സുന്ദരകാണ്ഡം- ലങ്കാദഹനം (തുടര്‍ച്ച)

പരധനവുമമിതപരദാരങ്ങളും ബലാല്‍
പാപി ദശാസ്യന്‍ പരിഗ്രഹിച്ചന്‍ തുലോം
അറികിലനുചിതമതു മദേന ചെയ്തീടായ്‌വി-
നാരു, മതിന്റെ ഫല‍മിതു നിര്‍ണ്ണയം.
മനുജതരുണിയെയൊരു മഹാപാപി കാമിച്ചു
മറ്റുള്ളവര്‍ക്കുമാപത്തായിങ്ങനെ.
സുകൃതദുരിതങ്ങളും കാര്യമകാര്യവും
സൂക്ഷിച്ചു ചെയ്തുകൊള്ളേണം ബുധ ജനം
മദശരപരവശതയൊടു ചപലനായിവന്‍
മാഹാത്മ്യമുള്ള പതിവ്രതമാരെയും
കരബലമൊടനുദിനമണഞ്ഞു പിടിച്ചതി-
കാമി ചാരിത്രഭംഗം വരുത്തീടിനാന്‍.
അവര്‍ മനസി മരുവിന തപോമയപാവക-
നദ്യ രാജ്യേ പിടിപെട്ടിതു കേവലം’‘
നിശി ചരികള്‍ ബഹുവിധമൊരോന്നേ പറകയും
നില്‍ക്കും നിലയിലേ വെന്തു മരിക്കയും
ശരണമിഹ കിമിതി പലവഴിയുമുടനോടിയും
ശാഖികള്‍ വെന്തു മുറിഞ്ഞുടന്‍ വീഴ്കയും
രഘുകുലവരേഷ്ടദൂതന്‍ ത്രിയാമാചര-
രാജ്യ മെഴുനൂറുയോജനയും ക്ഷണാല്‍
സരസബഹുവിഭവയുതഭോജനം നല്‍കിനാന്‍
സന്തുഷ്ടനായിതു പാവകദേവനും
ലഘുതരമനിലതനയനമൃതനിധിതന്നിലേ
ലാംഗുലവും തച്ചു തീ പൊലിച്ചീടിനാന്‍
പവനജനു ദഹനനപി ചുട്ടതില്ലേതുമേ
പാവകനിഷ്ടസഖിയാകകാരണം
പതിനിരതയാകിയ ജാനകിദേവിയാല്‍
പ്രാര്‍ത്ഥിതനാകയാലും കരുണാവശാല്‍
അവനിതനയാകൃപാവൈഭവമത്ഭുത-
മത്യന്ത ശീതളനായിതു വഹ്നിയും.
രജനിചരകുലവിപിനപാവകനാകിയ
രാമനാമസ്മൃതികൊണ്ടു മഹാജനം
തനയധനദാരമോഹാര്‍ത്തരെന്നാകിലും
താപത്രയാനലനെക്കടന്നിടുന്നു.
തദഭിമതകാരിയായുള്ള ദൂതന്നു സ-
ന്താപം പ്രകൃതാലേന ഭവിക്കുമോ?
ഭവതി യദി മനുജ്ജനനം ഭൂവി സാമ്പ്രതം
പങ്കജലോചനനെബ്ഭജിച്ചീടുവിന്‍.
ഭുവനപതി ഭുജഗപതിശയനഭജനം ഭുവി
ഭൂതദൈവാത്മസംഭൂതതാപാപഹം
തദനു കപികുലവരനുമവനിതനയാപദം
താണുതൊഴുതു നമസ്കൃത്യ ചൊല്ലിനാന്‍
’‘ അഹമിനിയുമുഴറി നടകൊള്ളുവനക്കരെ-
യ്ക്കാജ്ഞാപയാശു ഗച്ഛാമി രാമാന്തികം
രഘുവരനുമവരജനുമരുണജനുമായ് ദ്രുത-
മാഗമിച്ചീടുമനന്തസേനാസമം
മനസി തവ ചെറുതു പരിതാപമുണ്ടാകൊലാ
മത്ഭരം കാര്യമിനി ജ്ജനകാത്മജേ!’‘
തൊഴുതമിതവിനയമിതി ചൊന്നവന്‍ തന്നോടു
ദു:ഖമുള്‍ക്കൊണ്ടു പറഞ്ഞിതു സീതയും.

Generated from archived content: ramayanam78.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English