അമരപതിജിത മമിതബലസഹിതമാത്മജ
മാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍
”പ്രിയതനയ!ശൃണു വചനമിഹ തവ സഹോദരന്‍
പ്രേതാധിപാലയം പുക്കതു കേട്ടീലേ?
മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ
മാര്‍ത്താണ്ടജാലയത്തിന്നയച്ചീടുവാന്‍
ത്വരിതമഹതു ബലമോടു പോയീടുവന്‍
ത്വല്‍ക്കനിഷ്ഠോദഹം പിന്നെ നല്‍കീടുവന്‍”
ഇതി ജനകവചനമലിവോടു കേട്ടാദരാ-
ലിന്ദ്രജിത്തും പറഞ്ഞീടിനാന്‍ തത്ക്ഷണേ
‘’ത്യജ മനസി ജനക! തവ ശോകം മഹാമതേ!
തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കെവേ
മരണവിരഹിതനവനതിന്നില്ല സംശയം
മറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ?
ഭയമവനു മരണകൃതമില്ലെന്നു കാണ്‍കില്‍ ഞാന്‍
ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചുകൊണ്ടീടുവന്‍
ഭുവനതലമഖിലമരവിന്ദോത്ഭവാദിയാം
പൂര്‍വദേവാരികള്‍ തന്ന വരത്തിനാല്‍
വലമഥനമപിയുധി ജയിച്ച നമ്മോടൊരു
വാനരന്‍ വന്നെതിരിട്ടതുമത്ഭുതം
അതു കരുതുമളവിലിഹ നാണമാമെത്രയും
ഹന്തുമശക്യോപി ഞാനവിളംബിതം
കൃതിഭിരപി നികൃതിഭിരപി ഛത്മനാപി വാ
കൃച്ഛ് റേണ ഞാന്‍ ത്വത്സമീപേ വരുത്തുവന്‍
സപദി വിപദുപഗതമിഹ പ്രമദാകൃതം
സമ്പദ്വിനാശകരം പരം നിര്‍ണ്ണയം
സസുഖമിഹ നിവസമയി ജീവതി ത്വം വൃഥാ
സന്താപമുണ്ടാകരുതു കരുതു മാം”
ഇതി ജനകനൊടു നയഹിതങ്ങള്‍ സൂചിച്ചുട
നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ്
രഥകവചവിശിഖധനുരാദികള്‍ കൈക്കൊണ്ടു
രാമദൂതം ജേതുമാശു ചെന്നീടിനാന്‍
ഗരുഡനിഭനഥ ഗഗനമുല്പതിച്ചീടിനാന്‍
ഗര്‍ജ്ജനപൂര്‍വകം മാരുതി വീര്യവാന്‍
ബഹുമതിയുമകതളിരില്‍ വന്നു പരസ്പരം
ബാഹുബലവീര്യവേഗങ്ങള്‍ കാണ്‍കയാല്‍
പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു
പാകാരിജിത്തായ പഞ്ചാസ്യവിക്രമന്‍
അഥ സപദി ഹൃദി വിശിഖമെട്ടുകൊണ്ടെയ്തു മ-
റ്റാറാറു ബാണം പദങ്ങളിലും തഥാ
ശിതവിശിഖമധികതരമൊന്നു വാല്‍ മേലെയ്തു
സിംഹനാദേന പ്രപഞ്ചം കുലുക്കിനാന്‍
തദനു കപികുലതിലകനമ്പുകൊണ്ടാര്‍ത്താനായ്
സ്തംഭേന സുതനെക്കൊന്നിതു സത്വരം
തുരഗയുതരഥവുമഥ തഡടിതി പൊടിയാക്കിനാന്‍
ദൂരത്തു ചാടിനാന്‍ മേഘനിനാദനും
അപരമൊരു രഥമധികവിത മുടനേറി വ-
നസ്ത്രശസ്ത്രൗഘവരിഷം തുടങ്ങിനാന്‍.
രുഷിതമതി മതിദശവദനതനയശരപാതേന
രോമങ്ങള്‍ നന്നാലു കീറി കപീന്ദ്രനും
അതിനുമൊരു കെടുതിയവനില്ലെന്നു കാണ്‍കയാ-
ലം ഭോജസംഭവബാണമെയ്തീടിനാന്‍
അനിലജനുമതിനെ ബഹുമതിയൊടുടനാദരി-
ച്ചാഹന്ത! മോഹിച്ചു വീണിതു ഭൂതലേ.
Generated from archived content: ramayanam72.html Author: ezhuthachan