ത്രിത്രിഭുവനവുമുലയെ മുഹരൊന്നലറീടിനാന്‍
തീവ്രനാദം കേട്ടു വാനരസംഘവും,
” കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും
കാര്യമാഹന്ത! സാധിച്ചു വരുന്നിതു.
പവനസുത, നതിനു നഹി സംശയം മാനസേ
പാര്‍ത്തുകാണ്‍കൊച്ച കേട്ടാലറിയാമതും”
കപിനിവഹമിതി ബഹുവിധം പറയും വിധൗ
കാണായിതദ്രിശിരസി വാതാത്മജം
” കപിനിവഹവീരരേ!കണ്ടിതു സീതയെ
കാകല്‍സ്ഥവീരനനുഗ്രഹത്താലഹം
നിശിചരവരാലയമാകിയ ലങ്കയും
നിശ്ശെഷമുദ്യാനവും ദഹിപ്പിച്ചിതു
വിബുധകുലവൈരിയാകും ദശഗ്രീവനെ
വിസ്മയമാമ്മാറു കണ്ടു പറഞ്ഞിതു.
തഡടിതി ദശരഥസുതനൊടിക്കഥ ചൊല്ലുവാന്‍
ജാംബവദാദികളെ! നടന്നീടുവിന്‍”
അതുപൊഴുതു പവനതനയനെയുമവരാദരി-
ച്ചാലിംഗ്യ ഗാഢമാചുംബ്യ വാലാഞ്ചലം
കുതുകമൊടു കപിനിചയമനിലജനെ മുന്നിട്ടു
കൂട്ടമിട്ടാര്‍ത്തു വിളീച്ചു പോയീടിനാര്‍.
പ്ലവഗകുലപരിവൃഢരുമുഴറി നടകൊണ്ടു പോയ്
പ്രസ്രവണാചലം കണ്ടു മേവീടിനാര്‍.
കുസുമദലഫലമധുലതാതരുപൂര്‍ണ്ണമാം
ഗുല്മസമാവൃതം സുഗ്രീവപാലിതം
ക്ഷുധിതപരിപീഢിതരായ കപികുലം
ക്ഷുദ്വിനാശാര്‍ത്ഥമാര്‍ത്ത്യാ പറഞ്ഞീടിനാര്‍
” ഫലനികരസഹിതമിഹ മധുരമധുപൂരവും
ഭക്ഷിച്ചു ദാഹവും തീര്‍ത്തു നാമൊക്കെവേ
തരണിസുതസവിധമുപഗമ്യ വൃത്താന്തങ്ങള്‍
താമസം കൈവിട്ടുണര്‍ത്തിക്ക സാദരം
അതിനനുവദിച്ചരുളണേ ” മെന്നാശപൂ-
ണ്ടംഗദനോടപേക്ഷിച്ചോരനന്തരം
അതിനവനുമവരൊടുടനാജ്ഞയെച്ചെയ്കയാ
ലാശു മധുവനം പൂക്കിതെല്ലാവരും
പരിചൊടതിമധുരമധുപാനവും ചെയ്തവര്‍
പക്വഫലങ്ങള്‍ ഭക്ഷിക്കും ദശാന്തരെ
ദധിമുഖനുമനിശമതു പാലായനം ചെയ് വിതു
ദാനമാനേന സുഗ്രീവസ്യ ശാസനാല്‍
ദധിവദനവചനമൊടു നിയതമതു കാക്കുന്ന
ദഢധരന്മാരടുത്തു തടുക്കയാല്‍
പവനസുതമുഖകപികള്‍ മുഷ്ടിപ്രഹാരേണ
പാഞ്ഞാര്‍ ഭയപ്പെട്ടവരുമതിദ്രുതം.
ത്വരിതമഥ ദധിമുഖനുമാശു സുഗ്രീവനെ-
ത്തൂര്‍ണ്ണമാലോക്യ വൃത്താന്തങ്ങള്‍ ചൊല്ലിനാന്‍:
” തവ മധുവനത്തിന്നു ഭംഗം വരുത്തിയാര്‍
താരേയനാദികളായ കപിബലം
സുചിരമതു തവ കരുണയാ പരിപാലിച്ചു
സുസ്ഥിരമാധിപത്യേന വാണേനഹം
വലമഥനസുതതനയനനാദികളൊക്കെവേ
വന്നു മല്‍ഭൃത്യജനത്തേയും വെന്നുടന്‍
മധുവനവുമിതുപൊഴുതഴിച്ചിതെ”ന്നിങ്ങനെ
മാതുലവാക്യമാകര്‍ണ്യ സുഗ്രീവനും
നിജമനസി മുഹരപി വളര്‍ന്ന സന്തോഷേണ
നിര്‍മ്മലാത്മാരാമനോടു ചൊല്ലീടിനാന്‍;
” പവനതനയാദികള്‍ കാര്യവും സാധിച്ചു
പാരം തെളിഞ്ഞു വരുന്നിതു നിര്‍ണ്ണയം
മധുവനതല്ലയെന്നാകിലെന്നെബ്ബഹു
മാനിയാതേ ചെന്നു കാണ്‍കയില്ലാരുമേ
അവരെ വിരവൊടു വരുവതിന്നു ചൊല്ലങ്ങുചെ-
ന്നാത്മനി ഖേദിക്കവേണ്ടാ വൃഥാ ഭവാന്‍”
അവനുമതു കേട്ടുഴറിച്ചെന്നു ചൊല്ലീടിനാ
നജ്ഞനാപുത്രാദികളോടു സാദരം”
Generated from archived content: ramayanam80.html Author: ezhuthachan
Click this button or press Ctrl+G to toggle between Malayalam and English