃശ്യയായിക്കഴിഞ്ഞിരുന്നു.
സ്വയം പ്രഭ ഉടനെ ശ്രീരാമസന്നിധിയിലെത്തി പ്രാണാമമർപ്പിച്ചു. സുഗ്രീവ-ലക്ഷണ സമേതനായ ശ്രീരാമചന്ദ്രനെ കൺനിറയെ കണ്ടും ഭക്തിപൂർവ്വം സ്‌തുതിച്ചും അവർ പിന്നെ ദേവലോകത്തേയ്‌ക്കു പോയി.
Generated from archived content: sthree13.html Author: pi_sankaranarayanan
Click this button or press Ctrl+G to toggle between Malayalam and English