കൗസല്യ

ഉത്തരകോസലം, ദക്ഷിണകോസലം. ഇങ്ങനെ രണ്ടു രാജ്യങ്ങൾ. അതിൽ ദക്ഷിണകോസലത്തിലെ രാജകുമാരിയാണ്‌ രാജ്യനാമം കൂടി ധരിക്കുന്ന കൗസല്യ. അവളെ ഉത്തരകോസലാധിപനായ ദശരഥൻ വിവാഹം ചെയ്തു.

സൗശീല്യവതിയാണ്‌ കൗസല്യ. ദശരഥന്റെ ധർമ്മപത്നിയും പട്ടമഹിഷിയുമായി അവർ വളരെ വർഷങ്ങൾ കഴിച്ചു. പിന്നീടു സുമിത്രയും കൈകേയിയും ഭാര്യമാരായി വന്നുവെങ്കിലും രാജ്യത്തിലെ പ്രഥമവനിത എന്ന സ്ഥാനം കൗസല്യയ്‌ക്കുതന്നെ ആയിരുന്നു.

കൈകേയി, പക്ഷെ, ദശരഥനു കൂടുതൽ പ്രിയപ്പെട്ടവളാണ്‌ എന്ന തോന്നൽ പൊതുവെ ഉണ്ടാക്കിയിരുന്നു. പുത്രകാമേഷ്ടിയിലൂടെ പുത്രവതികളായ മൂവരും ഏറെക്കുറെ ഒത്തൊരുമയോടെയാണ്‌ കഴിഞ്ഞുപോന്നത്‌. പക്ഷെ, ചെറിയ അസ്വാരസ്യങ്ങൾ കൗസല്യയിൽ ക്രമേണ ഉടലെടുത്തു.

മകന്റെ നന്മയ്‌ക്കുവേണ്ടി പ്രത്യേകമായ ലക്ഷ്മീപൂജകൾ ചെയ്യുന്നുണ്ടു കൗസല്യ. അവിടേയ്‌ക്കാണ്‌ യുവരാജാവായി രാമനെ അഭിഷേകം ചെയ്യാൻ പോകുന്ന വിവരവുമായി ഭൃത്യർ എത്തുന്നത്‌. ഉടനെ ലക്ഷ്മീദേവിക്കു നമസ്‌ക്കാരവും സ്തുതിയും പറയുകയായി കൗസല്യ. അടുത്ത നിമിഷത്തിൽഃ

“കാമുകനല്ലോ നൃപതി ദശരഥൻ

കാമിനി കൈകേയി ചിത്തമെന്തീശ്വരാ!”

എന്ന ഉൽക്കണ്‌ഠയോടെയാണു കൗസല്യ മകനു നല്ലതുവരുത്താൻ ലക്ഷ്മീദേവിയോട്‌ അപേക്ഷിക്കുന്നത്‌.

കൗസല്യയുടെ ശങ്ക അസ്ഥാനത്തായിരുന്നില്ല. കൈകേയി ഭരതനെ രാജാവാക്കാൻ മാത്രമല്ല, ശ്രീരാമനെ പതിന്നാലു സംവത്സരം കാട്ടിലയയ്‌ക്കാനും ദശരഥനോടു ആവശ്യപ്പെട്ടു.

ശ്രീരാമൻ തന്റെ അടുക്കൽ വന്നു കണ്ടപ്പോൾ, നാളത്തെ യുവരാജാവല്ലേ എന്ന സന്തോഷത്തോടെയാണ്‌ മകനെ കെട്ടിപ്പുണരുന്നത്‌. പിതാവിന്റെ സത്യപാലനത്തിനുവേണ്ടി താൻ കാട്ടിലേയ്‌ക്കു പോവുകയാണ്‌ എന്നു രാമൻ അറിയിക്കുമ്പൊഴോ? ആ അമ്മ കോപകലുഷയും ദുഃഖിതയുമാകുന്നു.

