യുദ്ധകാണ്ഡം – ശ്രീരാമാദികളുടെ നിശ്ചയം

ശ്രീരാമചന്ദ്രന്‍ ഭുവനെകനായകന്‍
താരകബ്രഹ്മാത്മകന്‍ കരുണാകരന്‍
മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി
ലാരൂഢമോദാലരുള്‍ചെയ്തിദാരാല്‍:
” ദേവകളാലുമസാദ്ധ്യമായുള്ളോന്നു
കേവലം മാരുതി ചെയ്തതോര്‍ക്കും വിധൌ
ചിത്തേ നിരൂപിക്കപോലുമശക്യമാ
മബ്ധി ശതയോജനായതമശ്രം
ലംഘിച്ചു രാക്ഷസവീരരേയും കൊന്നു
ലങ്കയും ചുട്ടുപൊട്ടിച്ചിതു വിസ്മയം
ഇങ്ങനെയുള്ള ഭൃത്യന്മാരൊരുത്തനു
മെങ്ങുമൊരുനാളുമില്ലെന്നു നിര്‍ണ്ണയം,
എന്നെയും ഭാനുവംശത്തെയും ലക്ഷ്മണന്‍
തന്നെയും മിത്രാത്മജനെയും കേവലം
മൈഥിലിയെക്കണ്ടുവന്നതുകാരണം
വാതാത്മജന്‍ പരിപാലിച്ചിതു ദൃഡം
അങ്ങനെയായിതെല്ലാ, മിനിയുമുട
നെങ്ങിനേ വാരിധിയെക്കടന്നീടുന്നു?
നക്രമകരചക്രാദി പരിപൂര്‍ണ്ണ
മുഗ്രമായുള്ള സമുദ്രം കടന്നു പോയ്
രാവണനെപ്പടയോടുമൊടുക്കി ഞാന്‍
ദേവിയെയെന്നു കാണുന്നിതു ദൈവമേ!”
രാമവാക്യം കേട്ടു സുഗ്രീവനും പുന
രാമയം തീരുമാറാശു ചൊല്ലിടിനാന്‍:
” ലംഘനം ചെയ്ത സമുദ്രത്തെയും ബത!
ലങ്കയും ഭസ്മീകരിച്ചവിളംബിതം
രാവണന്‍ തന്നെസ്സകുലം കൊലചെയ്തു
ദേവിയെയും കൊണ്ടുപോരുന്നതു കണ്ടു ഞാന്‍
ചിന്തയുണ്ടാകരുതേതുമേ മാനസേ
ചിന്തയാകുന്നതു കാര്യവിനാശിനി
ആരാലുമോര്‍ത്താല്‍ ജയിച്ചുകൂടാതൊരു
ശുരരിക്കാണായ വാനരസഞ്ചയം
വഹ്നിയില്‍ ചാടേണമെന്നു ചൊല്ലീടിലും
പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവര്‍.
വാരിധിയെക്കടപ്പാനുപായം പാര്‍ക്ക
നേരമിനിക്കളയാതെ രഘുപതേ!
ലങ്കയില്‍ ചെന്നു നാം പുക്കിതെന്നാകിലോ
ലങ്കേശനും മരിച്ചാനെന്നു നിര്‍ണ്ണയം
ലോകത്രയത്തിങ്കലാരെതിര്‍ക്കുന്നിതു
രാഘവ! നിന്‍ തിരുമുന്‍പില്‍ മഹാരണേ?
അസ്‌ത്രേണ ശോഷണം ചെയ്ത ജലധിയെ
സ്സത്വരം സേതു ബന്ധിക്കിലുമാം ദൃഡം
വല്ല കണക്കിലുമുണ്ടാകാം ജയം തവ
നല്ല നിമിത്തങ്ങള്‍ കാണ്‍കെ രഘുപതേ!
