ബാലി എന്ന വാനര രാജാവിന്റെ ഭാര്യയാണ് താര. രാമായണത്തിലെ നായികയായ സീതയ്‌ക്കൊപ്പം, മണ്ഡോദരിക്കും അഹല്യയ്‌ക്കുമൊപ്പം, ഉന്നതസ്‌ഥാനമാണ് വാനരസ്‌ത്രീയായ താരയ്‌ക്കും നൽകപ്പെട്ടു കാണുന്നത്.
പഞ്ചകന്യകമാരിൽ ഒരാളാണ് താര. നാലും രാമായണത്തിലുള്ളവർ. അഞ്ചാമത്തേത് ദ്രൗപതി മാത്രം ദ്വാപര യുഗത്തിൽ, കൃഷ്‌ണകാലത്തു ജീവിച്ചു.
താരയുടെ ജനനവും ജീവിതവും വളരെ വിചിത്രമാണ്. സീതയെപ്പോലെ അയോനിജയാണവൾ. ഉഴവുചാലിൽനിന്നാണല്ലോ ജനകനു മകളായി സീതയെ ലഭിച്ചത്. പക്ഷേ, ബാലിക്കു താരയെ ഭാര്യയായി ലഭിച്ചതു പാലാഴിമഥനത്തിന്നിടയിലാണ് – മഹാലക്ഷ്‌മിയെ വിഷ്‌ണുവിന് എന്നപോലെ!
പാലാഴിമഥനകാലത്ത് ആ മഹാസംഭവം കാണാൻ ബാലിയും വാനര സംഘവും ഉണ്ടായിരുന്നത്രെ. മന്ധര പർവ്വം കടകോലാക്കി, വാസുകിയെ കയറാക്കി, ഒരു വശത്തു ദേവന്മാരും മറുവശത്ത് അസുരന്മാരും പിടിച്ചുകൊണ്ടായിരുന്നു മഥനം.
ചെറിയ പണിയൊന്നുമല്ല. ഇരുവശത്തുമുള്ളവർ വിയർത്തു വിവശരായി. ബാലി അതുകണ്ടു പൊട്ടിച്ചിരിച്ചു. രണ്ടു കൂട്ടരേയും മാറ്റി നിർത്തി, സ്വയം നടുക്കലേയ്‌ക്കു നീങ്ങി ഒരു കൈയാൽ വാസുകിയുടെ തലയും മറുകൈയാൽ വാലും പിടിച്ചുകൊണ്ടു ബാലി പറഞ്ഞുഃ
“നോക്കൂ! ഇങ്ങനെയാണ് കടയേണ്ടത്!”
പാലാഴി അപ്പോൾ ഇളകി മറിഞ്ഞു. അതിൽ നിന്നു പല അത്ഭുതസാധനങ്ങളും ഉയർന്നുവരാൻ തുടങ്ങി ഓരോന്നിനെ ഓരോരുത്തർ വശത്താക്കിയപ്പോൾ ബാലിക്ക് ഇഷ്‌ടമായത് താരയെ ആണ്.
പലതിലുമെന്നപോലെ അവിടെയും തർക്കമുണ്ടായി. ബാലി താരയുടെ കൈയിൽ പിടിച്ചപ്പോൾ സുഷേണൻ എന്ന വാനരശ്രേഷ്‌ഠൻ താരയുടെ ഇടത്തുകൈയിലും പിടിച്ചു. പിടിയും വലിയും മുറുകി.
തർക്കം തീർക്കാൻ ദേവന്മാർ ഇടപെട്ടു. സുഷേണൻ താരയെ സ്വന്തം മകളായി കരുതണം. ബാലിക്ക് അവളെ വിവാഹം ചെയ്‌തുകൊടുക്കണം. അതിബലശാലിയായ ബാലിയാകട്ടെ ഈ ‘പാലാഴിമങ്ക’യുടെ ഭർത്താവ്!
ആ തീരുമാനം അംഗീകരിക്കപ്പെട്ടു. അങ്ങനെ താര സുഷേണ പുത്രിയും ബാലിയുടെ ഭാര്യയുമായി. സുഗ്രീവപത്‌നിയായ രുമയും പാലാഴിയിൽനിന്നുണ്ടായി എന്നാണ് കഥ എന്നാൽ രുമ വളരെ അപ്രധാനമായ ഒരു കഥാപാത്രമാണ് രാമായണത്തിൽ. താരയാകട്ടെ അതിശോഭയാർന്ന ഒരു താരമായി തിളങ്ങുന്നുമുണ്ട്.
സുഗ്രീവൻ രണ്ടാമതും വന്നു പോർവിളി മുഴുക്കിയപ്പോൾ അതിക്രൂദ്ധനായി പുറപ്പെടുന്ന ബാലിയുടെ മുന്നിലാണ് താരയെ നാം ആദ്യമായി കാണുന്നത്. സ്‌നേഹപൂർവ്വം അവൾ ഭർത്താവിനെ തടയുന്നു. പതിവ്രതയായ ഒരു ഭാര്യയുടെ പരിവേഷം അപ്പോൾ അവൾക്കുണ്ട്.
വളരെ യുക്തിസഹമായാണ് താര ഓരോ വാക്കും പറയുന്നത്. പരിപക്വമായ തത്ത്വചിന്തയുടെ തലത്തിൽ അത് എത്തിനിൽക്കുന്നു. ഒപ്പം ഒരു ഭരണതന്ത്രജ്ഞയുടെ മിടുക്കും പ്രകടമാകുന്നുണ്ട്. അംഗദനിലൂടെയും ചാരന്മാരിലൂടെയും ലഭിച്ച വിവരങ്ങൾ വെച്ചാണ് അവൾ ഭർത്താവിനെ വിലക്കിയത്. പക്ഷേ, ഫലമുണ്ടായില്ല.
