അനിലതനയാംഗദജാംബവദാദിക-
ളഞ്ജസാ സുഗ്രീവഭാഷിതം കേള്‍ക്കയാല്‍
പുനരവരുമതുപൊഴുതു വാച്ച സന്തോഷേണ
പൂര്‍ണ്ണ വേഗം നടന്നാശു ചെന്നീടിനാര്‍
പുകള്‍പെരിയ പുരുഷമണി രാമന്‍ തിരുവടി
പുണ്യപുരുഷന്‍ പുരുഷോത്തമന്‍ പരന്‍
പുരമഥനഹൃദി മരുവുമഖിലജഗദീശ്വരന്‍
പുഷ്ക്കരനേത്രന്‍ പുരന്ദരസേവിതന്‍
ഭുജഗപതിശയനനമലന്‍ ത്രിജഗല്പരി-
പൂര്‍ണ്ണന്‍ പുരുഹൂതസോദരന്‍ മാധവന്‍
ഭുജഗനിവഹാശനവാഹനന്‍ കേശവന്‍
പുഷ്കരപുത്രീരമണന്‍ പുരാതനന്‍
ഭുജഗകുലഭൂഷണാരാധിതാംഘ്രിദ്വയന്‍
പുഷ്കരസംഭവപൂജിതന്‍ നിര്‍ഗ്ഗുണന്‍
ഭുവനപതി മഖപതി സതാം പതി മല്പതി
പുഷ്ക്കരബാന്ധവപുത്രപ്രിയസഖി
ബുധജനഹൃദിസ്ഥിതന്‍ പൂര്‍വ്വദേവാരാതി
പുഷ്ക്കരബാന്ധവവംശസമുത്ഭവന്‍
ഭുജബലവതാം വരന്‍ പുണ്യജനാന്തകന്‍
ഭൂപതി നന്ദനന്‍ ഭൂമിജാവല്ലഭന്‍
ഭുവനതലപാലകന്‍ ഭൂതപഞ്ചാത്മകന്‍
ഭൂരിഭൂതിപ്രദന്‍ പുണ്യജനാര്‍ച്ചിതന്‍
ഭുജഭവകുലാധിപന്‍ പുണ്ഡരീകാനനന്‍
പുഷ്പബാണോപമന്‍ ഭൂരികാരുണ്യവാന്‍
ദിവസകരപുത്രനും സൗമിത്രിയും മുദാ-
ദിഷ്ടപൂര്‍ണ്ണം ഭജിച്ചന്തികേ സന്തതം
വിപിനഭുവി സുഖതരമിരിക്കുന്നതു കണ്ടു
വീണുവണങ്ങീനാര്‍ വായുപുത്രാദികള്‍
പുനരഥ ഹരീശ്വരന്‍ തന്നെയും വന്ദിച്ചു
പൂര്‍ണ്ണമോദം പറഞ്ഞാനഞ്ജനാത്മജന്‍
Generated from archived content: ramayanam81.html Author: ezhuthachan
Click this button or press Ctrl+G to toggle between Malayalam and English