അഞ്ജന

ദേവഗുരുവായ ബൃഹസ്‌പതിയുടെ ദാസിമാരിൽ ഒരാളായിരുന്നു പുഞ്ഞ്‌ജികസ്‌ഥല. പ്രധാനപ്പെട്ട പതിനൊന്നു ദേവകന്യകമാരിൽ ഒരുവൾ എന്ന സ്‌ഥാനംകൂടി പുഞ്ഞ്‌ജികസ്‌ഥലയ്‌ക്കുണ്ട്‌. ഒരിക്കൽ അവൾ ഗുരുശാപത്തിനിരയായി.

നന്ദനോദ്യാനത്തിൽ പ്രേമലീലകളിൽ മുഴുകിയിരിക്കയാണ്‌ കുറേയുവതീയുവാക്കൾ. അത്‌ അകലെനിന്നുകണ്ട പുഞ്ഞ്‌ജികസ്‌ഥലയിലും മോഹമുണർന്നു. ഒരു പുരുഷനോടൊത്തു തനിക്കുംആഹ്ലാദിക്കണം.

ഗൃഹത്തിലെത്തിയ പുഞ്ഞ്‌ജികസ്‌ഥല താൻ ദാസിയാണെന്ന കാര്യം മറന്നു. അവൾ ബൃഹസ്‌പതിയുടെ കരം ഗ്രഹിച്ചു പ്രേമപാരവശ്യം കാട്ടാൻ തുടങ്ങി.

ഗുരു ആദ്യം അമ്പരന്നു. പിന്നെ കോപിഷ്‌ഠനായി ശപിച്ചു. “നീ വാനരസ്‌ത്രീയായി ഭൂമിയിൽ ജനിക്കട്ടെ!”

മനഗർവ്വ എന്നുകൂടി പേരുള്ള പുഞ്ഞ്‌ജികസ്‌ഥല ഞെട്ടി. അവൾ കാമചാപല്യം വിട്ട്‌ ഉടനെ ഗുരുവിന്റെ കാൽക്കൽ വീണു കരഞ്ഞു. തനിക്കു ശാപമോചനം തരണമെന്ന ആ അപേക്ഷ കേട്ടു ഗുരു പറഞ്ഞു.

“ഭൂമിയിൽ നീ പെൺകുരങ്ങായി ഇരിക്കുമ്പോൾ ഒരാൺകുരങ്ങുതുണയായി വരും. അവനൊപ്പം നീ തൃപ്‌തിയാവോളം കാമലീലകളാടിക്കൊള്ളുക. ഒടുവിൽ ശിവകൃപയാൽ നിനക്കൊരു വീരസന്താനത്തെ പ്രസവിക്കാൻ ഭാഗ്യമുണ്ടാകും. പ്രസവാനന്തരം ഉടനെ സ്വർഗത്തിലേക്ക്‌ തിരിച്ചു പോരുകയും ചെയ്യാം.”

അങ്ങനെ അഞ്ഞ്‌ജനവനത്തിൽ എത്തിയ പുഞ്ഞ്‌ജികസ്‌ഥല അഞ്ഞ്‌ജന എന്ന പേരുള്ള പെൺകുരങ്ങായി ജീവിതം തുടങ്ങി. അവിടുത്തെ വാനര രാജാവായ കേസരിയാണ്‌ അവളെ വിവാഹം കഴിച്ചത്‌. ദീർഘകാലം ദാമ്പത്യസുഖമനുഭവിച്ചിട്ടും അവൾക്കു സന്താന ലബ്‌ധി ഉണ്ടായില്ല. അതിനാൽ അഞ്ഞ്‌ജന ആഗ്രഹനിവൃത്തിക്കായി ശിവപൂജ ആരംഭിച്ചു.

അക്കാലത്താണ്‌ ശിവനും പാർവ്വതിയും ക്രീഡാവനത്തിൽ വാനരദമ്പതികളായി വിഹരിച്ചുകൊണ്ടിരുന്നത്‌. താൻ ഗർഭിണിയായി എന്നു മനസ്സിലായപ്പോൾ പാർവ്വതിക്കു സങ്കടം വന്നു. ഒരു ഉണ്ണിക്കുരങ്ങിനെ താൻ പ്രസവിക്കുകയോ? വയ്യ. ഈ നാണക്കേടു താങ്ങാനാവില്ല എന്നു പാർവ്വതി ഭർത്താവിനോടു പറഞ്ഞു.

