സുന്ദരകാണ്ഡം (തുടര്‍ച്ച)

അതിനുമിതു പൊഴുതിലൊരു കാരണമുണ്ടു കേ-
ളദ്യ ഹിതം തവ വക്തുമുദ്യുക്തനായ്
അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റമു-
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം.
അതു ജഗതി കരുതു കരുണാത്മനാം ധര്‍മ്മമെ-
ന്നാത്മാപദേശമജ്ഞാനിനാം മോക്ഷദം.
മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാന്‍
മഗ്നനായീടൊലാ മോഹമഹാം ബുധൌ
ത്യജ മനസി ദശവദന! രാക്ഷസീംബുദ്ധിയെ-
ദ്ദൈവീംഗതിയെസ്സമാശ്രയിച്ചീടു നീ
അതു ജനനമരണഭയനാശിനി നിര്‍ണ്ണയ-
മന്യമായുള്ളതു സംസാരകാരിണി.
അമൃതഘന വിമലപരമാത്മ ബോധോചിത
മത്യുത്തമാന്വയോല്‍ഭൂതനല്ലോ ഭവാന്‍
കളക തവ ഹൃദി സപദി തത്ത്വബോധേന നീ
കാമകോപദ്വേഷലോഭമോഹാദികള്‍
കമലഭവസുതതനയനന്ദനനാകയാല്‍
കര്‍ബുരഭാവം പരിഗ്രഹിയായ്ക നീ
ദനുജ സുരമനുജഖഗമൃഗഭുജഗഭേദേന
ദേഹാത്മബുദ്ധിയെസ്സംത്യജിച്ചീടു നീ
പ്രകൃതിഗുണപരവശതയാ ബദ്ധനായ്‌വരും
പ്രാണദേഹങ്ങളാത്മാവല്ലറികെടോ!
അമൃതമയനജനമലനദ്വയനവ്യയ-
നാനന്ദപൂര്‍ണ്ണനേകന്‍ പരന്‍ കേവലന്‍
നിരുപമനമേയനവ്യക്തന്‍ നിരാകുലന്‍
നിര്‍ഗുണന്‍ നിഷ്കളന്‍ നിര്‍മ്മമന്‍ നിര്‍മ്മലന്‍
നിയമപരനിലയനനനന്തനാദ്യന്‍ വിഭു
നിത്യന്‍ നിരാകാരനാത്മാ പരബ്രഹ്മം
വിധി ഹരിഹരാദികള്‍ക്കും തിരിയാതവന്‍
വേദാന്തവേദ്യനവേദ്യനജ്ഞാനിനാം
സകലജഗദിദമറിക മായാമയം വിഭോ!
സച്ചിന്മയം സത്യബോധം സനാതനം
ജഡമഖിലജഗദിദമനിത്യമറിക നീ
ജന്മജരാമരണാദിദു:ഖാന്വിതം.
അറിവതിനു പണി പരമപുരുഷമറിമായങ്ങ-
ളാത്മാനമാത്മനാ കണ്ടു തെളിക നീ
പരമഗതി വരുവതിനു പരമൊരുപദേശവും
പാര്‍ത്തു കേട്ടീടു ചൊല്ലിത്തരുന്നുണ്ടു ഞാന്‍.
അനവരതമകതളിരിലമിതഹരിഭക്തികൊ-
ണ്ടാത്മവിശുദ്ധി വരുമെന്നു നിര്‍ണ്ണയം.
അകമലരുമഘമകലുമളവതിവിശുദ്ധമാ-
യാശു തത്ത്വജ്ഞാനവുമുദിക്കും ദൃഢം.
വിമലതരമനസി ഭഗവത്തത്വവിജ്ഞാന-
വിശ്വാസകേവാലാനന്ദാനുഭൂതിയാല്‍
രജനിചരവനദഹനമന്ത്രാക്ഷരദ്വയം
രാമരാമേതി സദൈവ ജപിക്കയും
രതി സപദി നിജഹൃദി വിഹായ നിത്യം മുദാ
രാമപദധ്യാനമുള്ളിലുറയ്ക്കയും
അറിവു ചെറുതകതളിരിലൊരു പുരുഷനുണ്ടെങ്കി-
ലാലഹന്ത വേണ്ടുന്ന താകയാലാശു നീ
ഭജ ഭവഭയാപഹം ഭക്തലോകപ്രിയം
ഭാനുകോടിപ്രഭം വിഷ്ണുപാദാംബുജം
മധുമഥനചരണസരസിജയുഗളമാശു നീ
മൌഡ്യം കളഞ്ഞു ഭജിച്ചുകൊണ്ടീടെടോ!
കുസൃതികളുമിനി മനസി കനിവൊടു കളഞ്ഞു വൈ-
കുണ്ഠലോകം ഗമിപ്പാന്‍ വഴി നോക്കു നീ
പരധനകളത്ര മോഹേന നിത്യം വൃഥാ
പാപമാര്‍ജ്ജിച്ചു കീഴോട്ടു വീണിടൊലാ
നളിനദലനയനമഖിലേശ്വരം മാധവം
നാരായണം ശരണാഗതവത്സലം
പരമപുരുഷം പരമാത്മാനമദ്വയം
ഭക്തിവിശ്വാസേന സേവിക്ക സന്തതം
ശരണമിതി ചരണകമലേ പതിച്ചീടെടോ!
ശത്രുഭാവത്തെ ത്യജിച്ചു സന്തുഷ്ടനായ്.
കലുഷമനവധി തഡിടിതി ചെയ്തിതെന്നാകിലും
കാരുണ്യമീവണ്ണമില്ല മറ്റാര്‍ക്കുമേ.
രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ
രണ്ടാമതുണ്ടാകയില്ല ജന്മം സഖേ!
സനകമുഖമുനികള്‍ വചനങ്ങളിതോര്‍ക്കെടോ!
സത്യം മയോക്തം വിരിഞ്ചാദി സമ്മതം.

Generated from archived content: ramayanam75.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here