‘ ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു-
മുറ്റവരായിട്ടൊരുത്തനുമില്ല മേ.
മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല
മാനവവീരനുമെന്നെ മറന്നിതു.
കളവനിഹ വിരവിനൊടു ജീവനമദ്യ ഞാന്‍
കാകത്സ്ഥനും കരുണാഹീനനെത്രയും‘
മനസി മുഹരിവ പലതുമോര്‍ത്തു സന്താപേന
മന്ദ മന്ദമെഴുന്നേറ്റുനിന്നാകലാല്‍
തരളതരഹൃദയമൊടു ഭര്‍ത്താരമോര്‍ത്തോര്‍ത്തു
താണുകിടന്നൊരു ശിംശപാശാഖയും
സഭയ പരവശതരള മാലംബ്യ ബാഷ്പവും
സന്തതം വാര്‍ത്തു വിലാപം തുടങ്ങിനാള്‍
പവനസുതനിവ പലവുമാലോക്യ മാനസേ
പാര്‍ത്തു പതുക്കെപ്പറഞ്ഞുതുടങ്ങിനാന്‍
‘’ ജഗദമലനയനരവിഗോത്ര ദശരഥന്‍
ജാതനായാനവന്‍ തന്നുടെ പുത്രരായ്
രതിരമണതുല്യരായ് നാലുപേരുണ്ടിതു
രാമഭരതസൗമിത്രിശത്രുഘനന്മാര്‍
രജനിചരകുലനിധനഹേതുഭൂതന്‍ പിതു
രാജ്ഞയാ കാനനംതന്നില്‍ വാണീടിനാന്‍
ജനകനൃപസുതയുമവരജനുമായ് സാദരം
ജാനകീദേവിയെത്തത്ര ദശാനനന്‍
കപടയതിവേഷമായ്ക്കട്ടുകൊണ്ടീടിനാന്‍
കാണാഞ്ഞു ദു:ഖിച്ചു രാമനും തമ്പിയും
വിപിനഭൂവി വിരവൊടു തിരഞ്ഞുനടക്കുമ്പോള്‍
വീണുകിടക്കും ജടായുവിനെകണ്ടു
പരമഗതി പുനരവനു നല്‍കിയമ്മാല്യവല്‍
പര്‍വ്വതപാര്‍ശ്വേ നടക്കും വിധൗ തദാ
തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു
സത്വരം കൊന്നിതു ശക്രസുതനെയും
തരണിതനയനുമഥ കപീന്ദ്രനായ് വന്നിതു
തല്പ്രത്യുപകാരമാശു സുഗ്രീവനും
കപിവരരെ വിരവിനൊടു നാലു ദിക്കിങ്കലും
കണ്ടു വരുവാനയച്ചോരനന്തരം
പുനരവരിലൊരുവനഹമത്ര വന്നീടിനേന്‍
പുണ്യവാനായ സമ്പാതിതന്‍ വാക്കിനാല്‍
ജലനിധിയുമൊരു ശതകയോജനാവിസ്തൃതം
ചെമ്മേ കുതിച്ചു ചാടിക്കടന്നീടിനേന്‍
രജനിചരപുരിയില്‍ മുഴുവന്‍ തിരഞ്ഞേനഹം
രാത്രിയിലത്ര താതാനുഗ്രഹവശാല്‍
തരുനികരവരമരിയ ശിശപാവൃക്ഷവും
തന്മൂലദേശേ ഭവതിയേയും മുദാ
കനിവിനൊടു കണ്ടു കൃതാര്‍ത്ഥനായേനഹം
കാമലാഭാല്‍ കൃതകൃത്യനായിടിനേന്‍
ഭഗവദനുചരരിലഹമഗ്രേസരന്‍ മമ
ഭാഗ്യമഹോ മമ ഭാഗ്യം ! നമോസ്തുതേ’‘
പ്ലവഗകുലവരനിതി പറഞ്ഞീടിനാന്‍
പിന്നെയിളകാതിരുന്നാരക്ഷണം
‘’ കിമിതി രഘുകുലവരചരിത്രം ക്രമേണ മേ
കീര്‍ത്തിച്ചിതാകാശമാര്‍ഗ്ഗേ മനോഹരം?
പവനൊരു കൃപയൊടു പറഞ്ഞുകേള്‍പ്പിക്കയോ
പാപിയാമെന്നുടെ മാനസഭ്രാന്തിയോ?
സുചിരതരമൊരു പൊഴുതുറങ്ങാത ഞാനിഹ
സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ
സരസതപതിചരിതമാശു കര്‍ണ്ണാമൃതം
സത്യമാായ് വന്നിതാവൂ മമ ദൈവമേ!
ഒരു പുരുഷനിതു മമ പറഞ്ഞുവെന്നാകില-
ത്യുത്തമന്‍ മുമ്പില്‍ മേ കാണായ്‌വരണമേ!’‘
Generated from archived content: ramayanam66.html Author: ezhuthachan