കുഞ്ഞിനെ നശിപ്പിക്കാൻ വയ്യ. ശിവന്റെ ചിന്തയിൽ ഒരു ഉപായം തെളിഞ്ഞു. പുത്രലാഭത്തിനായി തന്നെ ആരാധിക്കുന്നുണ്ടല്ലോ ഒരു വാനരസ്‌ത്രീ. പാർവ്വതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാൽ രണ്ടുപേർക്കും സന്തോഷമാവുകയും ചെയ്യും.

ശിവൻ വായുഭഗവാനെ വരുത്തി കാര്യം പറഞ്ഞു. വലിയ ശസ്‌ത്രക്രിയയൊന്നും കൂടാതെ, പുഷ്‌പംപോലെ ഒരു ഗർഭം മാറ്റിവയ്‌ക്കൽ അങ്ങനെ നടന്നു! പരമ രഹസ്യം.

ഏതു രഹസ്യവും പക്ഷേ, നാരദൻ അറിയും. നാരദൻ അത്‌ എത്തേണ്ടിടത്ത്‌ എത്തിക്കുകയും ചെയ്യും. അങ്ങനെയാണ്‌ വാനരരാജാവായ ബാലി അറിഞ്ഞത്‌. ശിവാംശമായി ജനിക്കുന്ന ആ കുരങ്ങൻ തന്റെ വിപുലമായ വാനര സാമ്രാജ്യത്തിനു ഭീഷണിയായിത്തീരും എന്നു ബാലി ഭയപ്പെട്ടു.

ശിവബീജം നശിപ്പിച്ചേ പറ്റൂ. ബാലി ഒരു പദ്ധതി തയ്യാറാക്കി. പഞ്ചലോഹങ്ങൾ ഉരുക്കി ജലരൂപത്തിൽ അഞ്ഞ്‌ജനയുടെ ഗർഭപാത്രത്തിൽ തന്ത്രപൂർവ്വം കടത്തിവിടുക! പക്ഷേ, പ്രയേജനമുണ്ടായില്ല. അതു ഗർഭസ്‌ഥശിശുവിനു കവചവും ആഭരണവുമായിത്തീരുകയാണ്‌ ഉണ്ടായത്‌.

അഞ്ഞ്‌ജന പ്രസവിച്ചു. സൂര്യശോഭയുള്ള കുഞ്ഞ്‌. ദീർഘകാലത്തെ വ്രതങ്ങളും തപസ്സുംകൊണ്ടു ലഭിച്ച ഓമനയെ ഒന്നു പുണരാൻ പോലും അഞ്ഞ്‌ജന പിന്നീടു നിന്നില്ല. ശാപകാലം കഴിഞ്ഞപ്പോൾ അവൾ കുഞ്ഞ്‌ജികസ്‌ഥല എന്ന ദേവകന്യകയായി. ഭൂവാസം നിഷിദ്ധമാണിനി. അവൾ ഉടനെ സ്വർഗത്തിലേക്കു പറന്നു.

പാവം കുട്ടിക്കുരങ്ങൻ! എത്ര അനാഥൻ! ഗർഭകാലത്തുതന്നെ ഘേരമായ പരീക്ഷണങ്ങളും പീഢനങ്ങളും ഏറ്റുവാങ്ങിയവൻ! അമ്മയുടെ ചൂടും മുലപ്പാലും സ്‌നേഹലാളനങ്ങളും നുകരാൻ ഭാഗ്യമില്ലാതെപോയവൻ.

കാട്ടിൽ ജനിക്കിലെന്ത്‌? അമ്മ ഉപേക്ഷിക്കിലെന്ത്‌? അമ്മയുടെ പേർ ചേർത്തും അമ്മയ്‌ക്കും യശസ്സു ചേർത്തുമാണ്‌ ആ കുട്ടി പിന്നെ അറിയപ്പെട്ടത്‌ – ആഞ്ഞ്‌ജനേയൻ. രാക്ഷസവംശത്തിനു മുഴുവൻ പേടി സ്വപ്‌നമായി അവൻ വിശ്വത്തോളം വളർന്നു. ആ ഹനുമാൻ ചിരംജീവിയാണ്‌. രാമഭക്തർക്ക്‌ ആശ്വാസവും സഹായവുമേകാൻ അദ്ദേഹം ഇവിടെ എവിടെയൊക്കെയോ ചുറ്റിനടക്കുന്നുണ്ടാകും, കാറ്റുപോലെ…

Generated from archived content: sthree11.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English