” നന്നുനന്നെത്രയുമോര്‍ത്തോളമുള്ളിലി-
തിന്നൊരു കാര്യവിചാരമുണ്ടായതും?
ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ-
രാകുലമെന്തു ഭവിച്ചതു മാനസേ
മര്‍ത്ത്യനാം രാമങ്കല്‍നിന്നു ഭയം തവ
ചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം!
വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടന്‍
ബദ്ധ്വാ വിനിക്ഷ്യപ്യ പത്തനേ സത്വരം
വിശ്രുതയായൊരു കീര്‍ത്തി വളര്‍ത്തതും
പുത്രനാം മേഘനിനാദനതോര്‍ക്ക നീ
വിത്തേശനെപ്പുരാ യുദ്ധമദ്ധ്യേ ഭവാന്‍
ജിത്വാ ജിതശ്രമം പോരും ദശാന്തരേ
പുഷ്പകമായ വിമാനം ഗ്രഹിച്ചതു-
മത്ഭുതമെത്രയുമോര്‍ത്തുകണ്ടോളവും
കാലനെപ്പോരില്‍ ജയിച്ച ഭവാനുണ്ടോ?
കാല ദണ്ഡത്താലൊരു ഭയമുണ്ടാവൂ?
ഹുങ്കാരമാത്രേണ തന്നെ വരുണനെ-
സ്സംഗരത്തിങ്കല്‍ ജയിച്ചീലയോ ഭവാന്‍?
മറ്റുള്ള ദേവകളെപ്പറയേണമോ
പറ്റലരാരു മറ്റുള്ളതു ചൊല്ലുനീ
പിന്നെ മയനാം മഹാസുരന്‍ പേടിച്ചു
കന്യകാരത്നത്തെ നല്‍കീലയോ തവ ?
ദാനവന്മാര്‍ കരം തന്നു പൊറുക്കുന്നു
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലണമോ?
കൈലാസശൈലമിളക്കിയെടുത്തുട-
നാലോലമ്മമ്മാനമാടിയ കാരണം
കാലാരി ചന്ദ്രഹാസത്തെ നല്‍കീലയോ
മൂലമുണ്ടോ വിഷാദിപ്പാന്‍ മനസി തേ
ത്രൈലോക്യവാസികളെല്ലാം ഭവല്‍ബല-
മാലോക്യ ഭീതികലര്‍ന്നു മരുവുന്നു
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങള്‍
വീരരായുള്ള നമുക്കോര്‍ക്കില്‍ നാണമാം
നാമൊന്നുപേക്ഷിക്കകാരണാലേതുമോ-
ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ-
യങ്ങവന്‍ ജീവനോടേ പോകയില്ലല്ലോ”
ഇത്ഥം ദശമുഖനോടറിയിച്ചുടന്‍
പ്രത്യേകമോരോ പ്രതിജ്ഞയും ചൊല്ലിനാര്‍
” മാനമോടിന്നിനി ഞങ്ങളിലേകനെ
മാനസേ കല്പ്പിച്ചയക്കുന്നതാലോ
മാനുഷജാതികളില്ല ലോകത്തിങ്കല്‍
വാനരജാതിയുമില്ലെന്നതും വരും
ഇന്നൊരു കാര്യവിചാരമാക്കിപ്പല-
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും
എത്രയും പാരമിളപ്പം നമുക്കതു-
മുള്‍ത്താരിലോര്‍ത്തരുളേണം ജഗല്‍ പ്രഭോ!”
നക്തഞ്ചരവരരിത്ഥം പറഞ്ഞള-
വുള്‍ത്തപമൊട്ടു കുറഞ്ഞു ദശാസ്യനും .
