ഹനുമാന്‍ രാവണ സന്നിധിയില്‍

ദശവദനസുതനിലതനയനെ നിബന്ധിച്ച
തന്‍പിതാവിന്‍ മുമ്പില്‍ വെച്ചു വണങ്ങിനാന്‍.
പവനജനു മനസിയൊരു പീഢയുണ്ടായീല
പണ്ടു ദേവന്മാര്‍ കൊടുത്ത വരത്തിനാല്‍
നളിനദളനേത്രനാം രാമന്തിരുവടി-
നാമാമൃതം ജപിച്ചിടും ജനം തദാ
അമലഹൃദി മധുമഥനഭക്തിവിശുദ്ധരാ-
യജ്ഞാനകര്‍മ്മകൃതബന്ധനം ക്ഷണാല്‍
സുചിരവിരചിതമപി വിമച്യ ഹരിപദം
സുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം
രഘുതിലകചരണയുഗമകതളിരില്‍ വെച്ചൊരു
രാമദൂതന്നു ബന്ധം ഭവിച്ചീടുമോ
മരണജനിമയവികൃതിബന്ധമില്ലാതോര്‍ക്കു
മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം?
കപടമതികലിതകരചരണവിവശത്വവും
കാട്ടിക്കിടന്നുകൊടുത്തോരനന്തരം
പലരുമതി കുതുകമൊടു നിശിചരരണഞ്ഞുടന്‍
പാശഖണ്ഡേന ബന്ധിച്ചതു കാരണം
ബലമിയലുമമരിപു കെട്ടിക്കിടന്നെഴും
ബ്രഹ്മാസ്ത്രബന്ധനം വേര്‍പെട്ടിതപ്പോഴേ
വ്യഥയുമവനകതളിരിലില്ലയെന്നാകിലും
ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവന്‍
നിശിചരരെടുത്തുകൊണ്ടാര്‍ത്തു പോകുംവിധൗ
നിശ്ചലനായ്ക്കിടന്നാന്‍ കാര്യഗൗരവാല്‍
അനിലജനെ നിശിചരകലാധിപന്മുമ്പില്‍ വെ-
ച്ഛാദിതേയാധിപാരാതി ചൊല്ലീടിനാന്‍
‘’ അമിതനിശിചരവരരെ രണശിരസി കൊന്നവ-
നാശു വിരിഞ്ചാസ്ത്രബദ്ധനായിടിനാന്‍
ജനക തവ മനസി സചിവന്മാരുമായിനി-
ച്ചെമ്മേ വിചാര്യ കാര്യം നീ വിധിയതാം
പ്ലവഗകുലവരനറിക സാമാന്യനല്ലിവന്‍
പ്രത്യര്‍ത്ഥിവര്‍ഗ്ഗത്തിനെല്ലാമൊരന്തകന്‍’‘

Generated from archived content: ramayanam73.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here