ഭക്തിശക്ത്യന്വിതമിത്രപുത്രോക്തിക
ളിത്ഥമാകര്‍ണ്യ കാകല്‍സ്ഥനും തല്‍ക്ഷണേ
മുമ്പിലമ്മാറു തൊഴുതു നില്‍ക്കും വായു
സംഭവനോടു ചോദിച്ചരുളീടിനാന്‍

ലങ്കാവിവരണം

ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍
ശങ്കാവിഹീനമെന്നോടറിയിക്ക നീ
കോട്ട മതില്‍ കിടങ്ങെന്നിവയൊക്കെവേ
കാട്ടിത്തരികവേണം വചസാ ഭവാന്‍”
എന്നതു കേട്ടു തൊഴുതു വാതാത്മജന്‍
നന്നായ്‌ത്തെളിഞ്ഞുണര്‍ത്തിച്ചരുളിടിനാന്‍
” മദ്ധ്യേ സമുദ്രം തികൂടാചലം വളര്‍
ന്നത്യുന്നതമതിന്‍ മൂര്‍ഗ്ദ്ധനി ലങ്കാപുരം
പ്രാണഭയമില്ലയാത ജനങ്ങള്‍ക്കു
കാണാം കനകവിമാനസമാനമായ്
,വിസ്താരമുണ്ടങ്ങെഴുനൂറുയോജന,
പുത്തന്‍ കനകമതിലതിന്‍ ചുറ്റുമേ
ഗോപുരം നാലുദിക്കിങ്കലുമുണ്ടതി
ശോഭിതമായതിനേഴു നിലകളും
അങ്ങനെതന്നെയതിനുള്‍ലിലുള്ളിലാ
യ്പാങ്ങും മതിലുകളേഴുണ്രൊരുപോലെ
ഏഴിനും നന്നാലു ഗൊപുര പങ്തിയും
ചൂഴവുമായിരുപത്തെട്ടു ഗോപുരം
എല്ലാറ്റിനും കിടങ്ങുണ്ടത്യഗാധമായ്
ചൊല്ലുവാന്‍ വേല യന്ത്രപ്പാലപങ്തിയും
അണ്ടര്‍കോന്‍ ദിക്കിലെ ഗോപുരം കാപ്പതി
നുണ്ടു നിശാചരന്മാര്‍ പതിനായിരം,
ദക്ഷിണഗോപുരം രക്ഷിച്ചു നില്‍ക്കുന്ന
രക്ഷോവരരുണ്ടു നൂറായിരം സദാ
ശക്തരായ്പശ്ചിമഗോപുരം കാക്കുന്ന
നക്തഞ്ചരരുണ്ടു പത്തു നൂറായിരം
ഉത്തരഗോപുരം കാത്തുനില്‍പ്പാനതി
ശക്തരായുണ്ടൊരു കോടി നിശാചരര്‍
ദിക്കുകള്‍ നാലിലുമുള്ളതിലര്‍ദ്ധമു
ണ്ടുഗ്രതയോടു നടുവും കാത്തീടുവാന്‍
അന്തപുരം കാപ്പതിന്നുമുണ്ടത്രപേര്‍
മന്ത്രശാലക്കുണ്ടതിലിരട്ടിജ്ജനം
ഹാടകനിര്‍മ്മിതഭോജനശാലയും
നാടകശാല നടപ്പന്തല്‍ പിന്നെയും
മജ്ജനശാലയും മദ്യപാനത്തിനു
നിര്‍ജ്ജനമായുള്ള നിര്‍മ്മലശാലയും
ലങ്കാവിരചിതാലങ്കാരഭേദമാ
തങ്കാപഹം പറയാവല്ലനന്തനും
തല്പുരം തന്നില്‍ നീളെത്തിരഞ്ഞേനഹം
മല്പിതാവിന്‍ നിയോഗാഗേന ചെന്നേന്‍ ബലാല്‍