യുദ്ധം – ബാലിസുഗ്രീവ യുദ്ധം! വരാനിരിക്കുന്ന രാമ-രാവണയുദ്ധത്തിന്റെ ചെറുപതിപ്പായിരുന്നു അത്. അതിഘോരമായ ആ യുദ്ധത്തിൽ രാമശരമേറ്റു വീണുകിടക്കുന്ന ബാലിയുടെ അടുക്കൽ താര ഓടിയണയുന്നു.
ഭർത്തൃമരണത്തിലുള്ള താരയുടെ വിലാപവും ശ്രിരാമനിൽനിന്ന് അപ്പോഴുണ്ടാകുന്ന താരോപദേശവും രാമായണത്തിലെ മികച്ച ഭാഗങ്ങളാണ്. ശാന്തചിത്തയായ താര പിന്നീട് രാജാവായ സുഗ്രീവന്റെ സ്വന്തം ഭർത്തൃസഹോദരന്റെ, ഭാര്യയായി വിരാജിക്കുന്നു. ഇത് അത്ര യോഗ്യമായില്ല എന്നു പറയുന്ന ധാരാളംപേരെ കാണാം.
ജേഷ്‌ഠനായ ബാലി എന്തായിരുന്നു ചെയ്‌തത്? അനിയനായ സുഗ്രീവന്റെ ഭാര്യയെ, രുമയെ കൈയടക്കി വെച്ചിരുന്നില്ലേ? പകരത്തിനുപകരമെന്നു പറയാൻ വയ്യ. ബാലി മരിച്ചപ്പോൾ നിർബ്ബന്ധപൂർവ്വമല്ലാതെ താര സുഗ്രീവന്റേതായി എന്നേയുള്ളു. നര നിയമം പോലെ അല്ലല്ലോ വാനര നിയമം!
അധികാരം കിട്ടിയപ്പോൾ സുഗ്രീവൻ എല്ലാം മറന്നുപോലെയായി. മദ്യപിച്ചും ആഘോഷിച്ചും നിൽക്കുന്ന സുഗ്രിവന്റെ അടുക്കൽ ലക്ഷ്‌മണൻ കുപിതനായി എത്തുന്നു. സർവ്വസംഹാരമൂർത്തയായി. ഞാണൊലിയിട്ടു വരുന്ന ലക്ഷ്‌മണനെ ശാന്തനാക്കാൻ താരയെയാണ് സുഗ്രീവൻ നിയോഗിക്കുന്നത്. താര സുന്ദരിയാണ്. തന്ത്രജ്ഞയാണ്, പക്വമതിയുമാണ് എന്നു സുഗ്രീവനറിയാം.
സുഗ്രീവന്റെ നിഗമനം തെറ്റിയില്ല. താരയുടെ മധുരവചസ്സുകളാൽ ലക്ഷ്‌മണൻ ശാന്തനും പ്രസന്നനുമായി മാറി. സുഗ്രീവന്റെ ആതിഥ്യവും സ്വീകരിച്ചാണ് അദ്ദേഹം മടങ്ങുന്നത്. ശ്രീരാമകാര്യങ്ങൾക്കു പിന്നെ വിളംബരമൊന്നും വരാതിരിക്കാൻ സുഗ്രീവൻ ശ്രദ്ധിക്കുകയും ചെയ്‌തു.
രാമ-രാവണ യുദ്ധം കഴിഞ്ഞു. സീതാസമേതനായ രാമനും സംഘവും പുഷ്‌പക വിമാനത്തിൽ അയോദ്ധ്യയ്‌ക്കു മടങ്ങുകയാണ്. കിഷ്‌കിന്ധയ്‌ക്കു മുകളിലെത്തിയപ്പോൾ രാമൻ താഴേയ്‌ക്കു ചുണ്ടി പറഞ്ഞുഃ
“നോക്കൂ. ആ കൂട്ടംകൂടി നില്‌ക്കുന്നതു വാനരനാരിമാരാണ്. അതിൽ, മദ്ധ്യത്തിലായി കാണുന്നവൾ താര; അപ്പുറത്തു സുഗ്രീവ പത്‌നി രുമ”.
ആ മഹതികളെ തനിക്കൊന്നു കാണണം എന്ന ആഗ്രഹം സീത പ്രകടിപ്പിച്ചു. തനിക്കുവേണ്ടി ഭർത്താക്കന്മാതെ യുദ്ധത്തിനയച്ച വീരതരുണിമാരാണെല്ലാം. അടുത്തുചെന്ന് ഒരു നന്ദിവാക്കെങ്കിലും പറയാമെന്നു സീതാദേവി ഹൃദയത്തിൽ കരുതിയിരിക്കാം.
പുഷ്‌പകവിമാനം കിഷ്‌കിന്ധയിൽ ഇറങ്ങിയപ്പോൾ വാനരക്കൂട്ടം അതിനെ പൊതിഞ്ഞു. അവരുടെ സ്‌നേഹപ്രകടനങ്ങളാൽ തരളിതയായ സീത, താരയുടെ നേതൃത്വത്തിലുള്ള വാനരസംഘത്തെക്കൂടി അയോദ്ധ്യയിലേയ്‌ക്കു കൂട്ടണം എന്നാണു ഭർത്താവിനോട് ആവശ്യപ്പെട്ടത്. അങ്ങനെ സീതാരാമ പട്ടാഭിഷേകത്തിലും താര ഒരു വീരവാനര തരുണിയായി സ്‌ഥാനം പിടിച്ചു എന്നതു ശ്രദ്ധേയമാണ്.
Generated from archived content: sthree12.html Author: pi_sankaranarayanan
Click this button or press Ctrl+G to toggle between Malayalam and English