“നിന്റെ കൂടെ ഞാനും വരുന്നു കാട്ടിലേയ്‌ക്ക്‌. ഇല്ലെങ്കിൽ എന്റെ സ്ഥാനം ചുടുകാട്ടിലാകും. ഭരതൻ നാടു വാണോട്ടെ. പക്ഷെ, നിന്നെ കാട്ടിലയയ്‌ക്കുന്നതെന്തിന്‌? ഇതെന്തു നീതി? അച്ഛൻ അങ്ങനെ പറഞ്ഞോട്ടെ. അമ്മയായ ഞാൻ പറയുന്നു നീ കാട്ടിൽ പോകരുതെന്ന്‌. അമ്മയെ നീ അനുസരിക്കേണ്ടതല്ലേ?”

കൗസല്യയുടെ ഈ ചോദ്യങ്ങൾ വളരെ യുക്തിസഹങ്ങളാണ്‌. ഒരമ്മയുടെ വാത്സല്യത്തികവും ഉൽക്കണ്‌ഠയും കോപവുമെല്ലാം കൗസല്യയിൽ അപ്പോൾ കാണുന്നു. വളരെ യുക്തിസഹമായി രാമൻ അതിനെ നേരിടുകയും അമ്മയെ സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.

രാമവിയോഗത്താൽ നിപതിച്ച ദശരഥന്റെ നേരെ നിർദ്ദയമായ വാക്‌ശരങ്ങളുതിർക്കാൻ കൗസല്യ ആദ്യം മടിക്കുകയുണ്ടായില്ല. ക്രമേണ അതിന്റെ ശക്തി കുറഞ്ഞുവന്നു. കാരണം മറ്റൊന്നുമല്ല. വിഷസർപ്പത്തെയെന്നോണം കൈകേയിയെ ദശരഥൻ വെറുത്തിരിക്കുന്നു. പശ്ചാത്താപവിവശനായ അദ്ദേഹം ഇപ്പോൾ കൗസല്യയ്‌ക്കരികിലാണുള്ളത്‌. ഭർത്താവിനെ സാന്ത്വനിപ്പിക്കലാണ്‌ തന്റെ ധർമ്മം എന്ന്‌ ആ മഹതി ഉടനെ തിരിച്ചറിഞ്ഞു.

ദശരഥൻ മരിച്ചു. അപ്പോഴും കൈകേയിയെ കുറ്റപ്പെടുത്തി കൗസല്യ പലതും പുലമ്പുന്നുണ്ട്‌. പക്ഷെ, ഭരതന്റെ ആഗമനം അവൾ ഭയന്നതുപോലെ ആയിരുന്നില്ല. കൗസല്യ ഭരതനെ ആശ്ലേഷിച്ചു. ശ്രീരാമനെ വനത്തിൽ നിന്നും പിന്തിരിപ്പിച്ച്‌ അയോദ്ധ്യയിലേക്കു കൊണ്ടുവരാനുള്ള ഭരതന്റെ നീക്കത്തിൽ കൗസല്യ സന്തോഷിക്കുകയും ചെയ്തു.

തെറ്റുകളിൽ പശ്ചാത്തപിച്ച കൈകേയിയുടെ മനസ്സും അപ്പോൾ മാറിക്കഴിഞ്ഞിരുന്നു. അമ്മമാർ മൂവരും ഭരതന്റെ സംഘത്തിൽ ചേർന്നു ചിത്രകൂട പർവ്വതത്തിലോളം പോയി ശ്രീരാമസീതാലക്ഷ്മണന്മാരെ കാണുകയുണ്ടായി.

യാത്രകൊണ്ട്‌ ഉദ്ദേശിച്ച ഫലപ്രാപ്തി ആർക്കും ഉണ്ടായില്ല. പക്ഷെ, മനസ്സിനു വല്ലാത്തൊരു കുളിർമ അതു പ്രദാനം ചെയ്തു. അമ്മമാരെല്ലാം തുല്യദുഃഖിതരാണെന്ന അവസ്ഥ വന്നു. അവർ ഏകമനസ്സുള്ളവരായി മക്കളുടെ വരവിനുവേണ്ടി പ്രാർത്ഥനകളോടെ കാത്തിരുന്നു. പതിന്നാലുവർഷം കഴിഞ്ഞു. ശ്രീരാമപട്ടാഭിഷേകം കണ്ടു ചരിതാർത്ഥതയോടെ അവർ ആനന്ദബാഷ്പം ചൊരിഞ്ഞു.

Generated from archived content: sthree1.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English