യുദ്ധകാണ്ഡം- രാവണാദികളുടെ ആലോചന

അക്കഥനില്‍ക്ക, ദശരഥപുത്രരു-
മര്‍ക്കാത്മജാദികളായ കപികളും
വാരാന്നിധിക്കു വടക്കേക്കര വന്നു
വാരിധിപോലെ പരന്നോരനന്തരം
ശങ്കാവിഹീനം ജയിച്ചു ജഗത്ത്രയം
ലങ്കയില്‍ വാഴുന്ന ലങ്കേശ്വരന്‍ തദാ
മന്ത്രികള്‍തമ്മെ വരുത്തി വിരവോടു
മന്ത്രനികേതനം പുക്കിരുന്നീടിനാന്‍
ആദിതേയാസുരേന്ദ്രാദികള്‍ മരു
താതൊരു കര്‍മ്മങ്ങള്‍ മാരുതി ചെയ്തതും
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍
മന്ത്രികളോടു കേള്‍പ്പിച്ചാനവസ്ഥകള്‍
” മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങ-
ളാരുമറിയാതിരിക്കയുമില്ലല്ലോ
ആര്‍ക്കും കടക്കരുതാതൊരു ലങ്കയി-
ലുക്കോടു വന്നകം പുക്കോരു വാനരന്‍
ജാനകിതന്നെയും കണ്ടു പറഞ്ഞൊരു
ദീനതകൂടതഴിച്ചാനുപവനം
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ
പുത്രനാമക്ഷകുമാരനെയും കൊന്നു
ലങ്കയും ചുട്ടുപൊട്ടിച്ചു സമുദ്രവും
ലംഘനം ചെയ്തൊരു സങ്കടമെന്നിയേ
സ്വസ്ഥനായ്പോയതോര്‍ത്തോളം നമുക്കുള്ളി
ലെത്രയും നാണമാമില്ലൊരു സംശയം
ഇപ്പോള്‍‍ കപികുലസേനയും രാമനു-
മബ്ധിതന്നുത്തരതീരേ മരുവുന്നോര്‍
കര്‍ത്തവ്യമെന്തു നമ്മാലിനിയെന്നതും
ചിത്തേ നിരൂപിച്ചു കല്പ്പിക്ക നിങ്ങളും
മന്ത്രവിശാരദന്മാര്‍ നിങ്ങളെന്നുടെ
മന്ത്രികള്‍ ചൊന്നതു കേട്ടതു മൂലമായ്
വന്നീലൊരാപത്തിനിയും മമ ഹിതം
നന്നായ് വിചാരിച്ചു ചൊല്ലുവിന്‍ വൈകാതെ
എന്നുടെ കണ്ണൂകളാകുന്നതും നിങ്ങ-
ളെന്നിലേ സ്നേഹവും നിങ്ങള്‍ക്കചഞ്ചലം
ഉത്തമം മദ്ധ്യമം പിന്നേതധമവു-
മിത്ഥം ത്രിവിധമായുള്ള വിചാരവും
സാദ്ധ്യമിദ,മിദം ദുസ്സാദ്ധ്യമാ, മിദം
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും
കേട്ടാല്‍ പലര്‍ക്കുമൊരുപോലെ മാനസേ
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ
തമ്മിലന്യോന്യം പറയുന്നനേരത്തു
സമ്മതം മാമാകം നന്നുനന്നീദൃശം
എന്നുറച്ചൊന്നുന്നിച്ചു കല്പ്പിപ്പതുത്തമം
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലുവാന്‍
ഓരോതരം പറഞ്ഞുനങ്ങളുള്ളതു
തീരുവാനായ് പ്രതിപാദിച്ചനന്തരം
നല്ലതിതെന്നെകമത്യമായേവനു-
മുള്ളിലുറച്ചു കല്പ്പിച്ചു പിരിവതു
മദ്ധ്യമമായുള്ള മന്ത്ര, മതെന്നിയേ
ചിത്താഭിമാനേന താന്‍ താന്‍ പറഞ്ഞതു
സാധിപ്പതിന്നു ദുസ്തര്‍ക്കം പറഞ്ഞതു
ബാധിച്ചു മറ്റേവനും പറഞ്ഞീര്‍ഷ്യയാ
കാലുഷ്യചേതാസാ കല്പ്പിച്ചു കൂടാതെ
കാലവും ദീര്‍ഘമായീടും പരസ്പരം
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ
നിന്ദ്യമായുള്ളോന്നധമമതെത്രയും
എന്നാലിവിടെ നമുക്കെന്തു നല്ലതെ-
ന്നൊന്നിച്ചു നിങ്ങള്‍ വിചാരിച്ചു ചൊല്ലുവിന്‍”
ഇങ്ങിനെ രാവണന്‍ ചൊന്നതു കേട്ടള-
വിംഗിതജ്ഞന്മാര്‍ നിശാചരര്‍ ചൊല്ലിനാര്‍:

Generated from archived content: ramayanam85.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here