പുഷ്പിതോദ്യാനദേശേ മനോമോഹനേ
പത്മജാദേവിയേയും കണ്ടു കൂപ്പിനേന്‍
അംഗുലീയം കൊടുത്താശു ചൂഡാരത്‌ന
മിങ്ങു വാങ്ങിക്കൊണ്ടടയാളവാക്യവും
കേട്ടു വിട വഴങ്ങിച്ചു പുറപ്പെട്ടു
കാട്ടിനേന്‍ പിന്നെക്കുറഞ്ഞോരവിവേകം
ആരാമമെല്ല!ാം തകര്‍ത്തതു കാക്കുന്ന
വീരരെയൊക്കെ ക്ഷണേന കൊന്നീടിനേന്‍
രക്ഷോവരാത്മജനാകിയ ബാലക
നക്ഷകുമാരനവനെയും കൊന്നു ഞാന്‍
എന്നുവേണ്ടാ ചുരുക്കിപറഞ്ഞീടുവന്‍
മന്നവ! ലങ്കാപുരത്തിങ്കലുള്ളതിന്‍
നാലൊന്നു സൈന്യമൊടുക്കി വേഗനേ പോയ്
കാലേ ദശമുഖനെക്കൊണ്ടു ചൊല്ലിനേന്‍
നല്ലതെല്ലാം പിന്നെ രാവണന്‍ കോപേന
ചൊല്ലിനാന്‍ തന്നുടെ ഭൃത്യരോടിപ്പോഴേ
കൊല്ലുക വൈകാതിവനെയന്നേരം
കൊല്ലുവാന്‍ വന്നവരോടു വിഭീഷണന്‍
ചൊല്ലിനാനഗ്രജന്‍ തന്നോടു മാദരാല്‍
‘കൊല്ലുമാറില്ല ദൂതന്മാരെയാരുമേ
ചൊല്ലുള്ള രാജധര്‍മ്മങ്ങളറിഞ്ഞവര്‍
കൊല്ലാതെയക്കടയാളപ്പെടുത്തതു
നല്ലതാകുന്നതെന്നപ്പോള്‍ ദശാനനന്‍
ചൊല്ലില്‍നാന്‍ വാലധിക്കഗ്‌നി കൊളുത്തുവാന്‍’
സസ്‌നേഹവാസസാ പുച്ഛം പൊതിഞ്ഞവ
രഗ്‌നികൊളുത്തിനാരപ്പോളടിയനും
ചുട്ടുപൊട്ടിച്ചേനെഴുന്നൂറു യോജന
വട്ടമായുള്ള ലങ്കാപുരം സത്വരം
മന്നവ! ലങ്കയിലുള്ള പടയില്‍ നാ
ലൊന്നുമൊടുക്കിനേന്‍ ത്വല്‍പ്രസാദത്തിനാല്‍
ഒന്നുകൊണ്ടുമിനിക്കാല വിളംബരം
നന്നല്ല പോക പുറപ്പെടുകാശു നാം.
യുദ്ധ സന്നദ്ധരായ് ബദ്ധരോഷം മഹാ
പ്രസ്ഥാനമാശു കുരു ഗുരുവിക്രമം
സംഖ്യയില്ലാതോളമുള്ള മഹാകപി
സംഘേന ലങ്കാപുരിക്കു ശങ്കോപഹം
ലംഘനം ചെയതു നക്തഞ്ചരനായക
കിങ്കരന്മാരെ ക്ഷണേന പിതൃപതി
കിങ്കരന്മാര്‍ക്കു കൊടുത്തി ദശാനന
ഹുംകൃതിയും തീര്‍ത്തു സംഗരാന്തേ ബലാല്‍
പങ്കജനേത്രയെക്കൊണ്ടുപോരാം വിഭോ!
പങ്കജനേത്ര! പരം പുരുഷ! പ്രഭോ!”

Generated from archived content: ramayanam83.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here