ലങ്കാമര്‍ദ്ദനം(ഭാഗം-1)

ചെറുതാകലെയൊരു വിടപിശിഖരവുമമര്‍ന്നവന്‍
ചിന്തിച്ചു കണ്ടാല്‍ മനസി ജിതശ്രമം
‘ പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-
പാടവമുള്ളോരു ദൂതം നിയോഗിച്ചാല്‍
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ
സ്വസ്വാമികാര്യത്തിനന്തരമെന്നിയേ
നിജഹൃദയചതുരതയൊടപരമൊരു കാര്യവും
നീതിയോടെ ചെയ്തുപോമവനുത്തമന്‍
അതിനുമുഹരഹമഖിലനിശിചരകുലേശനെ-
യന്‍പോടു കണ്ടു പറഞ്ഞു പോയീടണം
അതിനു പെരുവഴിയുമിതു സുദൃഢ’ മിതി ചിന്തചെ-
യ്താരാമമൊക്കെപ്പൊടിച്ചുതുടങ്ങിനാന്‍
മിഥിലനൃപമകള്‍ മരുവുമതിവിമലശിംശപാ-
വൃക്ഷമൊഴിഞ്ഞുള്ളതൊക്കെത്തകര്‍ത്തവന്‍
കുസുമദലഫലസഹിതഗുലമവല്ലീതരു-
ക്കൂട്ടങ്ങള്‍ പൊട്ടിയലറിവീഴുംവിധൗ
ജനനിവഹഭയജനനനാദഭേദങ്ങളും
ജംഗമജാതികളായ പതത്രികള്‍
അതിഭയമൊടഖിലദിശിദിശിഖലു പറന്നുട-
നാകാശമൊക്കെപ്പരന്നോരു ശബ്ദവും
രജനിചരപുരിതഡടിതി കീഴ്മേല്‍ മറിച്ചിതു
രാമദൂതന്‍ മഹാവീര്യപരാക്രമന്‍
ഭയമൊടതുപൊഴുതുനിശിചരികളുണര്‍ന്നിതു
പാര്‍ത്തനേരം കപിവീരനെക്കാണായി
‘’ഇവനമിതബലസഹിതനിടിനികരമൊച്ചയു-
മെന്തൊരു ജന്തുവിനെന്തിനു വന്നതും?
സുമുഖി! തവ നികടഭുവി നിന്നു വിശേഷങ്ങള്‍
സുന്ദരഗാത്രി! ചൊല്ലീലയോ ചൊല്ലെടോ
മനസി ഭയമധികമിവനെക്കണ്ടു ഞങ്ങള്‍ക്കു
മര്‍ക്കടാകാരം ധരിച്ചിരിക്കുന്നതും
നിശി തമസി വരുവതിനു കാരണമെന്തു ചൊല്‍
നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ!’‘
‘’രജനിചരകുലരചിതമായകളൊക്കവേ
രാത്രിഞ്ചരന്മാര്‍ക്കൊഴിഞ്ഞറിയാവതോ?
ഭയമിവനെ നികടഭുവി കണ്ടു മന്മാനസേ
പാരം വളരുന്നിതെന്താവതീശ്വരാ!’‘
അവനിമകളവരൊടിതു ചൊന്നനേരത്തവ-
രാശു ലങ്കേശ്വരനോടു ചൊല്ലീടിനാര്‍:
‘’ഒരു വിപിനചരനമിതബലനചലസന്നിഭ-
നുദ്യാനമൊക്കെപ്പൊടിച്ചുകളഞ്ഞിതു
പൊരുവതിനു കരുതിയവനപഗതഭയാകുലം
പൊട്ടിച്ചിതു ചൈതന്യപ്രാസാദമൊക്കവേ
മുസലധരനനിശമതു കാക്കുന്നവരേയും
മുല്പൊട്ടു തച്ചു കൊന്നീടിനാനശ്രമം
ഭുവനമതിലൊരുവരെയുമവനു ഭയമില്ലിഹോ!
പോയീലവനവിടുന്നിനിയും പ്രഭോ!’‘
ദശവദനനിതി രജനിചരികള്‍വചനം കേട്ടു
ദന്ദശുകോപമക്രോധവിവശനായ്
‘’ ഇവനിനിവിടെ നിശി തസി ഭയമൊഴിയെ വന്നവ-
നേതുമെളിയവനല്ലെന്നു നിര്‍ണ്ണയം
നിശിതശരകുലിശമുസലാദ്യങ്ങള്‍ കൈക്കൊണ്ടു
നിങ്ങള്‍ പോകാശു നൂറായിരം വീരന്മാര്‍’‘
നിശിചരകുലാധിപാജ്ഞാകാരന്മാരതി-
നിര്‍ഭയം ചെല്ലുന്നതു കണ്ടു മാരുതി
ശിഖിരകുല മൊടുവനിമുഴുവനിളകും വണ്ണം
സിംഹനാദം ചെയ്തതു കേട്ടു രാക്ഷസര്‍
സഭയതരഹൃദയമഥ മോഹിച്ചു വീണിതു
സംഭ്രമത്തോടടുത്തീടിനാര്‍ പിന്നെയും.

Generated from archived content: ramayanam70.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English