സുന്ദരകാണ്ഡം (തുടര്‍ച്ച)

നിജതനയവചനമിതി കേട്ടു ദശാനനന്‍
നില്‍ക്കും പ്രഹസ്തനോടോര്‍ത്തു ചൊല്ലീടിനാന്‍
‘’ ഇവനിവിടെ വരുവതിനു കാരണമെന്തെന്നു-
മെങ്ങുനിന്നത്ര വരുന്നതെന്നുള്ളതും
ഉപവനവുമനിശമതു കാക്കുന്നവരെയു-
മുക്കോടു മറ്റുള്ള നക്തഞ്ചരരെയും
ത്വരിതമതിബലമൊടു തകര്‍ത്തു പൊടിച്ചതും
തൂമയോടാരുടെ ദൂതനെന്നുള്ളതും
ഇവനൊടിനി വിരവിനൊടു ചോദിക്ക നീ ‘’യെന്നു-
മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനും
പവനസുതനൊടു വിനയനയസഹിതമാദരാല്‍
പപ്രച്ഛ ”നീയാരയച്ചു വന്നു കപേ!
നൃപസദസി കഥയ മമ സത്യം മഹാമതേ!
നിന്നെയയച്ചവിടുന്നുണ്ടു നിര്‍ണ്ണയം
ഭയമഖിലമകതളിരില്‍നിന്നു കളഞ്ഞാലും
ബ്രഹ്മസഭയ്ക്കൊക്കുമിസ്സഭ പാര്‍ക്ക നീ
അനൃതവചനവുമലമധര്‍മ്മകര്‍മ്മങ്ങളു-
മത്ര ലങ്കേശരാജ്യത്തിങ്കലില്ലെടോ!’‘
നിഖിലനിശിചരകലബലാധിപന്‍ ചോദ്യങ്ങള്‍‍
നീതിയോടേ കേട്ടവായുതനയനും
മനസിരഘുകുലവരനെ മുഹരപി നിരൂപിച്ചു
മന്ദഹാസേന മന്ദേതരം ചൊല്ലിനാന്‍:
‘’ സ്ഫുടവചനമതിവിശദമിതി ശൃണു ജളപ്രഭോ!
പൂജ്യനാം രാമദൂതന്‍ ഞാനറിക നീ
ഭുവനപതി മമ പതി പുരന്ദരപൂജിതന്‍
പുണ്യപുരുഷന്‍ പുരുഷോത്തനന്‍ പരന്‍
ഭുജഗകുലപതിശയനനമലനഖിലേശ്വരന്‍
പൂര്‍വ്വദേവാരാതി ഭക്തിമുക്തിപ്രദന്‍
പുരമഥനഹൃദയമണിനിലയനനിവാസിയാം
ഭൂതേശസേവിതന്‍ പഞ്ചഭൂതാത്മകന്‍
ഭുജഗകുലരിപുമണിരഥദ്ധ്വജന്‍ മാധവന്‍
ഭൂപതി ഭൂതിവിഭൂഷണസമ്മിതന്‍
നിജ്ജനകവചനമതു സത്യമാക്കീടുവാന്‍
നിര്‍മ്മലന്‍ കാനനത്തീന്നു പുറപ്പെട്ടു
ജനകജയുമവരജനുമായ്മരുവുന്നനാള്‍‍
ചെന്നു നീ ജാനകിയെക്കട്ടുകൊണ്ടീലേ?
തവ മരണമിഹ വരുവതിന്നൊരു കാരണം
താമരസോത്ഭവകല്‍പ്പിതം കേവലം
തദനു ദശരഥതനയനും മതംഗാശ്രമേ
താപേന തമ്പിയുമായ് ഗമിച്ചീടിനാന്‍
തപനതനയനൊടനസാക്ഷിയായ് സഖ്യവും
താത്പര്യമുള്‍ക്കൊണ്ടു ചെയ്തോരനന്തരം
അമരപതിസുതനെ യൊരു ബാണേന കൊന്നുട-
നര്‍ക്കാത്മജന്നു കിഷ്ക്കിന്ധയും നല്‍കിനാന്‍
അടിമലരിലവനമനമഴകിനൊടു ചെയ്തവ-
ന്നാധിപത്യം കൊടുത്താധി തീര്‍ത്തീടിനാന്‍
അതിനവനുമവനിതനയാന്വേഷണത്തിനാ-
യാശകള്‍ തോറുമേകൈകനൂറായിരം
പ്ലവഗകുലപരിവൃഢരെ ലഘുതരമയച്ചതി-
ലേകനഹമിഹ വന്നു കണ്ടീടിനേന്‍
വനജവിടപികളെയുടനുടനിഹ തകര്‍ത്തതും
വാനരവംശപ്രകൃതിശീലം വിഭോ!
ഇകലില്‍ നിശിചരവരരെയൊക്കെ മുടിച്ചതു
മെന്നെ വധിപ്പതിനായ് വന്ന കാരണം
മരണഭയമകതളിരിലില്ലയാതേ ഭൂവി
മറ്റൊരു ജന്തുക്കളില്ലെന്നു നിര്‍ണ്ണയം
ദശവദന! സമരഭൂവി ദേഹരക്ഷാര്‍ത്ഥമായ്
ത്വല്‍ഭൃത്യവര്‍ഗ്ഗത്തെ നിഗ്രഹിച്ചേനഹം
ദശനിയുതശതവയസി ജീര്‍ണ്ണമെന്നാകിലും
ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്ക നീ
തവതനയകരഗളിതവിധിവിശിഖപാശേന
തത്ര ഞാന്‍ ബദ്ധനായേനൊരു കാല്‍ക്ഷണം
കമലഭവമുഖസുരവരപ്രഭാവേന മേ
കായത്തിനേതുമേ പീഢയുണ്ടായ് വരാ
പരിഭവവുമൊരുപൊഴുതു മരണവുമകപ്പെടാ
ബദ്ധഭാവേന വന്നീടിനേനത്ര ഞാന്‍.

Generated from archived content: ramayanam74.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here