രാവണകുംഭകര്‍ണ്ണ സംഭാഷണം
———————————-
നിദ്രയും കൈ വിട്ടു കുംഭകര്‍ണ്ണന്‍ തദാ
വിഭ്രുതമഗ്രജന്‍ തന്നെ വണങ്ങിനാന്‍
ഗാഢഗാഡം പുണര്‍ന്നുഢമോദം നിജ
പീഠമതിന്മേലിരുത്തി ദശാസ്യനും
വൃത്താന്തമെല്ലാമ്മവരജന്തന്നോടു
ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം
ഉള്‍ത്താരിലുണ്ടായ ഭീതിയോടുമവന്‍
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാന്‍
” ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും
ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും
ത്വല്പ്രാണഹാനിക്കുതന്നെ ധരിക്ക നീ
രാമന്‍ ഭവാനെ ക്ഷണം കണ്ടുകിട്ടുകില്‍
ഭൂമിയില്‍ വാഴ്വാനയക്കയിലെന്നുമെ
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കില്‍
സേവിച്ചു കൊള്ളുക രാമനെ നിത്യമായ്
രാമന്‍ മനുഷ്യനല്ലേകസ്വരൂപനാം
ശ്രീരാമന്‍ മഹാവിഷ്ണു നാരായണന്‍ പരന്‍
സീതയാകുന്നതു ലക്ഷ്മിഭഗവതി
ജാതയായാള്‍ തവ നാശം വരുത്തുവാന്‍
മോഹേന നാദഭേദം കേട്ടു ചെന്നുടന്‍
ദേഹനാശം മൃഗങ്ങള്‍ക്കു വരുന്നിതു
മീനങ്ങളെല്ലാം രസത്തില്‍ മോഹിച്ചു
താനേ ബളിശം വിഴുങ്ങി മരിക്കുന്നു
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍
മഗ്നമായ് മൃത്യു ഭവിക്കുന്നി,തവ്വണ്ണം
ജാനകിയെക്കണ്ടു മോഹിക്ക കാരണം
പ്രാണവിനാശം ഭവാനുമകപ്പെടും
നല്ലതല്ലേതുമെനിക്കിതെന്നുള്ളതു-
മുള്ളിലറിഞ്ഞിരിക്കുന്നിതെന്നാകിലും
ചെല്ലുമതിങ്കല്‍ മനസ്സ,തിന്‍കാരണം
ചൊല്ലുവന്‍ മുന്നം കഴിഞ്ഞ ജന്മത്തിലെ
വാസനകൊണ്ടതു നീക്കരുതാര്‍ക്കുമേ
ശാസനയാലുമടങ്ങുകയില്ലിതു
വിജ്ഞാനമുള്ള ദിവ്യന്മാര്‍ക്കുപോലും മ-
റ്റജ്ഞാനികള്‍ക്കോ പറയേണ്ടതില്ലല്ലോ
കാട്ടിയതെല്ലാമപനയം നീയതു
നാട്ടിലുള്ളോര്‍ക്കുമാപത്തിനായ് നിര്‍ണ്ണയം
ഞാനതിനിന്നിനി രാമനേയും മറ്റു
വാനരന്മാരെയുമൊക്കെയൊടുക്കുവാന്‍
ജാനകിതന്നെയനുഭവിച്ചീടു നീ
മാനസേ ഖേദമുണ്ടാകരുതേതുമേ
ദേഹത്തിനന്തരം വന്നുപോം മുന്നമേ
മോഹിച്ചതാഹന്ത! സാധിച്ചുകൊള്‍ക നീ
ഇന്ദ്രിയങ്ങള്‍ക്കു വംശനാം പുരുഷനു
വന്നീടുമാപത്തു നിര്‍ണ്ണയമോര്‍ത്തുകാണ്‍
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നു കൂടും നിജ സൗഖ്യങ്ങളൊക്കെവേ”
ഇന്ദ്രാരിയാം കുംഭകര്‍ണ്ണോക്തി കേട്ടള-
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാല്‍
” മാനുഷനാകിയ രാമനേയും മറ്റു
വാനരന്മാരെയുമൊക്കെയൊടുക്കി ഞാന്‍
ആശു വരുവനനുജ്ഞയെച്ചെയ്കി”ലെ-
ന്നാശരാധീശ്വരനോടു ചൊല്ലിടിനാന്‍.
Generated from archived content: ramayanam86.html Author: ezhuthachan